ഇണകളായ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി

Posted on: February 1, 2017 2:35 pm | Last updated: February 1, 2017 at 2:35 pm
SHARE

തൊടുപുഴ: നിര്‍മാണം നടക്കുന്ന വീടിന്റെ കല്‍ക്കെട്ടില്‍ നിന്ന് മുര്‍ഖന്‍ പാമ്പുകളെ പിടികൂടി. മണക്കാട് കുന്നത്തുപാറ കണ്ടോത്ത് കെ ബി ബിജുവിന്റെ പണി നടക്കുന്ന വീടിന്റെ കരിങ്കല്‍ക്കെട്ടിലായിരുന്ന പാമ്പുകളെ വാവ സുരേഷാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ പയ്യന്നൂരില്‍ നിന്നെത്തിയ സുരേഷ് കെട്ട് പൊളിച്ചാണ് പാമ്പുകളെ പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് വീടിന് സമീപം രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ ഇണചേരുന്നത് ബിജുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അല്‍പ്പം കഴിഞ്ഞപ്പോള്‍ പാമ്പുകള്‍ പുതിയ വീടിന്റെ കരിങ്കല്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് കയറി. അതോടെ വീട്ടുകാര്‍ക്ക് ഭയമായി.
വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെകിലും അവര്‍ വന്ന് നോക്കി മടങ്ങി. പിടികൂടുക അസാധ്യമെന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് വാവ സുരേഷിനെ അറിയിച്ചത്. പയ്യന്നൂരിലായിരുന്ന വാവ സുരേഷ് പുലര്‍ച്ചെ അഞ്ചോടെയാണ് വന്നത്. കരിങ്കല്‍കെട്ട് പൊളിക്കാതെ രക്ഷയില്ലെന്ന സ്ഥിതിയായിരുന്നു. കെട്ടിന്റെ ഇരുഭാഗവും പൊളിച്ചതോടെ പാമ്പുകളെ കണ്ടെത്തി.
അരമണിക്കൂറിലേറെ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പാമ്പുകളെ വാവ സുരേഷ് കൈയിലൊതുക്കി. രണ്ട് മൂര്‍ഖന്‍ പാമ്പുകളെ ഒരുമിച്ച് പിടികൂടിയത് കാണാന്‍ ജനം തിക്കും തിരക്കും കൂട്ടുകയായിരുന്നു.
പിടികൂടിയ പാമ്പുകള്‍ക്ക് അഞ്ചരയടി നീളമുണ്ട്. ആണ്‍മൂര്‍ഖന് എട്ട് വയസും പെണ്‍മൂര്‍ഖന് നാല് വയസും പ്രായമുണ്ടെന്ന് വാവ സുരേഷ് പറഞ്ഞു.
ഇവയെ റാന്നി വനമേഖലയില്‍ തുറന്നു വിടും.