Connect with us

Eranakulam

ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബേങ്ക് പണിമുടക്ക്

Published

|

Last Updated

കൊച്ചി: നോട്ട് നിരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബേങ്ക് പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബേങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതുമേഖല, സ്വകാര്യ, വിദേശ, സഹകരണ, ഗ്രാമീണ ബേങ്കുകളിലെ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.
നിക്ഷേപം പിന്‍വലിക്കാന്‍ ബേങ്ക് ശാഖകളിലും എ ടി എമ്മുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുക, സഹകരണ – ഗ്രാമീണ ബേങ്കുകളിലടക്കം ആവശ്യത്തിന് കറന്‍സികളെത്തിക്കുക, കോടിക്കണക്കിന് രൂപയുടെ പുതിയ കറന്‍സികള്‍ വന്‍കിടക്കാരില്‍ എത്തിയതിനെ കുറിച്ച് സി ബി ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി അടുത്ത മാസം രണ്ടിന് സായാഹ്ന ധര്‍ണകള്‍, ആറിന് റാലി എന്നിവ നടക്കും. സമ്പദ് ഘടനയിലും ബേങ്കിംഗ് മേഖലകളിലും നോട്ട് നിരോധം സൃഷ്ടിച്ച പ്രതിസന്ധി തുടരുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധികളായ സി ഡി ജോസണ്‍, പി പി വര്‍ഗീസ്, ഓള്‍ ഇന്ത്യ ബേങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ജി ശ്രീകുമാര്‍, പി അരവിന്ദാക്ഷന്‍, ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് എസ് അനില്‍, കെ എസ് രവീന്ദ്രന്‍ സംബന്ധിച്ചു.

Latest