Connect with us

Gulf

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ സീറ്റിനായി അപേക്ഷ നല്‍കിയത് ആയിരങ്ങള്‍; ഫെബ്രുവരി നാല് വരെ സ്വീകരിക്കും

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് അപേക്ഷകരുടെ വന്‍ പ്രളയം. നൂറുകണക്കിനപേക്ഷകളാണ് സമര്‍പണത്തിന്റെ ആദ്യദിനമായ ഇന്നലെ സ്‌കൂളില്‍ ലഭിച്ചത്. രാവിലെ എട്ടിനാണ് അല്‍ ഗുബൈബയിലെ സ്‌കൂള്‍ ഓഫീസില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. അതിരാവിലെതന്നെ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ നൂറുകണക്കിന് രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരത്തെത്തിയിരുന്നു. കൈകുഞ്ഞുങ്ങളുമായാണ് പല രക്ഷിതാക്കളും എത്തിയത്. ഭൂരിഭാഗവും ജോലിയുള്ളവരായതിനാല്‍ ജോലിസ്ഥലത്ത് എത്തുന്നതിന് മുമ്പ് അപേക്ഷ നല്‍കാന്‍ എത്തുകയായിരുന്നു.
അപേക്ഷകരുടെ ബാഹുല്യം വര്‍ധിച്ചതോടെ സ്‌കൂള്‍ പരിസരത്ത് നീണ്ട നിര രൂപപ്പെട്ടു. അപേക്ഷ സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിരുന്നത്.

അപേക്ഷകള്‍ ഫെബ്രുവരി നാലുവരെയാണ് സ്വീകരിക്കുക. ഇന്ന് (ചൊവ്വ) രാവിലെ എട്ടു മുതല്‍ 10 വരെയും 10.30 മുതല്‍ ഉച്ചക്ക് 12.30 വരെയും എല്ലാ ദിവസവും അപേക്ഷകള്‍ സ്വീകരിക്കും. 500 വീതം അപേക്ഷകളാണ് ഓരോ ദിവസവും സ്വീകരിക്കുന്നത്.

കെ ജി മുതല്‍ ഒന്‍പതാം ക്ലാസ് വരെയും പതിനൊന്നാം തരത്തിലേക്കുമാണ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. പ്രസ്തുത ക്ലാസുകളിലേക്കുള്ള അഡ്മിഷന് ആയിരക്കണക്കിന് രക്ഷിതാക്കളാണ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരാഴ്ച വരെയായിരുന്നു ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസരം ഒരുക്കിയിരുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം അപേക്ഷ സമര്‍പിക്കാനുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം മറ്റുസ്വകാര്യ വിദ്യാലയങ്ങളെല്ലാം നേരത്തെതന്നെ അഡ്മിഷന്‍ നടപടികള്‍ തുടങ്ങിയിരുന്നു. മിക്ക വിദ്യാലയങ്ങളിലും അഡ്മിഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ മറ്റൊരു വിദ്യാലയമായ പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അഡ്മിഷന്‍ തുടരുന്നുണ്ട്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ വൈകിയാണ് അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിനറുതി വരുത്തിയാണ് ഒരാഴ്ച മുമ്പ് നടപടികള്‍ ആരംഭിച്ചത്.
നിലവില്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പുതിയ വിദ്യാലയംകൂടി തുറന്നതോടെ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. ആറായിരം കുട്ടികള്‍ക്ക് അധികമായി പുതിയ വിദ്യാലയത്തില്‍ സൗകര്യമുണ്ടെന്ന് മാനേജ്‌മെന്റ് കമ്മിറ്റി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തവണ അപേക്ഷകര്‍ക്കെല്ലാം അപേക്ഷ സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അവസരം നല്‍കിയിട്ടുള്ളത്.

അപേക്ഷ സ്വീകരിച്ചുതുടങ്ങിയതോടെ രക്ഷിതാക്കള്‍ ഏറെ പ്രതീക്ഷയിലാണ്. പൊതുവെ സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്ന ഈ ഘട്ടത്തില്‍ ചുരുങ്ങിയ ചെലവില്‍ മക്കള്‍ക്ക് പഠനസൗകര്യം ലഭ്യമാകുന്നത് സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കും.

 

Latest