കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും: രാഷ്ട്രപതി

Posted on: January 31, 2017 11:55 am | Last updated: January 31, 2017 at 1:10 pm

ന്യൂഡല്‍ഹി: കറന്‍സി രഹിത സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ പ്രശംസനീയമാണ്. നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

2.1 കോടി ജനങ്ങള്‍ രാജ്യത്ത് സ്വമേധയാ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചു. പാവപ്പെട്ടവരേയും ദളിതരേയും ലക്ഷ്യംവെച്ചാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പുതിയ കാര്യങ്ങള്‍ ചെയ്തു. 20 കോടിയിലധികം റുപെ കാര്‍ഡുകള്‍ വിതരണം ചെയ്തു. 26 കോടി ജന്‍ധന്‍ എക്കൗണ്ടുകള്‍ ആരംഭിച്ചു. യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.