ഇ അഹമ്മദ് ലോകത്തോളം വളര്‍ന്ന നേതാവ്

Posted on: February 2, 2017 8:55 am | Last updated: February 2, 2017 at 8:55 am

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് രാഷ്ട്രീത്തിന്റെ ബാലപാഠം പഠിച്ചും പിന്നെ പഠിപ്പിച്ചും ലോകത്തോളം വളര്‍ന്ന നേതാവാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ അഹ്മദ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനായി തുടങ്ങി മന്ത്രിയും കേന്ദ്രമന്ത്രിയും ഒടുവില്‍ നയതന്ത്ര ബന്ധങ്ങളില്‍ തിളങ്ങി ലോകമലയാളികളുടെ പ്രതീക്ഷയുമായി പരിണമിച്ച അഹ്മദ് ചരിത്രം അടയാളപ്പെടുത്തിയ രാഷ്ട്രീയ പ്രതിഭകളുടെ പട്ടികയിലേക്കാണ് ഇതള്‍ ചേര്‍ന്നത്.
കഠിനാധ്വനവും നിരന്തരമായ ഗൃഹപാഠവും വിപുലമായ സൗഹൃദങ്ങളും ഒരുക്കൂട്ടി കാലം ഊതിക്കാച്ചിയെടുത്തതാണ് അഹ്മദ് എന്ന പൊതു പ്രവര്‍ത്തകനെയെന്ന് നിസ്സംശയം പറയാനാകും. ഖാഇദെമില്ലത്ത് ഇസ്മഈല്‍ സാഹിബ്, അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, ഇബ്‌റാഹീം സുലൈമാന്‍സേട്ട്, ജി എം ബനാത്ത്‌വാല എന്നിവര്‍ക്ക് േശഷം യൂനിയന്‍ ലീഗ് പ്രസിഡന്റ് സ്ഥാനത്തെത്തിയ അഞ്ചാമന്‍ എന്ന വിശേഷണവും അഹമ്മദിന് മാത്രം സ്വന്തമാണ്. ജീവിതത്തിന്റെ ഏറിയ കൂറും നിയമസഭയിലും പാര്‍ലമെന്റിലും കഴിച്ചു കൂട്ടിയ ജനകീയ നേതാവിനെ പാകപ്പെടുത്തിയെടുത്തത് ജീവിത വഴിയിലെ കറപുരളാത്ത പ്രവര്‍ത്തനങ്ങളാണ്. കണ്ണൂരിലെ മഅ്ദിനുല്‍ മദ്‌റസയില്‍ ഓത്തിനു ചേര്‍ന്ന കാലം മുതല്‍ കോയിക്കാന്റെ സ്‌കൂളിലെ പഠനവും പിന്നീടുള്ള കലാലയ ജീവിതങ്ങളുമെല്ലാം എപ്പോഴും ഓര്‍ക്കുകയും പറയുകയും ചെയ്യുന്ന കഴിഞ്ഞ കാലത്തെ ഒരിക്കലും മറക്കാന്‍ കൂട്ടാക്കാത്ത അഹമ്മദിന്റെ കര്‍മവഴികള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കുമുമ്പിലെ പാഠപുസ്തകം തന്നെയാണ്. കുടുംബത്തില്‍ പച്ചപിടിച്ചു നിന്ന രാഷ്ട്രീയത്തിന്റെ തണലില്‍ നിന്ന് തന്നെയാണ് അഹ്മദ് ജനസേവനത്തിനിറങ്ങുന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളിലെയും തലശ്ശേരി മിഷന്‍ ഹൈസ്‌കൂളിലെയും പഠനത്തിന് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളജിലെത്തുന്നതോടെയാണ് ഇഅഹമ്മദ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്. എം എസ് എഫ് പ്രഥമസംസ്ഥാനകമ്മിറ്റിയുടെ ജനറല്‍ സിക്രട്ടറിയായി അഹമ്മദിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ കര്‍മ്മ പാടവം കൊണ്ട് മാത്രമായിരുന്നു. പെരുമാറ്റത്തിലെ ആകര്‍ഷണീയത, പറയുന്ന കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുന്നതിലെ വേഗത, വിവേചന രഹിതമായ പെരുമാറ്റം ഇതെല്ലാം അഹമ്മദിന്റെ പ്രത്യേകതയായി അണികളും നേതൃത്വവും കണ്ടെത്തി. നെഹ്‌റുവിന്റെ ആവശ്യാര്‍ഥം അഹമ്മദിന്റെ പ്രസ്താവനകളുടെ ഇംഗ്ലീഷിലുള്ള രൂപം അന്നത്തെ ഗവര്‍ണര്‍ ബി രാമകൃഷണറാവു പ്രധാനമന്ത്രിക്ക് എത്തിക്കുകയും ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രധാന പഠനം. നിയമപഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ആദ്യം പ്രാക്ടീസ് ചെയ്തത് തലശ്ശേരി ജില്ലാ കോടതിയില്‍.
കുറഞ്ഞ കാലത്തിന് ശേഷം വിശാലമായ ആകാശം ലക്ഷ്യമാക്കി അഹമ്മദ് ഹൈക്കോടതി അഭിഭാഷകനായി. നിയമവിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി സംഘടനയെ പടുത്തുയര്‍ത്തിയ മികവിന് പാര്‍ട്ടി നല്‍കിയ പാരിതോഷികമായിരുന്നു 1967 ലെ കണ്ണൂര്‍ നിയമസഭാ സീറ്റ്.
പിന്നീട് കൊടുവള്ളിയില്‍നിന്നും അതിനുശേഷം തുടര്‍ച്ചയായി മൂന്നുതവണ താനൂരില്‍നിന്നും എം എല്‍ എ ആയി. വ്യവസായമന്ത്രിയും കോര്‍പറേഷന്‍, ബോര്‍ഡ് അധ്യക്ഷനുമായി. അതിനിടയില്‍ കണ്ണൂരില്‍ നഗരസഭാധ്യക്ഷന്റെ കസേരയില്‍ വീണ്ടുമെത്തി. 1991 ല്‍ മഞ്ചേരിയില്‍ നിന്ന് ആദ്യ ലോക്‌സഭാ പോരാട്ടം തുടങ്ങിയ അഹമ്മദിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായ ഏഴു വര്‍ഷം ലോകസഭയില്‍. അഹമ്മദിലെ മിടുക്കും നയതന്ത്രജ്ഞതയും കണ്ടെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. കേരളത്തില്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് തന്നെ ഇന്ദിരാഗാന്ദി അഹമ്മദിനെ തന്റെ പ്രത്യേ ദൂതനായിവിദേശരാജ്യങ്ങളിലേക്കയച്ചിരുന്നു. ഇന്ത്യയുടെ സൗമ്യനായ പ്രതിനിധിയായി അങ്ങനെ അറിയപ്പെട്ട ഈ കണ്ണൂരുകാരന്‍ ഒടുവില്‍ വിദേശകാര്യ സഹമന്ത്രിയുമായി.1991 മുതല്‍ 2014 വരെയുള്ള വിവിധ സമയങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. പൊതു പ്രവര്‍ത്തനത്തിന്റെ നിതാന്ത ജാഗ്രതയുടെ ഭാഗമായിജീവിതത്തിന്റെ ഏറിയകൂറും മറുനാട്ടിലും വിദേശത്തുമാണെങ്കിലും ജന്മനാട്ടില്‍ അദ്ദേഹം ഒരതിഥിയായിരുന്നില്ല. എന്നും ഇവിടെത്തന്നെയുള്ള ഒരാളെപ്പോലെ അതിശയകരമായ സാന്നിധ്യം കണ്ണൂരിലുണ്ടായിരുന്നു. വിശുദ്ധ റമസാന്‍ രാവുകളില്‍ എപ്പോഴും അദ്ദേഹം ജനമനാടായ കണ്ണൂരിലെ താണയിലെ സിതാരയിലെത്തും. ജീവിതത്തിന്റെ കൂടി ഭാഗമായിരുന്ന ദീനുല്‍ഇസ്‌ലാം സഭയുടെ അനാഥമന്ദിരത്തിലെ അന്തേവാസികളോടൊപ്പം വ്രതമുണ്ണാന്‍.