Connect with us

Kerala

ലോ അക്കാദമിയിലെ രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു; രാജിവെക്കാതെ സമരം നിര്‍ത്തില്ലെന്ന് വിദ്യാര്‍ഥികള്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി മാനേജ്‌മെന്റുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റ് തള്ളിയതോടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. സമരം തുടരുമെന്നും അവര്‍ അറിയിച്ചു. ചര്‍ച്ചക്കിടയില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് അവരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ചെങ്കിലും തീരുമാനമായില്ല. എസ് എഫ് ഐ ഒഴികെയുള്ള വിദ്യാര്‍ഥി ഐക്യം പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറിലധികം നടത്തിയ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. ഏറ്റവും അവസാനമാണ് എസ് എഫ് ഐ നേതാക്കള്‍ പുറത്തിറങ്ങിയത്.

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും ഉടന്‍ പ്രശ്‌നപരിഹാമുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തോടെ ഇന്നലെ തന്നെ ലോ അക്കാദമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ചര്‍ച്ചയില്‍ തുടക്കം മുതല്‍ ലക്ഷ്മി നായര്‍ രാജിവെക്കില്ലെന്ന നിലപാട് മാനേജ്‌മെന്റ് കൈക്കൊണ്ടതോടെ ചര്‍ച്ച പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാറിന്റെ തീരുമാനം ഇന്നുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.

പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജിവെക്കാതെ അവധിയെടുക്കാമെന്നും ഇക്കാലയളവില്‍ അക്കാദമിയില്‍ അധ്യാപനം തുടരുമെന്നുമായിരുന്നു ആദ്യ ചര്‍ച്ചയില്‍ ലക്ഷ്മി നായരുടെ നിലപാട്. വൈസ് പ്രിന്‍സിപ്പലിന് സ്ഥാനം കൈമാറാമെന്നും വ്യക്തമാക്കി. എന്നാല്‍ പ്രതിയായ പ്രിന്‍സിപ്പലിനെ അധ്യാപികയായി അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്ത് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോന്നു.
താത്കാലികമായി പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തിക്കൊണ്ട് വൈസ് പ്രിന്‍സിപ്പലിനെ ചുമതല ഏല്‍പ്പിക്കാമെന്ന നിലപാടാണ് രണ്ടാം തവണയും മാനേജ്‌മെന്റ് കൈക്കൊണ്ടത്. എത്രകാലത്തേക്ക് പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തുമെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. പ്രിന്‍സിപ്പലിന്റെ രാജിയടക്കമുള്ള സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി. സമരം കൂടുതല്‍ ശക്തമാക്കുമെന്നും ലക്ഷ്മി നായരുടെ രാജിയല്ലാതെ പ്രശ്‌ന പരിഹാരത്തിനു മറ്റ് മാര്‍ഗമില്ലെന്നും വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ അറിയിച്ചു.
സംഘര്‍ഷാന്തരീക്ഷത്തിനിടെ കോളജിന് സമീപം പോലീസും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി.