സഊദി പൈതൃകോല്‍സവം സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു

Posted on: February 2, 2017 1:02 pm | Last updated: February 2, 2017 at 1:02 pm

ദമ്മാം: സഊദി ദേശീയ സാംസ്‌കാരിക പൈതൃകോല്‍സവമായ ജനാദിരിയ്യ 31 ഇരു ഹറമുകളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്‍ദര്‍ അബ്ദുല്‍ അസീസ്, ഉല്‍സവ ഉന്നതധികാര കമ്മിറ്റി ചെയര്‍മാനും നാഷനല്‍ ഗാര്‍ഡ് മന്ത്രിയുമായ പ്രിന്‍സ് മിത്അബ് ബിന്‍ അബ്ദുല്ല അബ്ദുല്‍ അസീസ്, നാഷനല്‍ ഗാര്‍ഡ് ജനക്കൂട്ട മാര്‍ഗനിര്‍ദ്ദേശ കാര്യ അണ്ടര്‍ സെക്രട്ടറി പ്രിന്‍സ് ഖാലിദ് അയ്യാഫ് അല്‍ മിഖ്‌രിന്‍, നാഷനല്‍ ഗാര്‍ഡ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ മുഹ്‌സിന്‍ ത്വുവൈജിരി, എന്നിവര്‍ സംബന്ധിച്ചു.  യു.എ.ഇ അഭ്യന്തര മന്ത്രിയും ഉപ പ്രധാന മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്വര്‍ പ്രതിനിധി ശൈഖ് ജാസ്സിം ബിന്‍ ഹമദ് അല്‍ താനി, ഒമാന്‍ പ്രതിനിധി അസദ് ബിന്‍ താരീഖ് അല്‍ സഈദ്, ഈജിപ്ത് സാംസ്‌കാരിക മന്ത്രി ഡോ.ഹില്‍മി അല്‍ നംനാം, അസര്‍ബൈജാന്‍ രാഷ്ട്രീയ സാമൂഹ്യകാര്യ അസിസ്റ്റന്റ് പ്രസിഡന്റ് ഡോ.അലി ഹസനോവ് എന്നിവരും മറ്റു അതിഥികളായെത്തിയ വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാജ്യപ്രതിനിധികളും പങ്കെടുത്തു.

ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് നാഷനല്‍ ഗാര്‍ഡ് മന്ത്രി പ്രിന്‍സ് മിത്അബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. സഊദിയെ ഏകീകരിപ്പിക്കുന്നതിനും ഇന്നത്തെ അവസ്ഥയിലെത്തിക്കുന്നതിനും യത്‌നിച്ച പൂര്‍വ്വികരുടെ ത്യാഗത്തിന്റെ പ്രതിഫലനമാണീ ഉത്സവമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഗസ്റ്റ് ഓഫ് ഓണറായി എത്തിയ ഈജിപ്ത് സാംസ്‌കാരിക മന്ത്രി സഊദിയെയും രാജാവിനെയും പ്രകീര്‍ത്തിച്ചു, നന്ദി അറിയിച്ചു. ഈ വര്‍ഷത്തെ സഊദി കിങ് അബ്ദുല്‍ അസീസ് മെഡല്‍ ഡോ.അഹ്മദ് ബിന്‍ മുഹമ്മദ് അലി, ഡൂ. അബ്ദുല്‍ റഹ്മാന്‍ സാലിഹ് അല്‍ ഷുബലി, സഫിയ ബിന്‍ത് സഈദ് ബിന്‍സഗര്‍ എന്നിവര്‍ക്ക് സല്‍മാന്‍ രാജാവ് സമ്മാനിച്ചു. അനേകം രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. പതിനേഴിനാണ് മേള സമാപിക്കുന്നത്.