Connect with us

Articles

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ഇന്നിംഗ്‌സ്

Published

|

Last Updated

ഈയടുത്ത കാലത്തായി ഇന്ത്യന്‍ നീതിപീഠത്തോട് ബഹുമാനം വര്‍ധിപ്പിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൈക്കൊണ്ടിട്ടുള്ള നടപടികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ സംഘടനയായ ബി സി സി ഐ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോടതി സ്വീകരിച്ച നടപടികള്‍ വിരലിലെണ്ണാവുന്ന ചില അധികാര കേന്ദ്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരും ആഗ്രഹിക്കുന്നതാണ്. ബി സി സി ഐയുടെ തലപ്പത്ത് പലപ്പോഴായി വന്നിട്ടുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യവും അധികാര കേന്ദ്രങ്ങളില്‍ അവര്‍ക്കുള്ള പിടിപാടുകളും പലപ്പോഴും ബി സി സി ഐ എന്നത് ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തിയാണെന്ന ധാരണ പരത്തിയിരുന്നു. എന്നാല്‍ അതൊക്കെ ജസ്റ്റിസ് ലോധ കമ്മീഷന്‍ നിയമനത്തോടുകൂടി തന്നെ ബൗണ്ടറി കടന്നിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി ബി സി സി ഐയുടെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയും ഒരു പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിച്ചിരിക്കുകയുമാണ്.

ജസ്റ്റിസ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജനുവരി രണ്ടിനാണ് നിലവിലുള്ള ബി സി സി ഐ ഭാരവാഹികളായ അനുരാഗ് ഠാക്കൂറിനെയും അജയ് ഷിര്‍ക്കയേയും സുപ്രീം കോടതി പുറത്താക്കിയത്. ഇതിനെത്തുടര്‍ന്ന് താത്കാലിക ഭരണസമിതി രൂപവത്കരിക്കുന്നതിന് വേണ്ടി പേരുകള്‍ നിര്‍ദേശിക്കാന്‍ ബി സി സി ഐയോടും സര്‍ക്കാറിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാറും ബി സി സി ഐയും നിര്‍ദേശിച്ച പേരുകളൊക്കെ തഴഞ്ഞാണ് ഇതുവരെയും ക്രിക്കറ്റ് ഭരണരംഗത്ത് വന്നിട്ടില്ലാത്ത പുതിയ നാലുപേരെ സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഭരണരംഗത്ത് വന്നിട്ടില്ല എന്നതൊഴിച്ചാല്‍ ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട നാലുപേരും ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും ഒരു പുതിയ കമ്മിറ്റിയെ കണ്ടെത്തുന്നതിനും അനുയോജ്യരാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിനോദ് റായിക്കു പുറമേ താത്കാലിക സമിതിയില്‍ ചരിത്രകാരനും ക്രിക്കറ്റ് എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഡയാന എദുല്‍ജി, സാമ്പത്തിക- മാനേജ്‌മെന്റ് വിദഗ്ധനായ വിക്രം ലിമായെ എന്നിവരാണ് മറ്റു അംഗങ്ങള്‍. ഡയാന എദുല്‍ജിയുടെ വരവോടെ ബി സി സി ഐ ഭരണരംഗത്ത് വനിതാ പ്രാതിനിധ്യം എന്ന ജസ്റ്റിസ് ലോധ കമ്മീഷന്‍ നിര്‍ദേശവും നടപ്പാക്കപ്പെടുകയാണ്. രാജ്യത്തിന് വേണ്ടി മഹത്തായ സംഭാവനകള്‍ നല്‍കിയ നിരവധി പുരുഷ താരങ്ങളുണ്ടായിരിക്കെയാണ് അവരെയൊന്നും പരിഗണിക്കാതെ ഒരു മുന്‍ വനിതാ താരത്തെ താല്‍കാലിക സമിതിയിലേക്ക് കോടതി തിരഞ്ഞെടുത്തിരിക്കുന്നത്. ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റ് ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാര്യം വ്യക്തമാണ്. ഭരണതലത്തിലായാലും ടീം ഘടനയിലായാലും ഇപ്പോള്‍ പുതിയ “ഭരണമാറ്റത്തിലാണ്” ഇന്ത്യന്‍ ക്രിക്കറ്റ്. എല്ലാ ഫോര്‍മേഷനിലുമുള്ള ദേശീയ ടീം ക്യാപ്റ്റനായി വിരാട് കോഹ്‌ലിയുടെ സ്ഥാനാരോഹണവും ഭരണരംഗത്ത് ഒരു പുതിയ ടീമിന്റെ അവരോധനവും ഇതാണ് തെളിയിക്കുന്നത്.
പലപ്പോഴും ബി സി സി ഐ അധ്യക്ഷനായിരിക്കുന്ന ആളുടെ താത്പര്യങ്ങളായിരുന്നു ഇത്രയും കാലമായി ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ചിരുന്നത്.

സുപ്രീം കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിനോദ് റായ് ഇതില്‍ നിന്നും വ്യത്യസ്തമായ പശ്ചാത്തലമുള്ളയാളാണ്. 2008 മുതല്‍ 2013 വരെ സി എ ജി പദവിയിലിരുന്ന വിനോദ് റായിയാണ് രാജ്യത്ത് വന്‍ കോളിളക്കമുണ്ടാക്കിയ ടുജി സ്‌പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നത്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ ഓഡിറ്ററായിരുന്ന വിനോദ് റായിയുടെ റിപ്പോര്‍ട്ടുകള്‍ കേരളത്തിലും കോളിളക്കങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. താന്‍ ഇതുവരെ നിര്‍വഹിച്ച ജോലികളിലൊക്കെ ഇത്തരമൊരു ചരിത്രമുള്ള വിനോദ് റായ് ക്രിക്കറ്റ് കളിക്കുകയും അതിനെ സ്‌നേഹിക്കുകയും ചെയ്യുന്നയാളാണെന്നത് ഒരു പ്ലസ് പോയിന്റ് കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തനിക്ക് നൈറ്റ് വാച്ച്മാന്റെ റോളാണുള്ളതെന്ന് കോടതി നിര്‍ദേശം വന്നതിനെ തുടര്‍ന്ന് വിനോദ് റായ് നടത്തിയ പ്രസ്താവനയും ഇത് അടിവരയിടുന്നു. തന്നിലര്‍പ്പിച്ച ഉത്തരവാദിത്തത്തെക്കുറിച്ച് റായ് ബോധവാനാണെന്നതാണ് ഇത് അടിവരയിടുന്നത്. സുപ്രീം കോടതി എന്ന “അമ്പയറുടെ” മേല്‍നോട്ടം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നിഷ്പ്രയാസം നടപ്പാക്കുന്നതിന് അദ്ദേഹത്തിന് സഹായകരമാകുകയും ചെയ്യും.
ഇന്ത്യയില്‍ മറ്റു കായികയിനങ്ങള്‍ക്ക് ലഭിക്കാത്ത ജനപ്രീതിയും വളര്‍ച്ചയും പലപ്പോഴും ക്രിക്കറ്റ് താരമാകുകയെന്നത് യുവാക്കളുടെ ചിരകാലാഭിലാഷമായി മാറ്റിയിരുന്നു. എന്നാല്‍, ഐ പി എല്ലിന്റെ വരവ് ഇന്ത്യയില്‍ ക്രിക്കറ്റ് എന്നത് സാമ്പത്തിക ചൂതാട്ടത്തിനുള്ള ഒരു വേദിയായി മാറ്റുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഐ പി എല്ലില്‍ നടന്ന വാതുവെപ്പാണ് ക്രിക്കറ്റ് രംഗം ഉടച്ചുവാര്‍ക്കാനുള്ള ജസ്റ്റിസ് ലോധയുടെ രംഗപ്രവേശത്തിനും പുതിയ ഭരണസമിതി രൂപവത്കരിക്കുന്നിടം വരെയെത്തിയ നടപടികള്‍ക്കും കാരണം. ഐ പി എല്‍ വാതുവെപ്പ് അന്വേഷിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ലോധ കമ്മീഷനെ ക്രിക്കറ്റ് ഭരണരംഗം പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷനായി സുപ്രീം കോടതി നിയമിക്കുകയായിരുന്നു. ഭാരവാഹിത്വത്തിന് എഴുപത് വയസ്സ് പ്രായപരിധി, ബി സി സി ഐയിലും സംസ്ഥാന അസോസിയേഷനുകളിലും ഒന്നിലധികം പദവികള്‍ വഹിക്കുന്നതിനുള്ള വിലക്ക്, തുടര്‍ച്ചയായി പദവികള്‍ വഹിക്കുന്നതിനുള്ള നിയന്ത്രണം എന്നിവയാണ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍.
ഇവിടെ ശ്രദ്ധേയമായ വസ്തുത താത്കാലിക ഭരണസമിതിയിലേക്ക് ബി സി സി ഐ നിര്‍ദേശിച്ച ഒമ്പതു പേരുകളും കോടതി തഴഞ്ഞുവെന്നതാണ്. അതുപോലെ തന്നെ അംഗമായി കായികവകുപ്പ് സെക്രട്ടറിയെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശവും കോടതി തള്ളി. അതുമാത്രമല്ല, താത്കാലിക സമിതിയെ നിര്‍ദേശിച്ചപ്പോള്‍ അവര്‍ക്ക് പ്രതിഫലം നല്‍കരുതെന്ന ബി സി സി ഐയുടെ വാദം കോടതി നിരാകരിച്ചെന്നു മാത്രമല്ല, ഇതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. അവസാനം വരെ തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനായിട്ട് ബി സി സി ഐ കിണഞ്ഞു ശ്രമിച്ചുവെന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു മുതല്‍ പലനിലക്കും തടസ്സങ്ങളുമായി വന്ന ബി സി സി ഐ “ഔട്ടായിട്ടും” ക്രീസില്‍ നിന്നും കയറാന്‍ മടിച്ചുനില്‍ക്കുന്ന കാഴ്ച.

രാജ്യത്തെ ഉന്നത നീതിപീഠവും പ്രമുഖ കായിക സംഘടനയും തമ്മിലുള്ള ഈ നിയമ പോരാട്ടത്തില്‍ ഒരിക്കല്‍ പോലും കളി “കൈവിടാതി”രിക്കാന്‍ കോടതി പുലര്‍ത്തിയ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. പലപ്പോഴും ഇത്തരം കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്റെയും കോടതിയുടെയും അലമാരകളില്‍ വിശ്രമിക്കുകയാണല്ലോ പതിവ്. എന്നാല്‍ ഇത്തരമൊരു അവസ്ഥ വരാതിരിക്കാന്‍ ശ്രദ്ധിക്കുക മാത്രമല്ല, ഇതിനെതിരെ പലപ്പോഴും ബി സി സി ഐ ഉയര്‍ത്തിയ തടസ്സങ്ങളും എതിര്‍വാദങ്ങളും “ബൗണ്ടറി” കടത്തുകയാണ് കോടതി ചെയ്തിട്ടുള്ളത്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുതുതായി ചുമതലയേല്‍ക്കുന്നവര്‍ ആരും ക്രിക്കറ്റ് നടത്തിപ്പുമായി ബന്ധമില്ലാത്തവരായത് കൊണ്ട് രാജ്യത്തെ ക്രിക്കറ്റ് മത്സരത്തേയും ഇന്ത്യന്‍ ടീമിന്റെ കളികളേയും ഈ ശുദ്ധീകരണ പ്രക്രിയ ബാധിക്കാതെ നോക്കേണ്ടതുണ്ട് എന്നതാണ്. അതായത് വെളുക്കാന്‍ തേച്ചത് പാണ്ടാകാതെ ശ്രദ്ധിക്കണമെന്നര്‍ഥം.

 

Latest