പുതിയ കെട്ടിടങ്ങളില്‍ ദുബൈ ലാമ്പ് നിര്‍ബന്ധമെന്ന് നഗരസഭ

Posted on: January 31, 2017 9:30 pm | Last updated: January 31, 2017 at 9:30 pm
ദുബൈ നഗരസഭയും ഫിലിപ്‌സും തമ്മിലുള്ള കരാറില്‍ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത ഒപ്പുവെക്കുന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കുന്നതിനും സുസ്ഥിര ഊര്‍ജ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏര്‍പെടുത്തിയ നടപടികള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതിന് ദുബൈ നഗരസഭ ലോക പ്രശസ്ത ഇലക്‌ട്രോണിക്‌സ്-ഇലക്ട്രിക് ഉപകരണങ്ങളുടെ നിര്‍മാതാക്കളായ ഫിലിപ്‌സ് അധികൃതരുമായി കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് വൈദ്യുതി ഉപഭോഗം വളരെ കുറവ് മാത്രം ആവശ്യമുള്ള പ്രത്യേക എല്‍ ഇ ഡി ലാമ്പുകള്‍ ഫിലിപ്‌സ് നിര്‍മിച്ചു ദുബൈയില്‍ വിപണനം നടത്തും. ഈ വര്‍ഷം അവസാനത്തോടെ ലാമ്പുകള്‍ വിപണിയില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വാട്ടില്‍ നിന്ന് 200 ലുമെന്‍ പ്രകാശം ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ളതാണ് എല്‍ ഇ ഡി ലാമ്പുകള്‍. ദുബൈ ലാമ്പ് ബ്രാന്‍ഡിലാണ് ബള്‍ബുകള്‍ ഇറക്കുക. ഒക്‌ടോബറില്‍ അവസാനിച്ച വെറ്റെക്‌സിലാണ് ആഗോള തലത്തില്‍ ഏറ്റവും കുറവ് ഊര്‍ജം ഉപയോഗിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ലാമ്പുകളുടെ മാതൃക ഫിലിപ്‌സ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചത്. ദുബൈ നഗരസഭയും ഫിലിപ്‌സ് കമ്പനിയും സംയുക്തമായാണ് ദുബൈ ലാമ്പ് എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത, ഫിലിപ്‌സ് ലൈറ്റിംഗ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് തുര്‍ക്കി പ്രസിഡന്റ് പൗലോ സെര്‍വിനി എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. ഈ വര്‍ഷം അവസാനത്തോടേ 20 ലക്ഷം ലാമ്പുകള്‍ താമസക്കാര്‍ക്കിടയിലും വാണിജ്യ മേഖലയിലും വിതരണം ചെയ്യും. പാരമ്പരാകൃതമായി ഉപയോഗിച്ച് വന്നിരുന്ന 80 ശതമാനം ലാമ്പുകളും ഇതിലൂടെ നീക്കം ചെയ്യും. 2021 ഓടെ ഒരു കോടി ലാമ്പുകളുടെ ഉപയോഗം ദുബൈ നഗരത്തില്‍ വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്‍ജി. ലൂത്ത പറഞ്ഞു.

ദുബൈയില്‍ പുതിയതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ നൂതന എല്‍ ഇ ഡി ലാമ്പുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കും. എല്‍ ഇ ഡി ലാമ്പുകള്‍ സ്ഥാപിച്ച കെട്ടിടത്തിന് മാത്രമേ സാക്ഷ്യപത്രം നഗരസഭ നല്‍കുകയുള്ളു. കെട്ടിട ഉടമസ്ഥന് കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ ഊര്‍ജ സംരക്ഷണത്തിലൂടെ മികച്ച പ്രവര്‍ത്തന ക്ഷമത കൈവരിക്കുന്നതിനും പ്രസരണം കുറച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനും കഴിയുമെന്ന് ലൂത്ത കൂട്ടി ചേര്‍ത്തു.

അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ബൗദ്ധികമായ അടിത്തറയൊരുക്കുന്നതിന് ഇരു കമ്പനികളും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഉന്നത പഠനങ്ങള്‍ക്കും പദ്ധതി നടപ്പില്‍ വരുത്തുന്നതിനും ദുബൈ നഗരസഭ നിക്ഷേപമിറക്കും. ലോകത്തു ഏറ്റവും കുറഞ്ഞ ഊര്‍ജം ഉപയോഗിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലാമ്പുകള്‍ നിര്‍മിച്ചെടുക്കുന്നതും വിപണനം ചെയ്യുന്നതും ഫിലിപ്‌സ് കമ്പനിയാണ്. ഈ വര്‍ഷം മാര്‍ച്ചു അവസാനത്തോടെ ലാമ്പുകള്‍ വിപണിയിലെത്തിക്കും. അദ്ദേഹം വിശദീകരിച്ചു.

25 വാട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍കണ്‍ഡ്‌സെന്റ് ലാമ്പുകള്‍ക്ക് പകരം 1 വാട്ട് കാന്‍ഡില്‍ ലാമ്പ്, 40വാട്ട് ഇന്‍കണ്‍ഡ്‌സെന്റ് ലാമ്പുകളുടെ സ്ഥാനത്ത് 2 വാട്ട് ബള്‍ബുകള്‍ 60 വാട്ട് ബള്‍ബുകള്‍ക്ക് പകരം 3 വാട്ട് എല്‍ ഇ ഡികള്‍, 50 വാട്ട് ഹാലൊജന്‍ സ്‌പോട് ലാമ്പുകള്‍ക്ക് പകരം 3 വാട്ട് എം ആര്‍ 16 സ്‌പോട് എല്‍ ഇ ഡി ലാമ്പുകള്‍ എന്നിങ്ങനെയാണ് നൂതന പദ്ധതി അനുസരിച്ചു നിര്‍മിച്ചു വിതരണം ചെയ്യുക.