ആവര്‍ത്തിച്ചുള്ള ഉംറക്ക് 2000 റിയാല്‍ ഫീസ്; വഞ്ചിക്കപെടാതിരിക്കാന്‍ അറിയേണ്ടത്

Posted on: February 1, 2017 5:20 pm | Last updated: February 1, 2017 at 5:51 pm
SHARE

ജിദ്ദ: ആവര്‍ത്തിച്ചുള്ള ഉംറ നിര്‍വഹിക്കാനുദ്ദേശിക്കുന്നവരില്‍ നിന്ന് 2000 റിയാല്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സഊദി സര്‍ക്കാറിന്റെ തീരുമാനം നിലവില്‍ വന്നിരിക്കേ അവസരം ചൂഷണം ചെയ്യാന്‍ ചില ട്രാവല്‍ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.

ഒരു വര്‍ഷത്തില്‍ രണ്ട് തവണ ഉംറ നിര്‍വ്വഹിക്കുന്നവരില്‍ നിന്നാണു ഈ ഫീസ് ഈടാക്കുന്നത് എന്നിരിക്കെ കാലങ്ങള്‍ക്ക് മുമ്പ് ഉംറ വിസയില്‍ പോയവര്‍ പുതുതായി അപേക്ഷിക്കുമ്പോള്‍പോലും 2000 റിയാല്‍ ഫീസ് ചോദിക്കുന്ന ട്രാവല്‍സ് ജീവനക്കാര്‍ ഉണ്ടെന്നാണു കേള്‍ക്കുന്നത്.

ഒരു ഉംറ നിര്‍വഹിച്ച് ഒരു വര്‍ഷത്തിനു ശേഷമാണു അടുത്ത ഉംറ നിര്‍വഹിക്കുന്നതെങ്കില്‍ ഫീസ് വേണ്ട എന്നാണു നിയമം എന്നിരിക്കെ ട്രാവല്‍ ഏജന്റുമാരുടെ കെണിയില്‍ പെടാതിരിക്കാന്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശ്ശിക്കുന്നത് തീര്‍ത്ഥാടകരെ സഹായിക്കും.

ഒരാള്‍ ഉമ്ര നിര്‍വ്വഹിക്കാന്‍ 2000 റിയാല്‍ ഫീസ് കൊടുക്കാന്‍ നിര്‍ബന്ധിതനാണോ അല്ലയോ എന്നറിയാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ eservices.haj.gov.sa/
എന്ന ലിങ്കില്‍ പോകുകയാണു ആദ്യ പടി. വെബ്‌സൈറ്റ് തുറന്ന ശേഷം മെനുവില്‍ നിന്ന് വിസ ഫീ എന്‍ ക്വയറി എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നംബറും രാജ്യവും ശേഷം കാണുന്ന ഇമേജിലെ കോഡും എന്റര്‍ ചെയ്താല്‍ അന്വ്വേഷകന്‍ 2000 റിയാല്‍ ഫീസ് കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണെങ്കില്‍ ഫീസ് അടക്കേണ്ടതാണു എന്ന് രേഖപ്പെടുത്തിയിരിക്കും.ഫീസ് അടക്കേണ്ടതില്ലെങ്കില്‍ അടക്കേണ്ടതില്ല എന്നും കാണാം

ട്രാവല്‍ ഏജന്റുമാരുടെ വാക്ക് വിശ്വസിച്ച് പണം നല്‍കുന്നതിനു മുംബ് ഒന്നോ രണ്ടോ മിനിട്ട് മാത്രം സൗദി ഹജ്ജ് ഉമ്ര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശ്ശിച്ച് ഉറപ്പ് വരുത്തിയാല്‍ വന്‍ ധന നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടാം.