എം ഒ ഐയുടെ 13 സേവനങ്ങള്‍ കൂടി ഇലക്‌ട്രോണിക്‌വത്കരിച്ചു

Posted on: January 30, 2017 7:41 pm | Last updated: January 30, 2017 at 7:41 pm

ദോഹ: ആഭ്യന്തര മന്ത്രാലയം നല്‍കുന്ന 13 സേവനങ്ങള്‍ കൂടി ഇലക്‌ട്രോണിക്‌വത്കരിച്ചതായി മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച ഇ സേവനങ്ങള്‍ക്കു ലഭിച്ച സ്വീകാര്യത പരിഗണിച്ചാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

സെക്യൂരിറ്റി പെര്‍മിറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ഹമദ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട്, ഹമദ് പോര്‍ട്ട് തുടങ്ങിയ സൈറ്റുകളിലൂടെയും അനുവദിക്കുന്നതിനുള്ള രീതി നടപ്പില്‍ വരുത്തുന്നതായി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിഭാഗം പ്രതിനിധികള്‍ പറഞ്ഞു. ഓര്‍ഡര്‍ രജിസ്‌ട്രേഷന്‍, സെക്യൂരിറ്റി ഓഡിറ്റിംഗ്, ഫീ കലക്ഷന്‍, പെര്‍മിറ്റ് ഫോം, പെര്‍മിറ്റ് നല്‍കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ വ്യക്തികളെ കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇതുവഴി ലഭ്യമാകും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് സര്‍വീസ് കേന്ദ്രങ്ങളല്‍ നേരിട്ടെത്തുന്നവരുടെ എണ്ണം കുറക്കുന്നതിനായുള്ള ഇലക്‌ട്രോണിക് സേവനം അടുത്ത മാസം പ്രവര്‍ത്തനക്ഷമമാകും. വാണിജ്യ, സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചാണ് ഇതു നടപ്പിലാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് ഇന്റര്‍നാഷനല്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നതിനും വ്യത്യസ്ത സിസ്റ്റങ്ങളിലേക്ക് ഏകീകൃത ഉപയോഗരീതി സൃഷ്ടിക്കുന്നതിനും സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗവും ഇല്ക്‌ട്രോണിക് സംവിധാനം വികസിപ്പിക്കുന്നുണ്ട്.
ഇതിനകം 250ലധികം ഓണ്‍ലൈന്‍ സേവനങ്ങളാണ് മന്ത്രാലയം അനുവദിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 96 സേവനങ്ങളും മെത്രാഷ് രണ്ടു വഴി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 70 ലക്ഷം അന്വേഷണങ്ങളാണ് ഓണ്‍ലൈന്‍ വഴി മന്ത്രാലയത്തിനു ലഭിച്ചത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 32 ശതമാനം കൂടുതലായിരുന്നു ഇത്. 120 ലക്ഷം സന്ദര്‍ശനങ്ങളാണ് മന്ത്രാലയത്തിന്റെ വെബ് സൈറ്റിനു ലഭിച്ചത്. മെത്രാഷ് രണ്ടിലൂടെ 20 ലക്ഷം ഇടപാടുകള്‍ നടന്നു. 2015നേക്കാള്‍ 54 ശതമാനം വര്‍ധനയാണിത്. പ്രതിദിനം ശരാശരി 16000 പേരാണ് ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്നത്. മൂന്നു ലക്ഷം പേരാണ് മെത്രാഷ് ആപ്പ് ഉപയോഗിക്കുന്നത്.