Connect with us

Gulf

എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷകള്‍ ഭൂരിഭാഗവും തീര്‍പ്പാക്കി

Published

|

Last Updated

ദോഹ: വിദേശ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളിലെ തര്‍ക്കങ്ങള്‍ പരഹരിന്നതിനായി രൂപവത്കരിച്ച കമ്മിറ്റിക്കു മുന്നില്‍ ഒരു മാസത്തിനിടെ എത്തിയത് 498 പരാതികള്‍. ലഭിച്ച പരാതികളില്‍ 321 എണ്ണവും പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.

പുതിയ തൊഴില്‍ നിയമം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഡിസംബര്‍ മധ്യത്തിലാണ് എക്‌സിറ്റ് പെര്‍മിറ്റ് തര്‍ക്ക പരിഹാര സമിതി നിലവില്‍ വന്നത്. കമ്പനികളോട് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യപ്പെട്ട് നിഷേധിക്കുന്ന സാഹചര്യമുണ്ടായില്‍ സമിതിയെ സമീപിക്കാനാണ് നിര്‍ദേശം. ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് മൂന്നു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സമിതി തീരുമാനമെടുക്കുക. ഒരു മാസത്തിനിടെ ലഭിച്ച പരാതികളില്‍ 20 എണ്ണത്തില്‍ പെട്ടെന്നു തീരുമാനമെടുത്തു. 286 പരാതികളില്‍ തൊഴിലുടമകളുമായി നടത്തിയ സൗഹാര്‍ദപരമായ ചര്‍ച്ചകളിലൂടെയാണ് പരിഹാരം കണ്ടത്.
എന്നാല്‍ 177 അക്ഷക്ഷളില്‍ കമ്മിറ്റിയുടെ പരിധിക്കപ്പുറമുള്ള പ്രശ്‌നങ്ങളുണ്ടെന്നും ആഭ്യന്തര മന്ത്രാലം പ്രതിനിധികള്‍ അറിയിച്ചു.

തൊഴിലുടമയുടെ അടുത്തു നിന്നും സമ്മതമില്ലാതെ പോകുന്നവര്‍ തൊഴില്‍ നിയമപ്രകാരം ചാടിപ്പോയവരാണ്. അവര്‍ രാജ്യത്തു നിന്നും പുറത്തു കടക്കുന്നത് വിലക്കും. ഇത്തരം ഘട്ടങ്ങളില്‍ നിയമനടപടികളില്‍നിന്നു മുക്തി നേടിയ ശേഷം മാത്രമേ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കാനാകൂ. ലഭിച്ച അപേക്ഷകളില്‍ 138 ചാടിപ്പോയ കേസുകളില്‍ പെട്ടവരാണുണ്ടായിരുന്നത്. 22 പേര്‍ മറ്റൊരു തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യുന്നവരായിരുന്നു. സാധാരണഗതിയില്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കാന്‍ സമ്മതിക്കുന്നവരാണ് ഭൂരിഭാഗം കമ്പനികളും. തൊഴിലാളിയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ് എക്‌സിറ്റ് പെര്‍മിറ്റ് നിഷേധിക്കുന്നത്. ഇത്തരം ഘട്ടങ്ങളിലാണ് തര്‍ക്ക പരിഹാര സമിതിക്കു മുന്നില്‍ പരാതിയെത്തുന്നത്.
പരാതികള്‍ പരിശോധിക്കുന്നതിന് എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയുമാണ് സമിതി യോഗം ചേരുന്നതെന്ന് സമിതി ചെയര്‍മാനും ആഭ്യന്തര മന്ത്രാലയം ലീഗല്‍ അഫയേഴ്‌സ് ഡയറക്ടറുമായ ബ്രിഗേഡിയര്‍ സലീം സാലിം സഖര്‍ അല്‍ മിറൈഖി പറഞ്ഞു. ജീവനക്കാര്‍ക്ക് വാര്‍ഷിക അവധിക്കും അടിയന്തര അവധിക്കും ലീവ് അനുവദിക്കുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാന്‍ സമിതി കമ്പനികളോട് നിര്‍ദേശിക്കുന്നു. എക്‌സിറ്റ് പെര്‍മിറ്റ് നിഷേധിക്കപ്പെട്ടാല്‍ നാട്ടില്‍ പോകുന്നതിന്റെ കാരണംകൂടി കാണിച്ച് മെത്രാഷ് രണ്ടിലൂടെയോ ഹുകൂമിയിലൂടെയോ സമിതിയെ അറിയിക്കാം.

 

Latest