Connect with us

Gulf

സഊദിയില്‍ ശമൂന്‍ ആക്രമണത്തെ തുടര്‍ന്ന് ഇഖാമ പുതുക്കാനാവാതെ പ്രവാസികള്‍

Published

|

Last Updated

ദമ്മാം: തൊഴില്‍ സാമൂഹ്യ വകുപ്പിന്റെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ശമൂന്‍ വൈറസ് തകരാറിലാക്കിയതിനെ തുടര്‍ന്ന് ഇത് വരെയും പുനസ്ഥാപിക്കാനാവാത്തതിനാല്‍ ഇഖാമ പുതുക്കാനോ ഇഷ്യൂ ചെയ്യാനോ ആവാതെ പ്രവാസികള്‍. സ്‌പോണ്‍സര്‍ഷിപ് മാറേണ്ടവരും ദുരിതത്തിലായിരിക്കുകയാണ്. ജനുവരി ഇരുപത്തിമൂന്നിനാണ് ശമൂന്‍ മാല്‍വെയര്‍ ആക്രമണമുണ്ടായത്. തൊഴില്‍ താമസ പെര്‍മിറ്റുകള്‍ മുഴുവനായും ഓണ്‍ലൈന്‍ വഴിയായതിനാല്‍ എപ്പോള്‍ ശരിയായിത്തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. ഒരു ഇഖാമ പുതുക്കുന്നതിന് 650 റിയാല്‍ പാസ്‌പോര്‍ട്ട് വിഭാഗമായ ജവാസാത്തിനും2400 റിയാല്‍ തൊഴില്‍ മന്ത്രാലയത്തിനും അടക്കണം. ജവാസാത്ത് സിസ്റ്റത്തെ വൈറസ് ഏറ്റിട്ടില്ലെങ്കിലും തൊഴില്‍ മന്ത്രാലയം നെറ്റ് വര്‍ക്കിനെ ബാധിച്ച മാല്‍വെയര്‍ ആക്രമണം രാജ്യത്താകെയുള്ള ആവശ്യക്കാരെ വലച്ചിരിക്കുന്നു. അവധി കഴിഞ്ഞും ഇഖാമ പുതുക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ആയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തില്‍ നേരിട്ട് എത്തുന്നവര്‍ക്കും “സിസ്റ്റം ഡൗണ്‍” എന്ന മറുപടിയാണ് കേള്‍ക്കേണ്ടി വരുന്നത്. മാസ്റ്റര്‍ റെക്കോര്‍ഡുകളെ മയ്ച്ച് കളഞ്ഞ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ശമൂന്‍ വൈറസ് ചെയ്യുന്നത്. 2012 ല്‍ സഊദി അറാംകോയുടെ ആയിരക്കണക്കിന് കമ്പ്യൂട്ടര്‍ സിസ്റ്റത്തെ നശിപ്പിച്ച ശമൂന്‍ വൈറസനെക്കുറിച്ച് സഊദി ടെലികോം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇഖാമ പുതുക്കാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികള്‍ പിഴ അടക്കമുള്ള കാര്യങ്ങളില്‍ ഭീതിയിലാണ്.

Latest