സമ്പൂര്‍ണതയുടെ രണ്ട് ജീവിതങ്ങള്‍

Posted on: February 1, 2017 6:39 am | Last updated: February 1, 2017 at 2:32 pm

പോയകാലം ഓര്‍ത്തെടുക്കുമ്പോള്‍ ഫലവും തണലുമേകിയിരുന്ന വൃക്ഷം ഇല്ലാതെയായ പ്രതീതിയാണ് ജമലുല്ലൈലി തങ്ങള്‍ എന്ന സയ്യിദ് ഫള്ല്‍ ജമലുല്ലൈലി എന്ന ഉപ്പയുടെ വിടവ് എനിക്ക് നല്‍കുന്നത്. ഇരിപ്പും നില്‍പ്പും കിടപ്പും സൗഹൃദവും തുടങ്ങി ബാപ്പയെന്ന നിലക്ക് മക്കള്‍ ദീനി പരിതസ്ഥിതിയില്‍ ഒതുങ്ങിക്കൂടാന്‍ ചെയ്യേണ്ടതെല്ലാം ശ്രദ്ധിച്ചു ഉപ്പ. ദീനീപരമായ വിഷയങ്ങളില്‍ കടും പിടുത്തമായിരുന്നു. മക്കളോട് സൗഹൃദം കൂടിയിരുന്നുവെങ്കിലും ദീനിന് നിരക്കാത്തത് കണ്ടാല്‍ ഉടനെ തുറന്ന് പറയും. എനിക്ക് മൂന്ന് മക്കളുള്ള പ്രായത്തിലും ഉപ്പ ഗുണദോഷിച്ചത് ഇപ്പോഴുമോര്‍ക്കുന്നു.

എല്ലാ കാര്യങ്ങളിലും ഉപ്പയുടെ പങ്കുണ്ടായിരുന്നു. കൂടിയാലോചിക്കാതെ ഞങ്ങളൊന്നും സ്വന്തമായി തീരുമാനിച്ചില്ല. ഞങ്ങള്‍ ഈ സംഘടനയില്‍ ഉറച്ചുനില്‍ക്കുന്നതിനു പിന്നിലും ഉപ്പയായിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ എനിക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. പിന്നീട് ജാമ്യം കിട്ടി വീട്ടില്‍ വന്നപ്പോള്‍ ഞാനുപ്പയോട് ‘ഇരുകൂട്ടരും സുന്നികളല്ലേ, നാമായിട്ട് വെറുതെയൊരു പ്രശ്‌നത്തിന് നിക്കണോ?’ എന്നു ചോദിച്ചയുടനെ ഉപ്പയുടെ മറുപടി വന്നു. ‘എന്താണൊരു മനംമാറ്റം? ഹഖിന്റെ കൂടെ നിക്കണം. അതിന് കുറച്ച് ഹിമ്മത്ത് വേണ്ടിവരും. ഹഖുള്ളത് ഉള്ളാള്‍ത്തെ ഉപ്പാപ്പാന്റെയും എ പി ഉസ്താദിന്റെയും കൂടെയാണ്. പെരെന്റെ മുമ്പില്‍ തന്നെ അവരാണല്ലോന്ന് കരുതി ഹഖ് ഒഴിവാക്കാന്‍ പറ്റ്വോ?’ ഇത്രയും മതിയായിരുന്നു, ഇടര്‍ച്ചയില്ലാതെ ആ നേതൃത്വത്തിന്റെ പിന്നില്‍ അണിചേരാന്‍ ഞങ്ങള്‍ക്ക്.

ഉപ്പാക്ക് സംഘടനയോടുള്ള കടപ്പാട് ബോധ്യപ്പെടാന്‍ ചേളാരി ഞങ്ങളുടെ തറവാട്ടുവീടിന്റെ മുറ്റത്ത് ഏകദേശം 18 സെന്റ് സ്ഥലത്ത് ഇന്നും സ്ഥിതി ചെയ്യുന്ന ‘പഴയ സമസ്താലയം’ തെളിവാണ്. സമസ്തയുടെ പുനഃസംഘാടനത്തിനുമെത്രയോ മുമ്പ് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സമസ്തക്കൊരു സ്ഥാപനം വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നതായിരുന്നു, ഈയോരു സ്ഥാപന നിര്‍മ്മിതിയുടെ പിന്നിലെ കാര്യം. അത് തന്റെ നാട്ടില്‍ തന്നെയാകണമെന്ന താത്പര്യം മൂലം സ്വന്തം സ്ഥലം ദാനം നല്‍കി സ്ഥാപനം പണിയുക എന്ന കൃത്യത്തിലേക്ക് ഉപ്പയെ നയിച്ചു.
ഞങ്ങളില്‍ ചിലര്‍ ഗള്‍ഫിലുണ്ടായിരുന്ന സമയത്ത് ഉപ്പ കത്തെഴുതാറുണ്ടായിരുന്നു. ആ കത്തുകളില്‍ ദുന്‍യാവ് കടന്നു വരാറേയില്ല, വളരെ അപൂര്‍വമായല്ലാതെ. എന്നാല്‍ നിസ്‌കാരത്തെ കുറിച്ചും വസ്ത്രധാരണയെ കുറിച്ചും സ്വഭാവശുദ്ധീകരണത്തെ കുറിച്ചുമുള്ള സദുപദേശമായിരുന്നു ഉടനീളം ഉണ്ടായിരുന്നത്. ജീവിതത്തിന്റെ ഓരോ ഏടിലേയും പാകപ്പിഴവുകളെ അപ്പപ്പോള്‍ വെട്ടിത്തിരുത്തിയ നല്ലൊരു എഡിറ്ററായിരുന്നു അവിടുന്ന്.

ഉപ്പയിലൂടെയാണ് സയ്യിദ് സ്വാലിഹ് ജമലുല്ലൈലി എന്ന (നൊസ്സന്‍ തങ്ങള്‍ എന്നറിയപ്പെട്ട) വല്ല്യുപ്പയെ മനസ്സിലാക്കുന്നത്. വല്ല്യുപ്പ മജ്ദൂബായതു കൊണ്ട്, ഉപ്പാക്ക് തന്റെ ആവശ്യങ്ങള്‍ സ്വന്തമോ അല്ലെങ്കില്‍ മറ്റാരെങ്കിലും മുഖേനയോ ചെയ്യേണ്ടതായി വന്നു. പക്ഷേ, അതിന്റെ പേരില്‍ ഉപ്പാക്ക് ഒരിക്കലും പരിഭവമില്ലായിരുന്നു. എന്നാല്‍ മകനെ സംരക്ഷിക്കാന്‍ തനിക്കാകില്ല എന്ന് മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ട് തന്നെ ജ്യേഷ്ഠസഹോദരനായ മാനു തങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു.
മഹാനരുടെ ജീവിതം മൊത്തം അത്ഭുതകരമായിരുന്നു, കുട്ടിക്കാലം മുതലേ അത് പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഖുര്‍ആനും മൗലിദും കേള്‍ക്കാന്‍ വളരെ ഇമ്പമായിരുന്നു അവര്‍ക്ക്. ആരെക്കൊണ്ടെങ്കിലും ഓതിപ്പിക്കാറോ ചൊല്ലിപ്പിക്കാറോ ആണ് പതിവ്. പക്ഷേ ചൊല്ലുന്നയാള്‍ വല്ലതെറ്റും ഓതിയാല്‍ ഉറക്കെയങ്ങനെ ചിരിക്കും; തെറ്റ് തിരുത്തുന്നതു വരെ.

വല്യുപ്പ വഫാത്തായപ്പോള്‍ ഏകാന്തത ബാധിച്ച മട്ടായിരുന്നു ഉപ്പാക്ക്. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ബാപ്പയായിട്ടായിരുന്നു അവര്‍ പിതാവിനെ കണ്ടത്. അതുകൊണ്ടു തന്നെ വല്ലാത്ത ശൂന്യത ആ വിടവാങ്ങല്‍ ഉപ്പാക്കേകി. മരണം അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണെന്ന് മനസ്സിനെ സ്വയം പറഞ്ഞ് തര്യപ്പെടുത്തുകയായിരുന്നു പിന്നീട് ഉപ്പ.
വഫാത്താകുന്നതിന്റെ കുറച്ച് മുമ്പ് അവിടുന്ന് ‘മോന്‍ മക്കത്ത് പോയ്‌ക്കോളീ, ഞമ്മക്ക് അവിടെ വെച്ച് കാണാം’ എന്ന് പറഞ്ഞ് ഉപ്പയെ വിദേശത്തേക്കയച്ചു. വിദേശ ജീവിതത്തിലെ ഒരു വ്യാഴാഴ്ച രാത്രി, ബാബുല്‍ ഉംറയുടെ അടുത്തിരുന്ന് ഖുര്‍ആന്‍ ഓതുന്ന തന്റെ അരികിലൂടെ വല്യുപ്പ ഉംറ ചെയ്യാന്‍ വേണ്ടി മത്വാഫിലേക്ക് പോകുന്നതായി ഉപ്പ സ്വപ്‌നം കണ്ടു. ‘അവിടെ വെച്ച് കാണാം’ എന്ന് പറഞ്ഞതിന്റെ സാക്ഷാത്കാരം. ആ വ്യാഴാഴ്ചയാണ് വല്യുപ്പ വഫാത്തായത്.

എന്തു പ്രയാസമുണ്ടായാലും ഇറക്കി വെച്ചിരുന്ന മടിത്തട്ടായിരുന്നു ഉപ്പയെ സംബന്ധിച്ചിടത്തോളം സ്വന്തം പിതാവ്. ഷുഗര്‍ രോഗം പിടിപെട്ട് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്ന മകനെ കണ്ടയുടനെ മൗലിദോതിത്തരാന്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു. ‘മോന്റെ ചേല് ഇങ്ങള് കണ്ടില്ലേ? മെലിഞ്ഞില്ലാണ്ടായിരിക്കുന്നു. ഇങ്ങള് മോന്റെ രോഗം ആദ്യം മാറ്റികൊട്ക്കി’. ഇത് കേട്ട മഹാന്‍ ‘ന്റെ കുട്ടി ഇതങ്ങ് കുടിക്കി.. ന്റെ കുട്ടിക്കൊരു ഷുഗറുമില്ല,’ എന്നു പറയേണ്ട താമസം ഉപ്പ മധുരം ഇരട്ടിയുള്ള ചായ വാങ്ങിക്കുടിച്ചു. തന്റെ ശരീരത്തില്‍ നിന്ന് എന്തോ ഇറങ്ങി പോയതു പോലെ ഉപ്പാക്ക് അനുഭവപ്പെട്ടു. ഈ സംഭവത്തിന് ശേഷം ഈത്തപ്പഴം വരെ തേനിലിട്ടായിരുന്നു ഉപ്പ കഴിക്കാറ്. പക്ഷേ, ഒരിക്കല്‍ പോലും ആ ജീവിത കാലത്ത്് അല്ലാഹു ആ രോഗം കൊണ്ട് പിന്നീട് പരീക്ഷിച്ചില്ല.
വഫാത്തോടടുത്ത സമയത്ത്, സൈഫുല്‍ ഇലാഹ് സൈനുദ്ദീന്‍ മുസ്‌ലിയാരെ വല്യുപ്പ വിളിപ്പിക്കുകയും തന്റെ ഉറൂസ് നടത്തണമെന്ന് പറയുകയും ചെയ്തതു കാരണമായി ഉപ്പയുടെ അഭാവത്തില്‍ സൈഫുല്‍ ഇലാഹ് ആണ് ഉറൂസിന് തുടക്കമിട്ടത്. പിന്നീട് ഉപ്പയത് ഏറ്റെടുത്തു. ഇന്ന് ഉപ്പയുടെ വഫാത്തിന് ശേഷം, രണ്ടുപേരുടെയും ഉറൂസ് എ പി ഉസ്താദിന്റെ നിര്‍ദ്ദേശ പ്രകാരം ഒരുമിച്ച് നടത്തി വരുന്നു. ഇക്കൊല്ലത്തെ ആണ്ട് ഫെബ്രു. 1,2,3 തിയ്യതികളിലായി ചേളാരി, തേഞ്ഞിപ്പലം മഖാം പരിസരത്ത് നടക്കുകയാണ്.
സമ്പൂര്‍ണതയുടെ രണ്ട് ജീവിതങ്ങള്‍