പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ചു; യുവാവും മരിച്ചു

Posted on: February 2, 2017 8:49 am | Last updated: February 2, 2017 at 11:28 am

കോട്ടയം: പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിഞ്ഞ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ചതിനു ശേഷം സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയും മരിച്ചു. എം ജി യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. എസ് എം ഇ മുന്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥി കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസം മംഗലത്ത് സുനിതന്റെ മകന്‍ ആദര്‍ശ് (25), ഇതേ സ്ഥാപനത്തിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് കൃഷ്ണകുമാറിന്റെ മകള്‍ ലക്ഷ്മി (21)എന്നിവരാണ് മരിച്ചത്. സംഭവത്തിനിടെ ഇവരെ രക്ഷിക്കാന്‍ എത്തിയ സുഹൃത്തുക്കളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ആറുമാസത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ അന്യ ജാതിയില്‍പ്പെട്ട യുവാവുമായുള്ള വിവാഹത്തിനു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പിന്നീട് യുവാവ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തതോടെ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ വീണ്ടും ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവാവിനെയും പിതാവിനെയും പോലീസ് വിളിച്ചു വരുത്തി താക്കീത് ചെയ്തു. ഇതിനിടെയാണ് ഇന്നലെ സപ്ലിമെന്ററി പരീക്ഷക്കായി ക്യാമ്പസില്‍ എത്തിയ ആദര്‍ശ് പെണ്‍കുട്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടി താത്പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്ത് പോയ ആദര്‍ശ് ചാലുകുന്നിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളുമായി മടങ്ങിയെത്തി ക്ലാസ് മുറിയില്‍ കയറി ലക്ഷ്മിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു. നിലവിളിച്ചു ലൈബ്രറിയിലേക്ക് ഓടിയ ലക്ഷ്മിയുടെ പിന്നാലെ ആദര്‍ശ് ഓടിയെത്തി. ലൈബ്രറി ഹാളില്‍ വച്ച് ആദര്‍ശ് ദേഹത്ത് സ്വയം പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് ദേഹത്ത് തീകൊളുത്തിയ ശേഷം ലക്ഷ്മിയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈ സമയം ലൈബ്രറിയിലെത്തിയ അശ്വിനും അജ്മലും തടസ്സം പിടിച്ചെങ്കിലും ആദര്‍ശ് പിടിവിട്ടില്ല. ബഹളം കേട്ടെത്തിയ ലക്ഷ്മിയുടെ അധ്യാപകര്‍ തന്നെ ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദര്‍ശിന് 80 ശതമാനം പൊള്ളലും ലക്ഷ്മിക്ക് 60 ശതമാനം പൊള്ളലുമേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും വൈകിട്ടോടെ മരിച്ചു.