Connect with us

Editorial

ബജറ്റെന്ന നടപ്പു രീതി

Published

|

Last Updated

ബജറ്റുകള്‍ രാജ്യത്തെ സംബന്ധിച്ചുള്ള സുപ്രധാന സാമ്പത്തിക പ്രസ്താവനയെന്നാണ് നിര്‍വചനങ്ങളില്‍ കാണുക. എന്നാല്‍, ബജറ്റില്‍ നിന്ന് സാമ്പത്തിക ശാസ്ത്രം ചോര്‍ന്നു പോകുകയും രാഷ്ട്രീയം മുഖ്യ പരിഗണന നേടുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതുകൊണ്ട്, സന്തുലിതമെന്നും നിരുപദ്രവമെന്നും സര്‍വതല സ്പര്‍ശിയെന്നും ഖ്യാതി നേടാനുള്ള കസര്‍ത്തായി ബജറ്റുകള്‍ അധഃപതിക്കുന്നു. പറയേണ്ട, കയ്‌പേറിയ സത്യങ്ങള്‍ പറയാതെ പോകുന്നു. ഊന്നലുകള്‍ക്ക് മെനെക്കടാതിരിക്കുന്നു. നടക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത പ്രഖ്യാപനങ്ങള്‍ നിറച്ച് വെക്കുന്നു.
രാജ്യത്താകെ കെടുതികള്‍ വിതച്ച നോട്ട് നിരോധനത്തിന് ശേഷം വരുന്ന ആദ്യ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഈ ബജറ്റ് സമ്മതിക്കുന്നു. അത്‌കൊണ്ട് തന്നെ ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ അല്‍പ്പമെങ്കിലും ആശ്വാസം പകരാനുള്ള ശ്രമം ബജറ്റിലുടനീളം കാണാം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഇത് രാഷ്ട്രീയമായ അനിവാര്യതയായിരുന്നു താനും. കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും നോട്ട് നിരോധനം ഉണ്ടാക്കിയ സ്തംഭനാവസ്ഥക്ക് പ്രതിക്രിയ ചെയ്യാന്‍ ധനമന്ത്രി ചില പൊടിക്കൈകള്‍ ചെയ്തുവെന്ന് സാമാന്യമായി പറയാം. 1,87,000 കോടി രൂപ കാര്‍ഷിക മേഖലക്കായി നീക്കിവെച്ചതും കാര്‍ഷിക കടാശ്വാസത്തിനും ജലസേചനത്തിനും കാര്‍ഷിക ഉത്പന്ന വിപണനത്തിനും കൂടുതല്‍ തുക വകയിരുത്തിയതും ഇതിന്റെ ഭാഗമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നുമുണ്ട്. 15000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കും, തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വര്‍ധിപ്പിക്കും, ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്ന് ഉയര്‍ത്തും, 10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ഇളവുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളെയും ഈ ദിശയില്‍ കാണേണ്ടതുണ്ട്. എന്നാല്‍ ഉത്പാദന നഷ്ടത്തിന്റെയും കയറ്റുമതി നഷ്ടത്തിന്റെയും കടുത്ത മാന്ദ്യത്തിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ ഇത്രയൊക്കെ മതിയോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ക്ഷേമ മേഖലയില്‍ വലിയ തുക ചെലവിട്ട് മനുഷ്യരുടെ ക്രയശേഷി വര്‍ധിപ്പിക്കുക മാത്രമാണ് നോട്ടു നിരോധം പടര്‍ത്തിയ നിരാശയെ മറികടക്കാനുള്ള പോംവഴി. ആ വഴിയിലേക്ക് ധനമന്ത്രി വന്നില്ലെന്ന് തന്നെ പറയേണ്ടി വരും.
നോട്ട് നിരോധനം കൊണ്ട് നികുതി വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായി എന്ന് നിരന്തരം അവകാശപ്പെടാറുള്ള ധനമന്ത്രി ഇന്ത്യയുടെ നികുതി വലയിലെ ദ്വാരങ്ങളും നികുതി സംവിധാനത്തിന്റെ അപര്യാപ്തതയും എടുത്തുപറയാനാണ് ബജറ്റ് പ്രസംഗത്തില്‍ ശ്രമിച്ചത്. ഇതിനെല്ലാം പരിഹാരമായി മുന്നോട്ട് വെക്കുന്നത് ഡിജിറ്റലൈസേഷനും. ഡെബിറ്റ് കാര്‍ഡുകള്‍ ഉള്ളവരുടെ എണ്ണവും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവവും ഈ പരിഹാരത്തെ ദുര്‍ബലമാക്കുന്നുണ്ട്. ഇത് കൊണ്ടാണ് ആധാര്‍ അധിഷ്ഠിത ഇടപാടുകളിലേക്ക് സര്‍ക്കാര്‍ ജനങ്ങളെ ക്ഷണിക്കുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പാളിയപ്പോള്‍ മുന്നോട്ട് വെച്ച പുതിയ ലക്ഷ്യമായിരുന്നല്ലോ ഡിജിറ്റലൈസേഷന്‍. മൂന്ന് ലക്ഷത്തിന് മുകളില്‍ പണമിടപാട് അനുവദിക്കില്ലെന്ന പ്രഖ്യാപനം നോട്ട് നിരോധനം മറ്റൊരു വിധത്തില്‍ വീണ്ടും അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. ഇത് സ്തംഭനാവസ്ഥയും ഭീതിയും നീക്കി സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുന്നതിന് ഉപകരിക്കില്ല. കഴിഞ്ഞ ബജറ്റിന്റെ റിവൈസ്ഡ് പതിപ്പ് കണക്കിലെടുത്താല്‍ നാമമാത്ര വര്‍ധന മാത്രമാണ് തൊഴിലുറപ്പ് മേഖലയിലടക്കം ഉണ്ടായിട്ടുള്ളത്.
റെയില്‍ ബജറ്റ് ധനകാര്യ ബജറ്റിന്റെ കൂടെയാക്കിയപ്പോള്‍ ആ മേഖലക്ക് ലഭിക്കേണ്ട ഊന്നല്‍ നഷ്ടപ്പെടുകയാണ് ചെയ്തത്. കേരളത്തെ ഇത്തവണയും ബജറ്റ് ക്രൂരമായി തഴഞ്ഞു. എയിംസ് തന്നില്ലെന്നത് മാത്രമല്ല പ്രശ്‌നം. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍, ന്യൂനപക്ഷ, പ്രവാസി ക്ഷേമ പദ്ധതികള്‍, നാണ്യ വിള ഇന്‍ഷ്വറന്‍സ്, ശബരി റെയില്‍ പാത, റെയില്‍വേ സോണ്‍ തുടങ്ങി കേരളം കാലേക്കൂട്ടി മുന്നോട്ട് വെച്ച ഒരു കാര്യത്തിലും ജെയ്റ്റ്‌ലി കനിഞ്ഞില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വരുമ്പോള്‍ ടൂറിസം സോണ്‍ ഒരു പക്ഷേ അനുവദിക്കപ്പെട്ടേക്കാമെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ അതൊന്നും ന്യായമായി കിട്ടേണ്ടതിന്റെ അടുത്തൊന്നും എത്തില്ല.
ധനക്കമ്മി 3.2 ശതമാനത്തില്‍ പിടിച്ചു കെട്ടുമെന്ന പ്രഖ്യാപനം അത്ര ആശാവഹമായ ഒന്നല്ല. ധനമന്ത്രി അവകാശപ്പെടുന്നത് പോലെയാണെങ്കില്‍ രാജ്യത്ത് നാണയപ്പെരുപ്പമില്ല; വിദേശനാണയ ശേഖരം ആവശ്യത്തിനുണ്ട്. അങ്ങനെയെങ്കില്‍ ആവശ്യത്തിന് പണം ചെലവിട്ട് സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വ് നല്‍കുന്നതിന് ഒരു തടസ്സവുമില്ല. അത്‌കൊണ്ട് ജനക്ഷേമ ചെലവിടലില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നുവെന്നാണ് ധനക്കമ്മിപിടിച്ചു നിര്‍ത്തുന്നതിന്റെ ആന്തരാര്‍ഥം. കണക്കുകളും പ്രഖ്യാപനങ്ങളും പ്രതീക്ഷ പകരുകയും പ്രായോഗികതയുടെ കാര്യം വരുമ്പോള്‍ നിരാശയുടെ ഇരുട്ട് സമ്മാനിക്കുകയും ചെയ്യുന്ന ആഭിചാരമായി ഈ ബജറ്റും മാറുന്നുവെന്ന് ചുരുക്കം.