Connect with us

Gulf

റോഹിംഗ്യന്‍ പ്രശ്‌നം അഭിമുഖീകരിക്കുന്നതില്‍ യു എന്നിന് ആശങ്കയെന്ന് പ്രത്യേക ഉപദേഷ്ടാവ്‌

Published

|

Last Updated

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശഹത്യയും കൊടുംകുറ്റകൃത്യങ്ങളും തടയുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന് ഖത്വര്‍ നല്‍കുന്ന പിന്തുണയും പരിശ്രമങ്ങളും അഭിനന്ദിച്ച് യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് (വംശഹത്യ തടയല്‍) അഡാമ ഡീംഗ്. റോഹിംഗ്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം എങ്ങനെ അഭിമുഖീകരിക്കുമെന്നതില്‍ ആശങ്കയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തുടനീളമുള്ള സംഘര്‍ഷഭരിത പ്രദേശങ്ങളില്‍ ഖത്വറിന്റെ സാമൂഹിക സേവനവും സംഭാവനയും ഐക്യരാഷ്ട്ര സഭ വലിയതോതില്‍ അഭിനന്ദിക്കുന്നതായും അല്‍ ശര്‍ഖ്, അര്‍റായ അറബി പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എന്ന പദ്ധതിക്ക് ഖത്വര്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. വംശഹത്യയും കൊടുംപാതകങ്ങളും തടയാന്‍ യു എന്‍ സംഘടനകള്‍ക്ക് എപ്പോഴും പിന്തുണയും സഹായവും നല്‍കുന്നുമുണ്ട്. പ്രധാനമായും മിഡില്‍ ഈസ്റ്റിലെ വംശഹത്യയും ഗുരുതര ലംഘനങ്ങളും തടയാന്‍ ജി സി സി നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ദോഹയില്‍ ഈയടുത്ത് നടന്ന യോഗം. കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇക്കാര്യത്തില്‍ സുസ്ഥിര പുരോഗതിയുണ്ടാകും.
സുഡാന്‍ സര്‍ക്കാറും സുഡാന്‍ ലിബറേഷന്‍ ആര്‍മിയും ഒപ്പുവെച്ച ദോഹ ഡോക്യുമെന്റ് ഫോര്‍ പീസ് ഇന്‍ ദര്‍ഫുര്‍ കരാര്‍ സുഡാനില്‍ പൊതുവിലും ദര്‍ഫുറില്‍ പ്രത്യേകിച്ചും സമാധാനം സംസ്ഥാപിക്കാനുള്ള ഖത്വറിന്റെ പങ്കിനെ ദൃഢപ്പെടുത്തുന്നതാണ്. ദര്‍ഫുറും സുഡാനിലെ മറ്റ് പ്രവിശ്യകളും പുനര്‍നിര്‍മിക്കാനും വികസിപ്പിക്കാനും ഖത്വറിന്റെ ശ്രമങ്ങള്‍ ലോകം ശ്രദ്ധിച്ചിട്ടുണ്ട്.

നിയമപരവും ധാര്‍മികവുമായ ചുമതലയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കൂട്ടഹത്യ തടയാനും പ്രേരിപ്പിക്കുന്നത്. കൂട്ടഹത്യകള്‍ തടയുന്നതിന് ഐക്യരാഷ്ട്ര സഭ ധാരാളം പദ്ധതികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത- വംശ സംഘട്ടനങ്ങള്‍ കൂടുതലായിട്ടുണ്ട്. അവ പരിഹരിക്കുന്നതിന് അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

സിറിയയിലെ ഗുരുതര കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും ബശര്‍ അല്‍ അസദും ഭരണകൂടവും ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് സിറിയന്‍ ഫയല്‍ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest