നാല് കോടി രൂപയുമായി കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

Posted on: February 1, 2017 12:05 am | Last updated: February 1, 2017 at 12:03 am

ബെംഗളൂരു: കണക്കില്‍ പെടാത്ത നാല് കോടിയില്‍ പരം രൂപയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്‌സല്‍ (23), അബ്ദുല്‍ നസീര്‍ (44), ഷംസുദ്ദീന്‍ (39) എന്നിവരാണ് അറസ്റ്റിലായതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂഡ് പറഞ്ഞു. 4,12,78,300 രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഉള്ളിയും ഉരുളക്കിഴങ്ങും കടത്തുകയായിരുന്ന മിനി ലോറിയിലാണ് പണം സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തിയത്.

10 ചാക്ക് ഉരുളക്കിഴങ്ങും 35 ചാക്ക് ഉളളിയുമാണ് മിനി ലോറിയില്‍ മൂവരും ചേര്‍ന്ന് കോഴിക്കോട്ടേക്ക് കടത്തിയത്. പിടിച്ചെടുത്ത തുകയില്‍ 75 ശതമാനവും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണെന്ന് കമ്മീഷണര്‍ പറഞ്ഞു. 20 ശതമാനം പുതിയ 500 രൂപയുടെയും നോട്ടുകളാണ്. അവശേഷിക്കുന്ന നോട്ടുകള്‍ 100 രൂപയുടേതുമാണ്. പണം കടത്താന്‍ ഉപയോഗിച്ച മിനി ലോറിയും സാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.