ഹാഫിസ് സയിദിനെ പാക്കിസ്ഥാന്‍ വീട്ടുതടങ്കലിലാക്കി

Posted on: January 31, 2017 8:38 am | Last updated: January 31, 2017 at 12:21 pm

ലാഹോര്‍: മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിനെ പാക്കിസ്ഥാന്‍ വീട്ടുതടങ്കലിലാക്കി. ലാഹോറിലെ ചൗബുര്‍ജിക്കു സമീപമുള്ള മോസ്‌കിലാണ് സയിദിനെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സയിദ് നേതൃത്വം നല്‍കുന്ന സംഘടനയായ ജമാഅത് ഉദ്ദവാ നിരോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീട്ടു തടങ്കലിലാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ ആരോപണവുമായി ഹാഫിസ് സയിദ് രംഗത്തെത്തി. ഇന്ത്യയുടെ സമ്മര്‍ദ്ദമാണ് സംഘടനയെ നിരോധിക്കുന്നതിനു പിന്നിലെന്നാണ് സയിദ് ആരോപിക്കുന്നത്. 2017 കശ്മീരിന്റെ വര്‍ഷമായിരിക്കുമെന്ന് നേരത്തെ തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍തന്നെ ഇത്തരത്തില്‍ സംഭവിക്കുമെന്നു അറിയാമായിരുന്നെന്നും തന്നെ അറസ്റ്റ് ചെയ്താലും ലക്ഷക്കണക്കിനു ജനങ്ങള്‍ കശ്മീരിനായി ശബ്ദമുയര്‍ത്തുമെന്നും സയിദ് ട്വിറ്ററില്‍ കുറിച്ചു.