കായിക ദിനത്തില്‍ വിപുലമായ പരിപാടികള്‍ ഒരുക്കി അസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍

Posted on: January 30, 2017 8:32 pm | Last updated: January 30, 2017 at 8:32 pm
ദേശീയ കായിക ദിന പരിപാടികള്‍ അവലോകനം ചെയ്യാന്‍ അസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ നടത്തിയ യോഗം

ദോഹ: ഈ വര്‍ഷത്തെ ദേശീയ കായിക ദിനാഘോഷങ്ങള്‍ക്ക് അസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ (എ ഇസഡ് എഫ്) അന്തിമരൂപം നല്‍കി. അസ്പയര്‍ സോണ്‍ ഫൗണ്ടേഷന് പുറമെ അസ്പയര്‍ അക്കാദമി, അസ്പിറ്ററ്, അസ്പയര്‍ ലോജിസ്റ്റിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ചേര്‍ന്നാണ് കായിക ദിനാഘോഷങ്ങള്‍ നടത്തുന്നത്. 25ലേറെ അപൂര്‍വ പരിപാടികള്‍ ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ കായിക ദിന പരിപാടികളില്‍ പതിനെട്ടിലേറെ മറ്റ് സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. പ്രായമോ ശാരീരികക്ഷമതയോ പരിഗണിക്കാതെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റിയ പരിപാടികളാണ് ഇപ്രാവശ്യം ഉള്‍പ്പെടുത്തിയത്.

കൂട്ടായ പരിചയവും കായിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി മികച്ച രീതിയിലാണ് അസ്പയര്‍ സ്ഥാപനങ്ങള്‍ കായിക ദിനത്തിന് ആതിഥേയത്വം വഹിക്കുകയെന്ന് കായിക ദിന സംഘാടക കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുബാറക് അല്‍ കുവാരി പറഞ്ഞു. സമൂഹത്തിലെ എല്ലാവര്‍ക്കും കടന്നുവരാനും തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.
ഈ വര്‍ഷം സ്‌പോര്‍ട്‌സ് സയന്‍സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് അസ്പയര്‍ അക്കാദമി ഒരുക്കിയത്. അസ്പിറ്ററിന്റെ വ്യായാമമാണ് മരുന്ന് എന്ന പദ്ധതിക്ക് വേണ്ടി വിദഗ്ധര്‍ ഒരുക്കിയ 5000 നടത്തരീതികളും മനസ്സിലാക്കാം.

അസ്പിറ്ററിന്റെ വെസ്റ്റ് വിംഗില്‍ രാവിലെ പത്ത് മുതല്‍ രണ്ട് മണിക്കൂര്‍ നോര്‍ഡിക് നടത്ത പരിപാടിയുണ്ടാകും. നോര്‍ഡിക് നടത്തം അനുസരിച്ച് ചെറിയ ചലനത്തിലൂടെ ശരീരത്തിന് മൊത്തം ക്ഷമതയുണ്ടാക്കുന്നതാണ്. ഹൃദയത്തിന് ശക്തി പകരാനും കൂടുതല്‍ കലോറികള്‍ കത്തിച്ചുകളയാനും 90 ശതമാനം ശരീര പേശികളെ സജീവമാക്കാനും സാധിക്കും.
നടത്തത്തിലൂടെ മുഴുവന്‍ ശരീര ഭാഗങ്ങളും ചലിക്കുന്ന രീതിയാണിത്. നടത്തത്തിന് പുറമെ വിനോദ കളി, വിവിധ വ്യായാമമുറകള്‍ എന്നിവയുമുണ്ടാകും. ഫുട്‌ബോള്‍ പിച്ച് പത്തില്‍ ലോകത്തെ പുരാതന കായികാഭ്യാസ പ്രകടനമായ ജപ്പാന്റെ കെന്‍ഡോ അരങ്ങേറും. ജപ്പാന്‍ എംബസിയുമായി സഹകരിച്ചാണ് ഈ പരിപാടി. പത്ത് മുതല്‍ പന്ത്രണ്ട് വരെയാണ് ഇത്.

ഏറെ ജനകീയമായ ഫണ്‍ റണ്‍ പരിപാടിയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പങ്കെടുക്കാം. അസ്പയര്‍ സോണിന് ചുറ്റും മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓടേണ്ടത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അസ്പയര്‍ സോണിന്റെ വിവിധ സൗകര്യങ്ങളും പദ്ധതികളും കാണുകയും ചെയ്യാം. രാവിലെ 6.30ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ 7.30ന് അവസാനിക്കും. എട്ട് മണിക്ക് ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനും ടോര്‍ച്ച് ഹോട്ടലിനും ഇടയിലുള്ള പ്രദേശത്താണ് ഓട്ടം തുടങ്ങുക. ഫുട്‌ബോള്‍ പിച്ച് പത്തില്‍ കുട്ടികള്‍ക്കായി രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ജമ്പിംഗ് കാസില്‍സ്, മിനിയേച്ചര്‍ ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ഒബ്‌സറ്റക്ള്‍ ജമ്പിംഗ്, ടെലിമാച്ച് ഗെയിംസ് അടക്കം നിരവധി വിനോദ മത്സരങ്ങളുണ്ടാകും.

അസ്പയര്‍ ഡോമില്‍ ഓട്ടം, ഹാമര്‍ത്രോ അടക്കമുള്ള പരിപാടികളുണ്ടാകും. വിവിധ പ്രായത്തിലുള്ളവര്‍ക്ക് പറ്റിയ പരിപാടികളായതിനാല്‍ 2500 പേരെ വരെയാണ് അസ്പയര്‍ ഡോമില്‍ പ്രതീക്ഷിക്കുന്നത്.
ഷൂട്ടിംഗ്, ഡ്രിബ്ലിംഗ് അടക്കം ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ അസ്പയറിലെ സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് ഫുട്‌ബോള്‍ പെര്‍ഫോമന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആസൂത്രണം ചെയ്തിട്ടുണ്ട്.