എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്‌

>>ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും
Posted on: January 30, 2017 7:57 pm | Last updated: January 31, 2017 at 10:02 am

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഭാഗികമായി പിന്‍വലിച്ചു. സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി ഒറ്റത്തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 10,000ല്‍ നിന്ന് 24,000 ആക്കി ഉയര്‍ത്തി. എന്നാല്‍ ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും. പുതിയ ഉത്തരവ് ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും

കറണ്ട് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം പിന്‍വലിക്കാന്‍ ഇനി പരിധികളുണ്ടാകില്ല. കറണ്ട് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയ്ക്കും ഇളവുകള്‍ ബാധകമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് വേണമെങ്കില്‍ പരിധി വെയ്ക്കാമെന്നും റിസര്‍വ് ബാങ്ക് ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന സേവിങ്‌സ് അക്കൗണ്ടില്‍ പ്രതിവാര പിന്‍വലിക്കല്‍ പരിധി പഴയത് പോലെ തന്നെ തുടരുമെങ്കിലും ഒറ്റ തവണയായി 24,000 രൂപ ബുധനാഴ്ച മുതല്‍ പിന്‍വലിക്കാന്‍ കഴിയുമെന്ന നേട്ടമുണ്ട്. പൊതുബജറ്റ് മറ്റെന്നാള്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ന് പണം പിന്‍വലിക്കലില്‍ കൂടുതല്‍ ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.