ജനാദിരിയ്യ: സൗദി പൈതൃകോത്സവം ഫെബ്രുവരി ഒന്ന് മുതല്‍

Posted on: January 31, 2017 8:58 am | Last updated: January 31, 2017 at 8:58 am

ദമ്മാം: സൗദിയുടെ ദേശീയ സാംസ്‌കാരിക പൈതൃകോത്സവത്തിന് ഫെബ്രുവരി ഒന്നിന് തുടക്കമാവും. റിയാദ് ജനാദിരിയ്യയില്‍ ഇരു ഹറമുകളുടെയും സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും. മിനിസ്റ്ററി ഓഫ് നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിക്കുന്ന മേളക്ക് ഈ വര്‍ഷം ഈജിപ്താണ് മുഖ്യാതിഥി. അറബ് രാജ്യങ്ങള്‍ക്കിടയിലെ ആഘോഷമല്ല, ലോക തലത്തില്‍ ഇസ്‌ലാമിനെയും അറബ് സംസ്‌കാരത്തെയും അടയാളപ്പെടുത്തുന്ന ഉത്സവമാണ് ജനാദിരിയ്യ എന്ന് റിയാദിലെ ഈജിപ്ത് അമ്പാസഡര്‍ നാസര്‍ ഹംദി പറഞ്ഞു.

സഊദിയുടെ പ്രാചീനവും ആധുനികവുമായ സാമൂഹ്യ ജീവിതങ്ങളെ പ്രതിഫലിപ്പിക്കുന്ന കാഴ്ചകളൊരുക്കി നടത്തുന്ന ജനാദിരിയ്യ മേളയില്‍ സാംസ്‌കാരിക സാഹിത്യ രംഗത്തുള്ളവരും വിവിധ രാജ്യപ്രതിനിധികളും സംബന്ധിക്കും. സാംസ്‌കാരിക സമ്പന്നതയും പൗരാണിക ചരിത്രവും പ്രതിഫലിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, കവിയരങ്ങ്, നാടോടിക്കഥകള്‍ എന്നിവയുണ്ടാകും. പുറമെ രാജ്യത്തെ പതിമൂന്ന് പ്രവിശ്യകള്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീതനാടകം, പ്രധാന നാടന്‍ കലയായ അല്‍ അര്‍ദ, മറ്റു കരകൗശല പ്രദര്‍ശനങ്ങള്‍, വാസ്തുവിദ്യ, സ്വകാര്യ പെതുമേഖലാ സ്ഥാപനങ്ങളുടെ വിവിധ പ്രദര്‍ശനശാലകള്‍ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും .

ജിസിസിയിലെ വിവിധ രാജ്യങ്ങള്‍ മാറ്റുരക്കുന്ന ഒട്ടക ഓട്ടമത്സരമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ഒട്ടക മത്സര ഉദ്ഘാടന സംഗമത്തില്‍ കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബില്‍ അല്‍ സ്വബാഹ് സംബന്ധിക്കും. മേള ഫെബ്രുവരി 17 ന് സമാപിക്കും.