യുവാക്കളുടെ ഐക്യവും മുലായത്തിന്റെ മുറുമുറുപ്പും

പാര്‍ട്ടി സംവിധാനമാകെയും പ്രവര്‍ത്തകരില്‍ മഹാ ഭൂരിപക്ഷവും തന്റെ കൂടെ നില്‍ക്കുകയും കളങ്കിതരായ പലരും മുലായത്തോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നത് അഖിലേഷിന്റെ നില ഭദ്രമാക്കുന്നുണ്ടെങ്കിലും മുലായം പരസ്യമായി എതിര്‍ക്കുന്നത് അഖിലേഷ്- രാഹുല്‍ സഖ്യത്തിന് മനഃശാസ്ത്രപരമായ തിരിച്ചടിയാണ്. പ്രചാരണത്തിന്റെ സജീവതയെ ഇത് ബാധിക്കും.
Posted on: January 31, 2017 6:00 am | Last updated: January 31, 2017 at 12:32 am

സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന് താന്‍ എതിരാണെന്നും സംയുക്ത പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി മുലായം സിംഗ് യാദവ് രംഗത്തെത്തിയത് അഖിലേഷ് ക്യാമ്പില്‍ ചില ആശയക്കുഴപ്പങ്ങളൊക്കെ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുലായം സഖ്യത്തൊനൊപ്പമുണ്ടാകുമെന്ന പ്രസ്താവനയുമായി അഖിലേഷ് രംഗത്തെത്തിയത്. പാര്‍ട്ടി സംവിധാനമാകെയും പ്രവര്‍ത്തകരില്‍ മഹാ ഭൂരിപക്ഷവും തന്റെ കൂടെ നില്‍ക്കുകയും കളങ്കിതരായ പലരും മുലായത്തോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നത് അഖിലേഷിന്റെ നില ഭദ്രമാക്കുന്നുണ്ടെങ്കിലും മുലായം പരസ്യമായി എതിര്‍ക്കുന്നത് അഖിലേഷ്- രാഹുല്‍ സഖ്യത്തിന് മനഃശ്ശാസ്ത്രപരമായ തിരിച്ചടിയാണ്. പ്രചാരണത്തിന്റെ സജീവതയെ ഇത് ബാധിക്കും. എല്ലാ ചോദ്യങ്ങളും മുലായത്തിന്റെ അസാന്നിധ്യത്തില്‍ കറങ്ങുന്നതും ക്ഷീണം ചെയ്യും. അതിനിടെ, മുലായത്തിന്റെ നിലപാട് ബി ജെ പിക്ക് ഗുണകരമാകുമെന്ന വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു. എല്ലാം ശുഭപര്യവസായി ആകുമെന്ന ഘട്ടത്തില്‍ മുലായം അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന വിമര്‍ശം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരില്‍ നിന്ന് ഉയരുന്നുണ്ട്. ഇത് അദ്ദേഹത്തെ വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതുന്നവരുണ്ട്.

എസ് പിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ മുലായം പങ്കെടുത്തിരുന്നില്ല. ഇത് പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ അഖിലേഷ് പരമാവധി വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നു. ശിവ്പാല്‍ സിംഗ് യാദവിന് സീറ്റ് നല്‍കിയത് ഇതില്‍ പ്രധാനമാണ്. മുലായം പുറത്തിരുന്നാല്‍ രണ്ട് സാധ്യകളാണ് ഉണ്ടാകുക. ഒന്ന് എസ് പിയുടെ മുസ്‌ലിം വോട്ട് ബേങ്കില്‍ അത് വിള്ളലുണ്ടാക്കും. മുലായത്തെ മുസ്‌ലിം വികാരത്തിന്റെ സൂക്ഷിപ്പുകാരായി ഇന്നും കാണുന്നവരുണ്ട്. ഇങ്ങനെ വോട്ട് ചോര്‍ച്ചയുണ്ടായാല്‍ അത് ബി എസ് പിക്കാകും ഗുണം ചെയ്യുകയെന്ന് വിലയിരുത്തലുണ്ടെങ്കിലും ശിഥിലമാകുന്ന മുസ്‌ലിം വോട്ടുകള്‍ ആത്യന്തികമായി ബി ജെ പിക്ക് മെച്ചമുണ്ടാക്കും. എസ് പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ അടിസ്ഥാന തത്വം കോണ്‍ഗ്രസ് മത്സരിക്കുന്നിടത്തും എസ് പി മത്സരിക്കുന്നിടത്തും യാദവ, മുസ്‌ലിം വോട്ടുകള്‍ ഒരു പോലെ നേടുകയെന്നതാണ്. എന്നാല്‍, മുലായം ഇടഞ്ഞ് നിന്നാല്‍ യാദവ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സാധിക്കാതെ വരും. ഇതാണ് രണ്ടാമത്തെ പ്രത്യാഘാതം. കോണ്‍ഗ്രസുമായി സഖ്യം ചേരേണ്ട ആവശ്യം സമാജ്‌വാദി പാര്‍ട്ടിക്ക് ഇല്ലെന്നും സ്വന്തം നിലക്ക് വിജയിക്കാന്‍ പാര്‍ട്ടി പൂര്‍ണ സജ്ജമാണെന്നും മുലായം കഴിഞ്ഞ ദിവസം പറഞ്ഞത് അപകടകരമാകുന്നത് ഇതുകൊണ്ടാണ്.

സെപ്തംബറില്‍ അച്ഛനും മകനും തര്‍ക്കം തുടങ്ങിയത് മുതല്‍ കോണ്‍ഗ്രസ് അഖിലേഷിനോട് മൃദു സമീപനമാണ് സ്വീകരിച്ചിരുന്നത്. രാഹുലിന്റെ നിലപാടാണ് ഇതിന് പിന്നില്‍. യുവ നേതാക്കള്‍ കൈകോര്‍ക്കുന്നത് പ്രവര്‍ത്തകരില്‍ വലിയ ഉണര്‍വുണ്ടാക്കിയ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നത് മുലായം തുടര്‍ന്നാല്‍ അത് എസ് പി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കിട്ടുന്നതിന് തടസ്സമാകും. എസ് പിയിലുള്ള വിള്ളലുകള്‍ പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുന്ന ബി എസ് പി മുലായത്തിന്റെ പ്രസ്താവനകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രത്യേകിച്ച് അഖിലേഷ് യാദവ് ന്യൂനപക്ഷവിരുദ്ധനാണെന്ന പ്രസ്താവന.

ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന നേതാവെന്ന നിലയില്‍ മുലായം അറിഞ്ഞോ അറിയാതെയോ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഗുണകരമായ നിലപാടെടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് പ്രബലമായ വിലയിരുത്തല്‍. പാര്‍ട്ടി ചിഹ്നത്തിനായി അദ്ദേഹം നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിടത്ത് തന്നെ ഭൂരിപക്ഷത്തോടൊപ്പം നിന്ന് ജനാധിപത്യപരമായ മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകേണ്ടതായിരുന്നു. അദ്ദേഹം അത് തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.