പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റി; അധ്യാപികയായി തുടരില്ല

Posted on: January 31, 2017 7:57 pm | Last updated: February 1, 2017 at 10:19 am

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കിയതായി കോളജ് മാനേജ്‌മെന്റ്. അഞ്ച് വര്‍ഷത്തേക്കാണ് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്നും നീക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം. പ്രിന്‍സിപ്പലിന്റെ ചുമതല വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് കൈമാറി.് വാര്‍ത്താസമ്മേളനത്തിലാണ് മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്. അധ്യാപികയായിപ്പോലും ലക്ഷ്മി നായരെ കോളജില്‍ പ്രവേശിപ്പിക്കില്ല. കോളേജ് നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഡയറക്ടര്‍ നാരായണന്‍ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനായി വിദ്യാര്‍ത്ഥി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായരെ നീക്കാനുള്ള തീരുമാനം. അടുത്ത അഞ്ച് വര്‍ഷക്കാലം ലക്ഷ്മി നായര്‍ അധ്യാപികയായും അക്കാദമിയില്‍ ഉണ്ടാകില്ല. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരാതി സെല്‍ രൂപീകരിക്കാം. കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാവരുടേയും പിന്തുണ വേണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

കോളേജിനകത്തുള്ള പൊതുവായ പ്രശ്‌നങ്ങള്‍ ഹരിക്കുന്നതിന് കോളേജ് യൂണിയന്‍ നോമിനേറ്റ് ചെയ്യുന്ന ഒരു വനിതയടക്കം രണ്ട് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കോളേജ് കൗണ്‍സില്‍ രൂപീകരിക്കും. അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് എല്ലാ മാസങ്ങളിലുെ പ്രസിദ്ധീകരിക്കും. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് യാതൊരുവിധി നടപടികളും സ്വീകരിക്കില്ല. ലേഡീസ് ഹോസ്റ്റല്‍ പരിസരത്തും സ്‌റ്റേഡിയത്തിലും വൈകീട്ട് ആറ് മണിവരെ കളിക്കാനുള്ള സ്വാതന്ത്ര്യം ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് ഉണ്ടാകും. ലോക അക്കാദമികളിലെ എല്ലാ പ്രോഗ്രാമുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കോളേജില്‍ നടക്കുന്ന സെമിനാറുകള്‍ക്ക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധിത ഫീസ് ഈടാക്കില്ല. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുമെന്നും മാനേജ്‌ന്റെ് അറിയിച്ചു.

ഒരുകാരണവുമില്ലാതെയാണ് വിദ്യാര്‍ത്ഥികളുടെ സമരമെന്നും ഡയറക്ടര്‍ നാരായണന്‍ നായര്‍ ആരോപിച്ചു. 48 വര്‍ഷമായി കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ഇതുവരെ ഇങ്ങനെയൊരു സമരം ഉണ്ടായിട്ടില്ല. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അഞ്ച് വര്‍ഷക്കാലം ലക്ഷ്മി നായര്‍ ക്യാംപസില്‍ പ്രവേശിക്കില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന എസ്എഫ്‌ഐയുടെ അവകാശവാദം ഡയറക്ടര്‍ തള്ളി. ലക്ഷ്മി നായര്‍ ക്യാംപസില്‍ പ്രവേശിക്കില്ലെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മി നായരെ മാറ്റിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് എസ്എഫ്‌ഐ അറിയിച്ചു. ലക്ഷ്മി നായരെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് നിലപാടിലാണ് കെഎസ്‌യു അടക്കമുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍. എന്നാല്‍ സമരം തുടര്‍ന്നാല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.