Connect with us

Uae

ലോകത്തിന് ഒരു നേരത്തെ ഭക്ഷണം നല്‍കി 'മലബാര്‍ അടുക്കള'

Published

|

Last Updated

ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷതോടനുബന്ധിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഭക്ഷ്യബേങ്ക് പദ്ധതിയില്‍ “മലബാര്‍ അടുക്കള” ഫേസ്ബുക്ക് കൂട്ടായ്മയും പങ്കുചേര്‍ന്നു.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള മലബാര്‍ അടുക്കള കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്ക് “ഒരു നേരത്തെ ആഹാരം” നല്‍കിയതായി സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദലി ചാക്കോത്ത് പറഞ്ഞു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും, കേരളത്തിലെ എല്ലാ ജില്ലകളിലും, മുംബൈ, ഡല്‍ഹി, മംഗലാപുരം, ഹൈദരബാദ്, ഊട്ടി തുടങ്ങിയ നഗരങ്ങളിലും തുര്‍ക്കിയിലും അമേരിക്കയിലെ ടെക്‌സാസിലും വിതരണം ചെയ്തു.
അംഗങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരുന്നതോടൊപ്പം റെസ്റ്റോറന്റുകളുടെ സഹകരണത്തോടെയുമായിരുന്നു ഭക്ഷ്യ വിതരണം. യു എ ഇ ലേബര്‍ ക്യാമ്പുകളില്‍ ബിരിയാണി വിതരണം ചെയ്തു. നാല് ലേബര്‍ ക്യാമ്പുകളിലായി രണ്ടായിരത്തോളം തൊഴിലാളികള്‍ക്കാണ് ഭക്ഷണമെത്തിച്ചത്.
ഡല്‍ഹിയില്‍ 500 പേര്‍ക്കും മംഗലാപുരം ഗവണ്‍മന്റ് ഹോസ്പിറ്റല്‍ വെന്‍ലോക് 1000 പേര്‍ക്കും മലയാളി നേഴ്‌സുമാര്‍ നടത്തുന്ന തുര്‍ക്കിയിലെ അനാഥാലയത്തില്‍ 500 പേര്‍ക്കും ഭക്ഷണം നല്‍കി. ഹൈദരബാദിലെ ക്യാന്‍സര്‍ സെന്ററിലും ഊട്ടിയിലെ അനാഥാലയത്തിലുമാണ് ഭക്ഷണം വിതരണം ചെയ്തത്. മുംബൈയില്‍ നാലോളം സ്ഥലങ്ങളിലായി അഞ്ഞൂറോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കി.
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ അടുക്കള ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 2.22 ലക്ഷം പിന്നിട്ടതിന്റെ സന്തോഷം കൂടിയായാണ് ദാന ഉദ്യമത്തില്‍ പങ്കുചേര്‍ന്നത്. യു എ ഇയില്‍ മാത്രം 60,000ലേറെ അംഗങ്ങളുണ്ട് ഈ ഗ്രൂപ്പിന്. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഫേസ്ബുക്ക് കൂട്ടായ്മ വിവിധ രാജ്യങ്ങളില്‍ ഒരേ ദിവസം ഭക്ഷ്യ വിതരണം നല്‍കുന്നതെന്ന് അഡ്മിന്‍ ഫൈസല്‍ കണ്ണോത്ത് പറഞ്ഞു. അഡ്മിന്മാരായ അനസ് പുറക്കാട്, ലിജിയ റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യു എ ഇയിലെ ഭക്ഷണ വിതരണം.

 

Latest