തദ്ദേശ സ്വയംഭരണ വകുപ്പിലെ പരാതികള്‍ക്ക് ഇനി ഓണ്‍ലൈന്‍ പരിഹാരം

Posted on: February 1, 2017 3:14 pm | Last updated: February 1, 2017 at 3:14 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ പരാതികള്‍ക്കിനി ഓണ്‍ലൈന്‍ പരിഹാരം. ‘ഫോര്‍ ദ പീപ്പിള്‍’ എന്ന പേരില്‍ സമ്പൂര്‍ണ പൊതുജന പരാതി പരിഹാര വെബ്‌പോര്‍ട്ടലാണ് ഇതിനായി ആരംഭിക്കുന്നത്. എന്‍ ഐ സിയുടെയും ഐ ടി മിഷന്റെയും സാങ്കേതിക സഹായത്തോടെ ആരംഭിക്കുന്ന വെബ് പോര്‍ട്ടല്‍ തദ്ദേശസ്വയംഭരണ സംവിധാനത്തെ സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണെന്ന് ന്ത്രി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതം, അഴിമതി, സേവനങ്ങളില്‍ ഉള്ള കാലതാമസം എന്നിവ സംബന്ധിച്ചുള്ള പരാതികളും നിര്‍ദേശങ്ങളും വെബ്‌പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നല്‍കാം.

ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. പരാതി രേഖപ്പെടുത്തിയാല്‍ പരാതിയുടെ നമ്പര്‍ എസ് എം എസ് ആയി പരാതിക്കാരന്റെ മൊബൈല്‍ നമ്പറില്‍ ലഭിക്കും. ഓണ്‍ലൈനായി ലഭിക്കുന്ന പരാതി ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിക്കുകയും സ്വീകരിച്ച നടപടി ഓണ്‍ലൈനായി പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. സമയബന്ധിതമായി പരാതി പരിഹരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. http//pglsgd.kerala.gov.in എന്ന വെബ്‌സൈറ്റ് ലിങ്കില്‍ നിന്ന് പരാതികള്‍ സമര്‍പ്പിക്കാം.
പരിക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ലഭിച്ച 62 പരാതികളില്‍ 42 എണ്ണവും പരിഹരിച്ചതായി മന്ത്രി പറഞ്ഞു. അവശേഷിക്കുന്നവയില്‍ പത്ത് പരാതികള്‍ പഞ്ചായത്ത് വകുപ്പ് സംബന്ധിച്ചും ഏഴെണ്ണം എല്‍ എസ് ജി ഡി എന്‍ജിനിയറിംഗ് വിഭാഗത്തെ സംബന്ധിച്ചും മൂന്നെണ്ണം നഗരകാര്യ വകുപ്പിനെ സംബന്ധിച്ചുമാണ്.