Connect with us

Kerala

ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങി. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള സമരം ഉദ്ഘാടനം ചെയ്തു.

പ്രശ്‌നം തുടങ്ങിയ ഉടന്‍ ഇടപെട്ട് തീരുമാനമാക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചില്ല. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തന്നെ സമ്മതിച്ചതാണ്. എല്ലാവരേയും ചര്‍ച്ചക്ക് വിളിക്കാതെ എസ്എഫ്‌ഐയെ മാത്രം വിളിച്ച് കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. അത്തരമൊരു കരാര്‍ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബാധ്യസ്ഥരാണോ മറ്റു വിദ്യാര്‍ഥികളെന്ന് മുരളീധരന്‍ ചോദിച്ചു.

പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമിയുടെ പത്ത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റ് ചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അതേസമയം പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയ ബിജെപി നേതാവ് വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. പകരം വിവി രാജേഷ് നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.