ഇ.അഹമ്മദിനോട് അനാദരവ് കാണിച്ച പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ചെന്നിത്തല

Posted on: February 1, 2017 3:39 pm | Last updated: February 2, 2017 at 8:28 am

തിരുവനന്തപുരം: ഇ.അഹമ്മദിനോട് അനാദരവ് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അഹമ്മദിന്റെ നിര്യാണം കണക്കിലെടുത്ത് ബജറ്റ് മാറ്റിവയ്ക്കുന്നതായിരുന്നു ഉചിതം. തികഞ്ഞ അനാദരവാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

മുന്‍കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ഇ അഹമ്മദ് അന്തരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ലമെന്റ് കൂടി ബജറ്റ് അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തെ അപമാനത്തിലാഴ്ത്തിയിരിക്കുകയാണ്. പത്ത് വര്‍ഷം കേന്ദ്രമന്ത്രിയും 26 വര്‍ഷം എംപിയുമായി രാജ്യത്തെ സേവിച്ച അഹമ്മദ് സാഹിബ് മരിച്ചു കിടക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നടത്തികൊണ്ടിരിക്കെയാണ് ഇ അഹമ്മദ് കുഴഞ്ഞു വീഴുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് നടന്നത് മുഴുവന്‍ ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്ന സംഭവങ്ങളായിരുന്നു.
ഇന്നലെ രാത്രി ആര്‍.എം.എല്‍ ആശുപത്രിയിലെ ഇ അഹമ്മദിനെ കേന്ദ്രമന്ത്രി ജിതേന്ദ്രകുമാര്‍ സന്ദര്‍ശിച്ച ശേഷം ഐ.സി.യു വില്‍ നിന്നും ട്രോമാ കെയറിലേക്കു മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് ബുള്ളറ്റിന്‍ പുറത്തുവിട്ടില്ല. വിവരമറിഞ്ഞു മസ്‌കറ്റില്‍ നിന്നെത്തിയ മകള്‍ ഡോ ഫൗസിയ, മകന്‍ നസീര്‍ എന്നിവരെ കാണാന്‍ പോലും അനുവദിച്ചില്ല. അര്‍ധരാത്രി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി , ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ എംപിമാരുമായി ആശുപത്രിയിട്ടും അനിശ്ചിതത്വം

നീട്ടികൊണ്ടുപോകുകയായിരുന്നു. നിരുത്തരവാദിത്വപരമായ ഈ അവസ്ഥ രണ്ടു മണിക്കൂര്‍ നീണ്ടു എന്നത് രാജ്യത്തിനാകെ അപമാനമാണ്. അഹമ്മദ് സാഹിബിന്റെ മക്കള്‍ ഒടുവില്‍ പോലീസില്‍ പരാതി നല്‍കുന്ന ഘട്ടം വരെ എത്തിച്ചു.
പുലര്‍ച്ചെ രണ്ടുമണിയോടെ മരണം പ്രഖ്യാപിക്കുകയായിരുന്നു. ഇ അഹമ്മദിനൊപ്പം മന്ത്രിയും എംപിയുമൊക്കെ ആയിരുന്ന ഞാന്‍ വിവരമറിഞ്ഞ ഉടന്‍ ഡല്‍ഹിയില്‍ എത്തി. മരണത്തോടൊപ്പം താങ്ങാന്‍ കഴിയാത്തതാണ് കേരളത്തിനേറ്റ കടുത്ത അപമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദ് സാഹിബിന്റെ കുടുംബത്തോടും കേരളത്തോടും മാപ്പ് പറയണം. ഇതുകൂടാതെ അങ്ങേയറ്റം വേദനാജനകമായ ഈ സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കണം.
സിറ്റിംഗ് എംപി മരിച്ചാല്‍ സഭചേര്‍ന്നു അനുശോചനം അറിയിക്കുകയും അന്നത്തേക്കു പിരിയുകയും ചെയ്യുന്നതാണ് പാര്‍ലമെന്റ് കീഴ്വഴക്കം. ഐക്യരാഷ്ട്രസഭയില്‍ അടക്കം ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ അഹമ്മദ് സാഹിബിന്റെ മരണശേഷം ആദരവ് അര്‍പ്പിക്കുന്നതിനായി പ്രതിപക്ഷം സമരം ചെയ്യേണ്ട അവസ്ഥ അപലപനീയമാണ്. ലോകരാജ്യങ്ങളുടെ ഇന്ത്യയെ കൂട്ടിയിണക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഇ അഹമ്മദിന്റെ ഓര്‍മകളുടെ മുന്നില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അന്തിമോപചാരം അര്‍പ്പിക്കുന്നു.