അവിസ്മരണീയ തിരിച്ചുവരവ്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ റോജര്‍ ഫെഡറര്‍ക്ക്

Posted on: January 30, 2017 9:32 am | Last updated: January 30, 2017 at 9:32 am
SHARE

മെല്‍ബണ്‍: ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വന്ന ഗ്രാന്റ് ഫിനാലെയില്‍ അന്തിമ ജയം റോജര്‍ ഫെഡററിന്. അഞ്ച് സെറ്റുകള്‍ നീണ്ട ആവേശപ്പോരാട്ടത്തില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ മുട്ടുകുത്തിച്ച സ്വിസ് താരം ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു.
കണക്കുകളും പ്രവചനങ്ങളുമെല്ലാം എതിരായിരുന്നിട്ടും പ്രായമല്ല, പ്രകടനമാണ് ചാമ്പ്യനെ നിര്‍ണയിക്കുന്നതെന്ന് ഫെഡറര്‍ തെളിയിച്ചു. മുപ്പത്തിയഞ്ചാം വയസ്സില്‍ പതിനെട്ടാം ഗ്ലാന്‍സ്ലാം നേടിയ ഫെഡറര്‍ മെല്‍ബണ്‍ പാര്‍ക്കിലെ റോഡ് ലേവര്‍ അരീനയില്‍ മിന്നിത്തിളങ്ങി. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3.
കരിയറിലെ 89ാം കിരീടവും അഞ്ചാം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടവുമാണ് ഫെഡറര്‍ സ്വന്തമാക്കിയത്.
ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി ഫെഡറര്‍ നയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരിച്ചുവരവ് നടത്തിയ നദാല്‍ 6-3ന് രണ്ടാം സെറ്റ് തിരികെ പിടിച്ചു. തൊട്ടടുത്ത സെറ്റില്‍ 6-1ന്റെ വിജയവുമായി ഫെഡറര്‍ നദാലിനെ നിഷ്പ്രഭനാക്കി. വിട്ടുകൊടുക്കാന്‍ നദാല്‍ ഒരുക്കമായിരുന്നില്ല. 3-6ന് നദാല്‍ നാലാം സെറ്റ് നേടിയതോടെ ഗ്യാലറി ഇളകിമറിഞ്ഞഞ്ഞു.
നിര്‍ണായക അവസാന സെറ്റില്‍ തുടക്കത്തില്‍ നദാല്‍ മുന്നിട്ടുനിന്നെങ്കിലും ഉശിരന്‍ പ്രകടനത്തിലൂടെ 6-3ന് സെറ്റ് സ്വന്തമാക്കി ഫെഡറര്‍ കിരീടം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
നാട്ടുകാരനും മൂന്നാം സീഡുമായ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ പരാജയപ്പെടുത്തിയാണ് സ്വിസ് താരമായ റോജര്‍ ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചത്. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ച് നദാല്‍ കലാശപ്പോരിന് യോഗ്യത നേടി. ഇരുവരും അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയിച്ചുകയറിയത്. 2012ന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കീരിടം ചൂടുന്നത്. മുപ്പത്തിനാല് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 23 തവണയും നദാലിനൊപ്പമായിരുന്നു ജയം.

LEAVE A REPLY

Please enter your comment!
Please enter your name here