Connect with us

Kerala

ഇ അഹമ്മദിന്റെ നിര്യാണം; ലീഗിന് നഷ്ടമായത് ദേശീയ മുഖം

Published

|

Last Updated

കോഴിക്കോട്: ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നിര്യാണത്തിലൂടെ ലീഗിന് നഷ്ടമായത് ദേശീയ മുഖം. മുസ്ലിംലീഗ് സ്ഥാപകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതലുള്ള ലീഗിന്റെ സ്ഥാപക നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ഇ അഹമ്മദ്. കെഎം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സിഎച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ഇ അഹമ്മദ്.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സജീവ രാഷ്ട്രീയത്തിലിറങ്ങിയ അഹമ്മദ് എംഎസ്എഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്ദിരാ ഗാന്ധി മുതല്‍ സോണിയാ ഗാന്ധിവരെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധം കൊണ്ടാണ് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യം, റെയില്‍വേ, മാനവവിഭശേഷി തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിയത്.

അറബ് ലോകവുമായി ഇന്ത്യയുടെ ബന്ധം വളര്‍ത്തുന്നതില്‍ അഹമ്മദ് വിദേശകാര്യ മന്ത്രിയായിരിക്കെ നടത്തിയ ഇടപെടല്‍ വലുതായിരുന്നു. 2004ല്‍ അഹമ്മദ് വിദേശകാര്യ വകുപ്പ് മന്ത്രിയായി എത്തുമ്പോള്‍ 72,000 ആയിരുന്ന ഹജ്ജ് ക്വാട്ട അദ്ദേഹം സ്ഥാനമൊഴിയുമ്പോഴേക്കും 1,70,000 ആയി വര്‍ധിപ്പിച്ചിരുന്നു.

ഒരു അറബ് രാജ്യമല്ലാതിരുന്നിട്ടും അറബ് ലീഗ് സമ്മേളനത്തിലടക്കം ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ലോകരാഷ്ട്ര ഉച്ചകോടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രിയെന്ന ബഹുമതിയും അഹമ്മദിന്റെ പേരിലാണുള്ളത്. ഐക്യരാഷ്ട്രസഭയില്‍ 10 തവണയാണ് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്.

Latest