ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പര ഇന്ത്യക്ക്

Posted on: February 2, 2017 8:21 am | Last updated: February 2, 2017 at 9:21 am

ബെംഗളുരു: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ട്വന്റി20 പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ആധിപത്യം സമ്പൂര്‍ണം. ഫൈനലായി മാറിയ മൂന്നാം ടി20യില്‍ ഇന്ത്യ 75 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മത്സരം വരുതിയിലാക്കി മുന്നേറിയ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ എട്ട് റണ്‍സിനിടെ വീഴ്ത്തിയാണ് വിരാട് കോഹ്ലിയും സംഘവും ആവേശകരമായ ജയം കരസ്ഥമാക്കിയത്. പരമ്പര 2-1നാണ് ഇന്ത്യ വരുതിയിലാക്കിയത്.
സ്‌കോര്‍ : ഇന്ത്യ 202/6 ; ഇംഗ്ലണ്ട് 127 (16.3).
യുവ ലെഗ് സ്പിന്നര്‍ യുവേന്ദ്ര ചഹലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. നാല് ഓവറില്‍ 25 റണ്‍സിന് ആറ് വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്. മാന്‍ ഓഫ് ദ മാച്ച് ആയ ചഹല്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ജസ്പ്രീത് ബുംമ്‌റ 2.3 ഓവറില്‍ പതിനാല് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി മികവ് ആവര്‍ത്തിച്ചു. സ്പിന്നര്‍ അമിത് മിശ്ര ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നോവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത ആശിഷ് നെഹ്‌റയാണ് ആദ്യ ഓവര്‍ എറിഞ്ഞത്. ഒരു റണ്‍സ് മാത്രമായിരുന്നു നെഹ്‌റ ആദ്യ ഓവറില്‍ വിട്ടുകൊടുത്തത്. ആദ്യ അഞ്ച് പന്തും ഡോട് ബോളാക്കുവാന്‍ നെഹ്‌റക്ക് സാധിച്ചു. തുടക്കത്തില്‍ തന്നെ ഇംഗ്‌ളണ്ട് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാഴ്ത്താന്‍ നെഹ്‌റക്ക് സാധിച്ചു. രണ്ടാം ഓവര്‍ എറിഞ്ഞത് ചഹലായിരുന്നു ആദ്യ പന്ത് തന്നെ ജാസന്‍ റോയ് റിവേഴ്‌സ് സ്വീപിലൂടെ സിക്‌സര്‍ പറപ്പിച്ചു.
ചഹലിനെ എതിരേറ്റ രീതി ഇംഗ്ലണ്ടിന്റെ അറ്റാക്കിംഗ് മൂഡ് സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ബിലിംഗ്‌സ് (0), ജോ റൂട്ട് (42), ഒയിന്‍ മോര്‍ഗന്‍ (40), സ്‌റ്റോക്‌സ് (6), അലി (2), ജോര്‍ദാന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ചഹല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തു കളഞ്ഞു.
നേരത്തെ ഇന്ത്യന്‍ ബാറ്റിംഗില്‍ സുരേഷ് റെയ്‌ന 63 റണ്‍സടിച്ച് ടോപ്‌സ്‌കോററായി. ധോണി 56 റണ്‍സെടുത്തു.
എന്നാല്‍ യുവരാജ് സിംഗിന്റെ കത്തിയാളലാണ് ഇന്ത്യന്‍ സ്‌കോര്‍ ഇരുനൂറ് കടത്താന്‍ സഹായിച്ചത്. പത്ത് പന്തില്‍ മൂന്ന് സിക്‌സറുകളുടെ സഹായത്തോടെ യുവി 27 റണ്‍സടിച്ചു. റെയ്‌ന അഞ്ച് സിക്‌സറും ധോണി രണ്ട് സിക്‌സറും പറത്തി.