ജിദ്ദയില്‍ ഈ വര്‍ഷം അവസാനം പുതിയ എയര്‍പോര്‍ട്ട്

Posted on: February 1, 2017 4:41 pm | Last updated: February 1, 2017 at 4:41 pm

ദമ്മാം: കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തെക്ക് ടെര്‍മിനല്‍ ഈ വര്‍ഷാവസാനം പുതിയ എയര്‍പോര്‍ട്ടിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. സഊദി എയര്‍ലൈനിന്റെ അഭ്യന്തര സേവനവും പുതിയ ടെര്‍മിനലിലേക്ക് മാറും. പൊതുമേഖലയിലേയും മറ്റും എയര്‍ലൈന്‍ കമ്പനികള്‍ക്ക് പുതിയ ടെര്‍മിനലിനെക്കുറിച്ച് പരിശീലനം നല്‍കിക്കഴിഞ്ഞു. ട്രാഫിക് ജാമും ജനത്തിരക്കും കുറക്കാന്‍ തെക്ക് ടെര്‍മിനല്‍ മാറ്റുന്നതോടെ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേകിച്ച് അവധി ദിവസങ്ങളിലെ തിരക്ക് ഗണ്യമായി കുറക്കാനാവും. നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് പുതിയ എയര്‍പോര്‍ട്ട്. കണ്‍വേയര്‍ ബെല്‍റ്റ്, ഇലക്ള്‍ട്രിക് ഷട്ടില്‍, എയര്‍പോര്‍ട്ടിലേക്കുള്ള പാലത്തിലെ വെളിച്ച സംവിധാനം എന്നിവ പൂര്‍ത്തിയായി. അന്തിമ പരിശേധനയും കഴിഞ്ഞു. നുസ്ഹ ഹറൈമനി റോഡുമായി പടിഞ്ഞാറു ഭാഗത്ത് ബന്ധിപ്പിക്കുന്ന മദീന റോഡ് തിരിച്ച് വിടുന്നതിലൂടെ വാഹനങ്ങള്‍ക്ക് ട്രാഫിക്കില്ലാതെ സുഗമമായി സഞ്ചരിക്കാനാവും. ഗതാഗത മന്ത്രിയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി തലവനുമായ സുലൈമാന്‍ അല്‍ ഹംദാന്‍ കഴിഞ്ഞദിവസം നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പുതിയ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു.

105 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്താരമാണ് പുതിയ എയര്‍പോര്‍ട്ടിനുള്ളത്. വ്യതിരിക്തതയിലും ആധുനിക സാങ്കേതിക വിദ്യയിലും ലോകത്തെ മികച്ച എയര്‍പോര്‍ട്ട് എഞ്ചിനിയറിംഗിനുള്ള 2015 ലെ അവാര്‍ഡ് ജിദ്ദയിലെ പുതിയ എയര്‍പോര്‍ട്ടിനാണ് ലഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ എയര്‍ ട്രാഫിക് ടവറും ജിദ്ദയിലാണെന്നത് മറ്റൊരു പ്രത്യേകതയാണ്. 136 മീറ്ററാണ് ഇതിന്റെ ഉയരം. കൂടാതെ 3000 ആരാധകരെ ഉള്‍കൊള്ളുന്ന വലിയ പള്ളി, 80 സെല്‍ഫ് സര്‍വ്വീസ് മെഷീനുകള്‍ക്ക് പുറമെ 220 സേവന കൗണ്ടറുകള്‍, ടെര്‍മിനലുകള്‍ക്കിടയില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ഇലക്ട്രിക് ഷട്ടില്‍ എന്നിവയും പുതിയ എയര്‍പോര്‍ട്ടിനെ മികച്ചതാക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക സംവിധാനം ഉപയോഗിച്ച് നിര്‍മ്മിച്ച ലെഗേജ് കണ്‍വേയര്‍ ബെല്‍റ്റിനു 33 കിലോ മീറ്റര്‍ നീളമുണ്ട്. 8,200 വാഹനങ്ങളെ ഉള്‍ക്കൊള്ളാവുന്ന നാലു നില പാര്‍ക്കിംഗ് സംവിധാനവും എയര്‍പോര്‍ട്ടിലുണ്ട്. ദീര്‍ഘകാല പാര്‍ക്കിംഗ് സംവിധാനമുപയോഗിച്ച് 4,300 വാഹനങ്ങള്‍ നിറുത്തിയിടാനാവും.