Connect with us

Articles

അര്‍ണബ് ഗോസ്വാമി കടും നിറത്തിലിറങ്ങുമ്പോള്‍

Published

|

Last Updated

അര്‍ണബ് ഗോസ്വാമി

ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച ശേഷം രാജ്യത്തെ ഏറ്റവും ശ്രദ്ധേയനും വിവാദനായകനുമായ അര്‍ണബ് ഗോസ്വാമി തന്റെ പുതിയ ചാനല്‍ പ്രഖ്യാപിച്ചു -റിപ്പബ്ലിക്. ഇന്ത്യ ഇന്നു വരെ കണ്ടിട്ടില്ലാത്ത പുതിയ രീതിയിലും ഭാവത്തിലുമായിരിക്കും തന്റെ പുതിയ ചാനല്‍ മാധ്യമരംഗത്തേക്ക് കടന്നുവരികയെന്നും അര്‍ണബ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഫെബ്രുവരി പതിനൊന്ന് മുതല്‍ മാര്‍ച്ച് എട്ട് വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ചാനല്‍ പ്രക്ഷേപണം ആരംഭിക്കും. നേരത്തെ ടൈംസ് നൗ ചാനലില്‍ അര്‍ണബിനൊപ്പം ഉണ്ടായിരുന്ന അഞ്ച് സീനിയര്‍ ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ ഒരു മികച്ച ടീമാണ് റിപ്പബ്ലിക്കില്‍ ഉണ്ടാവുക. ഒപ്പം അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച സാങ്കേതികവിദഗ്ധരും. സി എന്‍ എന്‍, ബി ബി സി തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങളോട് കിടപിടിക്കുന്ന ചാനല്‍ അനുഭവമായിരിക്കും റിപ്പബ്ലിക്കിന്റേതെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക് എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അര്‍ണബ് പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാറ്റിലുമുപരി, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരിക്കും തന്റെ ചാനലെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജീവ് ചന്ദ്രശേഖര്‍

തുടര്‍ന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ രാജ്യത്തെ ഒരു മാധ്യമവും ഇന്നോളം മുന്നോട്ടുവെച്ചിട്ടില്ലാത്ത അവകാശവാദങ്ങളും അര്‍ണബ് ഗോസ്വാമി നടത്തി. ആഗോള ജനതയോട് ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്ന ഗ്ലോബല്‍ ന്യൂസ് ചാനല്‍ എന്നതാണ് അവയില്‍ പ്രധാനപ്പെട്ടത്. അതോടെ, ചാനല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ദേശീയ മാധ്യമരംഗത്ത് റിപബ്ലിക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ മാസം മുംബൈ ഐ ഐ ടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ റിപ്പബ്ലിക്കിന് പ്രധാനമായും നാല് പ്രത്യേകതകളാണ് ഉണ്ടാകുക എന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദ്യത്തെ സ്വതന്ത്രമാധ്യമം, മികച്ച സാങ്കേതികസഹായത്തോടെയുള്ള ജനാധിപത്യ വാര്‍ത്തകളുടെ അവതരണം, അന്തര്‍ദേശീയ മീഡിയ പ്രൊജക്ട്, രാജ്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുന്ന പച്ചയായ പക്ഷപാതിത്വം എന്നിവയായിരുന്നു ആ പ്രത്യേകതകള്‍.

എന്നാല്‍, എന്തൊക്കെ അവകാശവാദങ്ങള്‍ മുന്നോട്ടുവെച്ചാലും സ്വതന്ത്രമാധ്യമം എന്ന നിലയിലുള്ള റിപ്പബ്ലിക്കിന്റെ നിലനില്‍പിനെ പലരും ചോദ്യം ചെയ്തുകഴിഞ്ഞു. തീര്‍ത്തും സ്വതന്ത്രമായ പത്രാധിപ സമിതി എന്ന അര്‍ണബിന്റെ പ്രഖ്യാപനത്തെ അദ്ദേഹത്തിന്റെ തന്നെ പക്ഷപാതിത്വം നിറഞ്ഞ മാധ്യമ ഭൂതകാലം തന്നെ ചോദ്യം ചെയ്യുന്നുണ്ട്. രാജ്യസഭാ എം പിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വന്‍നിക്ഷേപവും ചാനലിന്റെ സ്വതന്ത്രസ്വഭാവത്തെ നിര്‍ണായകമായി ബാധിക്കും. ബി ജെ പിയുടെയും ദേവഗൗഡയുടെ ജനതാദളിന്റെയും പിന്തുണയോടെയാണ് 2012-ല്‍ ചന്ദ്രശേഖര്‍ രണ്ടാമതും രാജ്യസഭയിലെത്തുന്നത്. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഉള്‍പ്പെടെ സുപ്രധാന പാര്‍ട്ടികള്‍ക്കും ഫണ്ട് ചെയ്തത് ചന്ദ്രശേഖര്‍ ആയിരുന്നു. ഈ സ്വതന്ത്ര എംപി ഇപ്പോള്‍ ബി ജെ പിയുടെ ഉറ്റമിത്രമാണ്. 2009-ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ബംഗ്ലളൂരുവില്‍ നടന്ന ബി ജെ പിയുടെ സുഹൃത്തുക്കള്‍ എന്ന പ്രത്യേകപരിപാടിയില്‍ അതിഥിയായിരുന്നു ചന്ദ്രശേഖര്‍. അതിനെതുടര്‍ന്ന്, ബി ജെ പിയുടെ ദേശീയവികസന പഠനസമിതിയില്‍ അദ്ദേഹത്തെ ദേശീയ അദ്ധ്യക്ഷന്‍ നിധിന്‍ ഖഡ്കരി ഔദ്യോഗികമായി നിയമിച്ചു. അതിന് ശേഷം, പാര്‍ട്ടിയുടെ മിക്ക ലീഡേഴ്‌സ് മീറ്റിലെയും സ്ഥിരസാന്നിധ്യമാണ് രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ ബിഎം യദിയൂരപ്പയുടെ അഭ്യര്‍ഥന മാനിച്ച് പത്മഭൂഷണ്‍ പുരസ്‌കാരവും ഈ രാഷ്ട്രീയമുതലാളിയെ തേടിയെത്തി. എന്‍ ഡി എ കേരളഘടകത്തിന്റെ വൈസ് പ്രസിഡന്റാണ് ഇപ്പോള്‍ ചന്ദ്രശേഖര്‍. കോഴിക്കോട് നടന്ന ബി ജെ പി ദേശീയസംഗമത്തിന് ഫണ്ട് ചെയ്ത പ്രധാനിയും ഇദ്ദേഹമായിരുന്നു.
2016 നവംബറില്‍ ചന്ദ്രശേഖര്‍ പാര്‍ലിമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമാണെന്നും അതിനാല്‍ എല്ലാ നയതന്ത്രബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട പ്രസ്തുത ബില്ലിനെ തീവ്രവലതുപക്ഷ രാഷ്ട്രീയപ്രമുഖരെല്ലാം സ്വാഗതം ചെയ്തു. വിവാദമായ ഒരു റാങ്ക്; ഒരു പെന്‍ഷന്‍ പദ്ധതിയും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. സമീപ കാലത്ത് ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതും ഇദ്ദേഹം തന്നെ. തന്റെ ബിസിനസ് അഭിവൃദ്ധിപ്പെടുത്താനുള്ള ചോദ്യങ്ങള്‍ മാത്രമായിരുന്നു അവയെന്ന് വിമര്‍ശകര്‍ പറയുമെങ്കിലും ബി ജെ പിയുടെ രാജ്യസ്‌നേഹ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ചന്ദ്രശേഖറിന്റെ രാജ്യസഭയിലെ സാന്നിധ്യം. കേന്ദ്രപ്രതിരോധ വകുപ്പിലെ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ കൂടിയാണ് അദ്ദേഹം.
റിപ്പബ്ലിക് ചാനലിന്റെ ഉടമകളായ എആര്‍ ജി ഔട്ട്‌ലയര്‍ കമ്പനിയില്‍ 30 കോടി രൂപയാണ് രാജീവ് ചന്ദ്രശേഖര്‍ നിക്ഷേപിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രധാനനിക്ഷേപകന്‍. ഗോസ്വാമിയും പത്‌നി സാമ്യഭ്രദയും ഉടമകളായ സാര്‍ജ് മീഡിയ ഹോല്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി റിപ്പബ്ലിക് ചാനലിന് വേണ്ടി നിക്ഷേപിച്ചത് 26 കോടി. ആരിന്‍ ക്യാപിറ്റല്‍ പാര്‍ട്‌നേഴ്‌സ് എന്ന കമ്പനിയാണ് മറ്റൊരു പ്രധാന നിക്ഷേപം നടത്തിയത്. റിപ്പബ്ലിക്കിലേക്ക് പ്രധാനമായും ജേണലിസ്റ്റുകളെ നിയമിക്കുന്നത് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള മീഡിയ ആം ജൂപിറ്റര്‍ ആണ്. കേന്ദ്രസര്‍ക്കാറിനെ അനുകൂലിക്കുന്ന, ഇന്ത്യന്‍ ആര്‍മിയെ ആദരിക്കുന്ന, ചെയര്‍മാന്‍ ചന്ദ്രശേഖറിന്റെ ചിന്തകളോട് നീതിപുലര്‍ത്തുന്ന പത്രപ്രവര്‍ത്തകരെ മാത്രമേ ഞങ്ങള്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെ മീഡിയ ആം ജൂപിറ്റര്‍ കമ്പനിയുടെ കീഴിലുള്ള വിവിധ മാധ്യമസ്ഥാപനങ്ങളിലേക്ക് നിയമിക്കുന്നുള്ളൂ എന്നാണ് കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. അപ്പോള്‍ റിപ്പബ്ലിക് എന്ന സ്വതന്ത്രമാധ്യമത്തിന്റെ സ്വഭാവം ഏറെക്കുറെ മാധ്യമനിരീക്ഷകര്‍ ഉറപ്പിച്ചുകഴിഞ്ഞു. ടൈംസ് നൗ എന്ന ചാനലിനേക്കാള്‍ അല്‍പം കൂടി തീവ്രവലതുപക്ഷ നിലപാടുമായി എത്തുന്ന മറ്റൊരു ബി ജെ പി അനുകൂല വാര്‍ത്താചാനല്‍.

ഏത് വാര്‍ത്താചാനലിലും പകുതിയിലധികം സ്റ്റാഫ് എഡിറ്റോറിയലുമായി ബന്ധമില്ലാത്തവരായിരിക്കും. അതേസമയം, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ തീര്‍ച്ചയായും ചാനല്‍ ഉടമകളുടെ ആദര്‍ശത്തോടും നിലപാടുകളോടും കൂറുപുലര്‍ത്തുന്നവരാകുമ്പോഴേ നിക്ഷേപകരുടെ നിര്‍ദേശങ്ങളനുസരിക്കുന്ന അച്ചടക്കമുള്ള ഒരു വാര്‍ത്താചാനല്‍ ഉണ്ടാകൂ. ഈ യാഥാര്‍ഥ്യം കൃത്യമായി മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി. അതുകൊണ്ടു തന്നെയാണ് പച്ചയായി പക്ഷപാതിത്വം കാണിക്കുന്ന തന്റെ സ്വന്തം ആളുകളെ മാത്രം അദ്ദേഹം പുതിയ ചാനലിലേക്ക് ക്ഷണിച്ചത്. കേന്ദ്ര സര്‍ക്കാറിനെ അന്ധമായി അനുകൂലിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തിയതും അങ്ങനെയാണ്. അങ്ങനെ വരുമ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും നല്‍കുന്ന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി റിപ്പബ്ലിക്കിലൂടെ നടപ്പിലാക്കാന്‍ സാധിക്കൂ. റിപ്പബ്ലിക് അര്‍ണബിന്റെ ചാനലാണെങ്കിലും ഐഡിയോളജി മോദിയുടേതാണെന്ന് ദി വയര്‍ ന്യൂസ് വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം എഴുതിയിരുന്നു. അതുകൊണ്ടുതന്നെ റിപ്പബ്ലിക്കിന് കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനേക്കാള്‍ കൃത്യമായ കച്ചവട ലക്ഷ്യവുമുണ്ട്. ബി ജെ പിയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള സുപ്രധാന മാധ്യമമാണ് ഇനി റിപ്പബ്ലിക്. പാക്കിസ്ഥാന്‍ വിരുദ്ധത, മുസ്‌ലിം വിരുദ്ധത, ബി ജെ പി ഭരണമില്ലാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് കവറേജ്, മോദി, അമിത് ഷാ, ജയിറ്റ്‌ലി തുടങ്ങിയവരെ മാധ്യമവിചാരണയില്‍ നിന്ന് രക്ഷിക്കല്‍ തുടങ്ങിയ രാഷ്ടീയ നീക്കങ്ങള്‍ മാത്രമേ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന റിപ്പബ്ലിക്കില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് വിലയിരുത്തിയാണ് ദി വയര്‍ നടത്തിയ വിലയിരുത്തല്‍ അവസാനിക്കുന്നത്.
മാധ്യമകച്ചവടരംഗത്ത് പുതിയ മാതൃകകള്‍ കൊണ്ടുവരാന്‍ ഒരുപക്ഷേ, റിപ്പബ്ലിക്കിന് സാധിച്ചേക്കാം. എന്നാല്‍, യഥാര്‍ഥ ഇന്ത്യന്‍ റിപ്പബ്ലിക്കിന് കാര്യമായെന്തെങ്കിലും സംഭാവന ചെയ്യാന്‍ ഈ പുതിയ ചാനലിന് കഴിയുമോ എന്ന കാര്യം കണ്ടറിയണം. ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന പത്രങ്ങള്‍ക്കും സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്കും മോദിവിരുദ്ധ വാര്‍ത്തകളോടാണ് താത്പര്യം എന്ന് പതിവായി പരാതി പറയാറുള്ള അര്‍ണബ് റിപ്പബ്ലിക്കിലൂടെ കേന്ദ്രസര്‍ക്കാര്‍ അനുകൂലനിലപാട് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിലായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് തീവ്രവലതുപക്ഷ നിലപാടുകളുമായി അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും കടന്നുവരുന്നത്. ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ബി ജെ പി അനുകൂല വോട്ട് പെട്ടിയിലാക്കാന്‍ മാത്രം ശക്തമായിരിക്കുമോ ഈ വാര്‍ത്താചാനല്‍ എന്നതാണ് പ്രധാന ചോദ്യം.

 

Latest