Connect with us

Gulf

സിറിയയിലും ഇറാഖിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഖത്വര്‍ സംഘടനകള്‍

Published

|

Last Updated

മൊസൂളിലേക്കുള്ള അവശ്യസാധനങ്ങളടങ്ങിയ ട്രക്ക് പുറപ്പെടുന്നു

ദോഹ: സിറിയയിലും ഇറാഖിലും ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമേകി ഖത്വര്‍ സംഘടനകളുടെ ദുരിതാശ്വസാ പ്രവര്‍ത്തനം. ഖത്വര്‍ ദേശീയ ദിനത്തില്‍ ആരംഭിച്ച അലെപ്പോയിലെ ഒന്നാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ഖത്വര്‍ റെഡ് ക്രസന്റ് അറിയിച്ചു. ഖത്വറിലെ അഞ്ച് ചാരിറ്റി സംഘടനകളുമായി ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. അലെപ്പോയിലെയും ഇദ്‌ലിബിലെയും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച 20 കിറ്റ് മരുന്ന് നല്‍കി. നേരത്തെ ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 17 കിറ്റുകള്‍ നല്‍കിയിരുന്നു. ഇത് ഒന്നര ലക്ഷത്തിലേറെ രോഗികള്‍ക്ക് ഉപകാരപ്രദമാകും.

അഞ്ചാറ ഹെല്‍ത്ത് സെന്ററിലെ മൊബൈല്‍ ക്ലിനിക്ക് അതാരിബ് ടൗണിലേക്കും ദാറത് ഈസ ഹെല്‍ത്ത് സെന്ററിലെത് മര്‍റാത് അല്‍ ഇഖ്‌വാനിലേക്കും മാറ്റി. ഡോക്ടര്‍, നഴ്‌സ്, മിഡ്‌വൈഫ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങിയ സംഘം ഭവനരഹിതര്‍ താമസിക്കുന്നയിടം സന്ദര്‍ശിച്ച് പ്രാഥമിക ആരോഗ്യസേവനങ്ങള്‍ നല്‍കി. ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തുകയും സൗജന്യമായി മരുന്ന് നല്‍കുകയും ചെയ്തു. ആറ് മാസം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവ് കണ്ടെത്തി. ഗുരുതര കേസുകള്‍ സ്‌പെഷ്യലിസ്റ്റ് സെന്ററുകള്‍ക്ക് കൈമാറി. ഭക്ഷണം, ടെന്റ്, വസ്ത്രം, ആരോഗ്യ സേവനം തുടങ്ങിയവക്ക് 25 മില്യന്‍ ഖത്വര്‍ റിയാലാണ് ആദ്യഘട്ടത്തിലുള്ളത്. അലെപ്പോയില്‍ നഗരത്തില്‍ നിന്ന് വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പതിനായിരക്കണക്കിന് പേരാണ് വീടുവിട്ടുപോയത്.

ഇറാഖി നഗരമായ മൊസൂളില്‍ ഭവനരഹിതരായ അഭയാര്‍ഥികള്‍ക്ക് ശൈത്യകാല അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാനായി ഖത്വര്‍ ചാരിറ്റി ചരക്കുവാഹനങ്ങള്‍ അയച്ചു. ദാവ ഖത്വര്‍, തുര്‍ക്കി സാമൂഹികസേവന സംഘടന എന്നിവയുടെ സഹകരണത്തോടെ അയച്ച വാഹന വ്യൂഹത്തിലെ അവശ്യ സാധനങ്ങള്‍ 25000 പേര്‍ക്ക് ഉപകാരപ്പെടും. ഇതില്‍ ഖത്വര്‍ ചാരിറ്റിയുടെ സംഭാവന ഒരു മില്യന്‍ ഖത്വര്‍ റിയാലാണ്. ബ്ലാങ്കറ്റ്, ഭക്ഷണങ്ങള്‍ തുടങ്ങിയവയാണുള്ളത്. പതിനായിരം വീതം ഉറങ്ങാനുള്ള ബേഗ്, ബ്ലാങ്കറ്റ്, ചൂടുണ്ടാക്കുന്ന ഉപകരണങ്ങള്‍, ഇന്ധനം എന്നിവ 1750 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

 

Latest