ന്യായാസനത്തിന്റെ ഇടക്കാലാശ്വാസം

Posted on: January 31, 2017 6:34 am | Last updated: January 31, 2017 at 12:37 am

ഗോവധ നിരോധവുമായി ബന്ധപ്പെട്ട വെള്ളിയാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമാണ്. രാജ്യമാകെ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി അതില്‍ കൈകടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിലപാട്. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര. അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മിസോറാം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളില്‍ കൂടി നിരോധമേര്‍പ്പെടുത്തണമെന്നും അനുവദനീയമായ സംസ്ഥാനങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാലികളെ കടത്തിക്കൊണ്ടുവരുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കാലികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോടതി നേരത്തെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞതാണെന്നും ജസ്റ്റിസുമാരായ ജെ എസ് ഖേഹര്‍, എന്‍ വി രമണ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇന്ത്യയെപോലെ ജനാധിപത്യ ഭരണ സംവിധാനം നിലവിലുള്ള രാജ്യത്ത് ജനഹിതവും ഭരണഘടനയുടെ അന്തഃസത്തയും കണക്കിലെടുത്തു വേണം നിയമ നിര്‍മാണം നടത്താന്‍. പശു മാതാവാണെന്നും ആദരവര്‍ഹിക്കുന്ന ജീവിയാണെന്നും വിശ്വസിക്കുന്നവരും അതിന്റെ മാംസം നിഷിദ്ധമായി കരുതുന്നവരും രാജ്യത്ത് ന്യൂനപക്ഷമാണ്. ഹൈന്ദവരുള്‍പ്പെടെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും പശുവിന്റെയും കാളയുടെയും മാംസം ഭക്ഷിക്കുന്നവരും അതില്‍ അപാകം ദര്‍ശിക്കാത്തവരുമാണ്. ഹൈന്ദവ വേദ ഗ്രന്ഥങ്ങളിലോ ആര്യ സംസ്‌കാരത്തിലോ ഗോ മാംസം നിഷിദ്ധമായി ഗണിക്കപ്പെട്ടിരുന്നില്ല. കന്നുകാലികളുടെ തുകല്‍ സംസ്‌കരിച്ചാണ് ബാറ്റ പോലുള്ള കമ്പനികള്‍ ചെരിപ്പുകള്‍ നിര്‍മിക്കുന്നത്. പശുക്കളോടുള്ള ആദരവിന്റെ പേരില്‍ ഗോമാംസം വര്‍ജിക്കുന്ന സവര്‍ണര്‍ ഈ ചെരിപ്പുകള്‍ ധരിക്കുന്നതില്‍ ഒരപാകവും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. പശുവില്‍ ദിവ്യത്വം കാണുന്നവര്‍ക്ക് അതിനെ ആരാധിക്കാനും അല്ലാത്തവര്‍ക്ക് അവയെ ഭുജിക്കാനും അനുവാദം നല്‍കുകയാണ് ഭരണകൂടവും കോടതികളും ചെയ്യേണ്ടത്.

ഒരു വിഭാഗത്തിന്റെ താത്പര്യങ്ങളെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമെന്ന പോലെ ഇഷ്ടമുള്ള ഭക്ഷണം ആഹരിക്കാനും വസ്ത്രം ധരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു. തങ്ങള്‍ക്ക് പഥ്യമല്ലാത്തത് മറ്റുള്ളവരും തിന്നരുതെന്ന ചിലരുടെ ശാഠ്യത്തിനും കുശുമ്പിനുമപ്പുറം ഗോവധ നിരോധത്തിന് വേണ്ടിയുള്ള മുറവിളിയില്‍ എടുത്തു കാണിക്കാവുന്ന ഒരു ന്യായീകരണവുമില്ല.
മൃഗങ്ങളെ കൊല്ലുന്നത് ക്രൂരമാണെന്നാണ് ചിലര്‍ പറയുന്ന കാരണം. ശാസ്ത്രീയമോ സത്യസന്ധമോ പ്രകൃതിപരമോ ആയ വീക്ഷണമല്ല ഇത്. ജീവന്‍ ഹനിക്കുന്നത് ക്രൂരതയെങ്കില്‍, മത്സ്യം ഉള്‍പ്പെടെ മനുഷ്യസമൂഹം ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്ന പലതും നിരോധിക്കേണ്ടിവരും. സസ്യങ്ങള്‍ക്ക് പോലും ജീവനുണ്ടെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. മൃഗബലിയും മാംസ ഭോജനവും മനുഷ്യനോളം തന്നെ പഴക്കമുള്ള ജീവിതരീതിയാണ്. മൃഗങ്ങളെ അറുത്തോ വേട്ടയാടിയോ ഭക്ഷിക്കുകയെന്നതാണ് പൗരാണിക കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വീകരിച്ചുവരുന്ന രീതി. അറവിലൂടെ കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യദായകവുമായ ഭക്ഷ്യവസ്തു മനുഷ്യന് ലഭിക്കുകയാണ് ചെയ്യുന്നത്. അതിന് സമ്മതിക്കാതെ പശുവിനെ വെറുതെ ചാകാന്‍ വിടുന്നത് പോഷകസമ്പന്നമായ മാംസാഹാരം വന്‍തോതില്‍ നഷ്ടപ്പെടുത്തും.

ഗോമാംസമുള്‍പ്പെടെയുള്ള മാംസങ്ങള്‍ കയറ്റുമതി ചെയ്യുന്ന നാടാണ് ഇന്ത്യ. മാട്ടിറച്ചി കയറ്റുമതിയിലും തുകല്‍ വ്യവസായത്തിലും രാജ്യത്തിന് രണ്ടാം സ്ഥാനമുണ്ട്. 4020 മെട്രിക് ടണ്‍ മാട്ടിറച്ചിയാണ് 2015ല്‍ രാജ്യം കയറ്റുമതി ചെയ്തത്. ഔഷധങ്ങളുടെ ഉത്പാദനത്തിനും ഗോമാംസം ഉപയോഗിക്കുന്നുണ്ട്. പശുക്കളെ കൊല്ലാന്‍ പാടില്ലെന്ന നിയമം വ്യാപകമായി നടപ്പിലാക്കിയാല്‍ ശതകോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് രാജ്യത്തിന് നഷ്ടമാകുന്നത്.
ഭരണകര്‍ത്താക്കള്‍ രാജ്യത്ത് ഒരു നയം രൂപവത്കരിക്കുന്നതും നിയമനിര്‍മാണം നടത്തുന്നതും രാജ്യത്തിനോ ജനങ്ങള്‍ക്കോ ഉപകാര പ്രദമായ തരത്തിലായിരിക്കണം. കാലികള്‍ ഇന്ന് കാര്‍ഷികോപാധിയല്ല. നേരത്തെ അവ ചെയ്തിരുന്ന നിലം ഉഴുതല്‍ പോലെയുള്ള കാര്‍ഷിക ജോലികള്‍ യന്ത്രങ്ങളാണ് ഇന്ന് നിര്‍വഹിക്കുന്നത്. പാല് തരാത്ത മൃഗങ്ങളെ മാംസാവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്ക് അത് ദുരിതമാകുകയും പശുവളര്‍ത്തലില്‍ അവര്‍ക്ക് താത്പര്യമില്ലാതാവുകയും ചെയ്യും.

നിലവില്‍ ഗോവധം നിരോധിച്ച സംസ്ഥാനങ്ങളില്‍ നിന്ന് നിരോധമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് കാലികളെ കടത്തുന്നത് കൊണ്ടാണ് ഈ പ്രശ്‌നം അനുഭവപ്പെടാത്തത്. രാജ്യവ്യാപകമായി ഗോവധം നിരോധിച്ചാലറിയാം സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വ്യാവസായിക മേഖലകളില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ദുരിതങ്ങളും. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ രാജ്യവ്യാപകമായി ഗോവധത്തിന് അനുമതി നല്‍കുകയാണ് വേണ്ടത്.