സഊദിയില്‍ അഴിമതി വിരുദ്ധ സമ്മേളനം

Posted on: January 31, 2017 12:19 am | Last updated: January 31, 2017 at 12:33 am

ദമ്മാം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 20,21 തിയ്യതികളില്‍ റിയാദില്‍ സഊദി അഴിമതി വിരുദ്ധ സമ്മേളനം സംഘടിപ്പിക്കുന്നു. സല്‍മാന്‍ രാജാവിന്റെ ആശീര്‍വാദത്തോടെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ (നസാഹ)ആണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യരാജ്യാന്തര തലത്തില്‍ അഴിമതിക്കെതിരെ പൊരുതി പ്രാഗല്‍ഭ്യം തെളിയിച്ചവരും വിദഗ്ധരും സമ്മേളനത്തില്‍ സംബന്ധിക്കും. ഭരണം, സുതാര്യത, പൊതു സ്വകാര്യ മേഖലകളിലെ ഉത്തരവാദിത്വം, അന്താരാഷ്ട്ര സഹകരണം, ആസ്തി വീണ്ടെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയും പഠനവും നടക്കും. വിഷന്‍ 2030 ലെ ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് അഴിമതി വിരുദ്ധ സമ്മേളനം

സംഘടിപ്പിക്കുന്നതെന്ന് നസാഹ പ്രസിഡന്റ് ഖാലിദ് അബ്ദുല്‍ മുഹ്‌സിന്‍ പറഞ്ഞു. കൂടാതെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അന്താരാഷ്ട്ര ശ്രമങ്ങളോടൊപ്പം നില്‍ക്കാനുള്ള രാജ്യത്തിന്റെ താല്‍പര്യമാണിതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സഊദി ഇലക്ട്രിസിറ്റി കമ്പനിയില്‍ 80 മില്യന്‍ റിയാലിന്റെ അഴിമതിയാണ് നസാഹ പിടികൂടിയത്.