ട്രംപിനെ പ്രശംസിച്ച് ബിജെപി എംപി യോഗി ആദിത്യനാഥ്

Posted on: January 31, 2017 12:59 pm | Last updated: January 31, 2017 at 7:58 pm

ബുലന്ദേശ്വര്‍: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യുഎസ് നടപടിയെ പ്രകീര്‍ത്തിച്ച് ബിജെപി എംപി യോഗി ആദിത്യനാഥ്. തീവ്രവാദത്തെ തടയാന്‍ ഇന്ത്യയും സമാനമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ഹിന്ദുക്കള്‍ക്ക് സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. 1990ല്‍ കശ്മീരില്‍ നിന്ന് ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. മാനം രക്ഷിക്കാന്‍ അമ്മപെങ്ങന്‍മാര്‍ക്ക് പരസ്യമായി യാചിക്കേണ്ടി വന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനങ്ങള്‍ക്കും ഇതേ അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 300 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തതായി ബിജെപി എംപി ഹുകും സിംഗ് കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് യാതൊരു തെളിവുമില്ലെന്നും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും എസ്പിയും ബിഎസ്പിയും ആരോപിച്ചിരുന്നു.