റിപ്പബ്ലിക് ദിന പരേഡില്‍ യു എ ഇ സേന ശ്രദ്ധ പിടിച്ചുപറ്റി

Posted on: January 30, 2017 9:35 pm | Last updated: January 30, 2017 at 9:35 pm

ദുബൈ: ഇന്ത്യയുടെ റിപ്പബ്ലിക്ദിന പരേഡിന്റെ മുന്‍ നിരയില്‍ അണിനിരന്ന യു എ ഇ സേനക്ക് വ്യാപക പ്രശംസ. യു എ ഇയുടെ കര, വ്യോമ, നാവിക സേനയുടെ 179 ഭടന്മാരാണ് പരേഡില്‍ അണിനിരന്നത്. പരേഡിന്റെ മുന്‍നിരയില്‍ മാര്‍ച്ച് ചെയ്തതും യു എ ഇ സംഘമായിരുന്നു.

യു എ ഇയുടെ ദേശീയഗാനം ആലപിച്ച് അവരുടെ സൈനിക ബാന്‍ഡ് സെറ്റും സംഘത്തെ അനുഗമിച്ചു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനോടുള്ള ആദരസൂചകമായാണ് യു എ ഇ സൈന്യവും പരേഡില്‍ അണിനിരന്നത്. രാജ്പഥില്‍ അണിനിരന്ന ആയിരങ്ങള്‍ യു എ ഇ സേനയെ കൈയടികളോടെ വരവേറ്റു. ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കൊപ്പമിരുന്നാണ് ശൈഖ് മുഹമ്മദ് പരേഡ് വീക്ഷിച്ചത്. യു എ ഇ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഏറെ ആവേശത്തോടെ ചടങ്ങുകള്‍ വീക്ഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം എത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ പരേഡ് വീക്ഷിക്കാനുള്ള പ്രത്യേകവേദിക്കടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. പരേഡ് കഴിയുന്നതുവരെ ശൈഖ് മുഹമ്മദ് അവിടെ സന്നിഹിതനായിരുന്നു.