Connect with us

Sports

ആഫ്രിക്കന്‍ നാഷന്‍സ് കപ്പ്: കാമറൂണ്‍, ബുര്‍കിന ഫാസോ സെമിയില്‍

Published

|

Last Updated

ഗാബോണ്‍: സെനഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 ന് കീഴടക്കി കാമറൂണും ടുണീഷ്യയെ 2-0ത്തിന് തോല്‍പ്പിച്ച് ബുര്‍കിന ഫാസോയും ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ സെമി ഫൈനലില്‍ കടന്നു.
ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ താരം സാദിയോ മാനെയുടെ പിഴവാണ് സെനഗലിന് വിനയായത്. മാനെയെടുത്ത പെനാല്‍റ്റി കിക്ക് കാമറൂണ്‍ ഗോള്‍ കീപ്പര്‍ ഫ്രാബ്രിസ് ഒണ്ടോയ തടുത്തിടുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-4 എന്ന നിലയില്‍ നില്‍ക്കെയാണ് മാനെ ഷോട്ടെടുക്കാനെത്തിയത്. കാമറൂണിന്റെ അഞ്ചാം ഷോട്ടെടുത്ത അബൗബക്കര്‍ ലക്ഷ്യം കണ്ടതോടെ കാമറൂണ്‍ ഫൈനലിലേക്ക് കുതിച്ചു. നാല് തവണ ആഫ്രിക്കന്‍ ചാമ്പ്യന്മാരാണ് കാമറൂണ്‍.
നിശ്ചിത സമയവും അധിക സമയവും ഗോള്‍രഹിതമായതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്തും അധിക സമയത്തും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും പോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്ന സെനഗല്‍ തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു.
15 വര്‍ഷം മുമ്പ് മാലിയില്‍ നടന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫൈനലിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു മത്സരം. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സെനഗലിനെ 3-2ന് കീഴടക്കിയാണ് കാമറൂണ്‍ ചാമ്പ്യന്മാരായത്. ഡി ആര്‍ കോംഗോ- ഘാന മത്സരത്തിലെ വിജയികള്‍ കാമറൂണിന് സെമിയില്‍ എതിരാളികളായെത്തും. പകരക്കാരനായെത്തിയ അരിസ്റ്റിഡ് ബാന്‍സ്, പ്രിജുസ് നകോല്‍മ എന്നിവരുടെ തകര്‍പ്പന്‍ ഗോളുകളുടെ മികവിലാണ് ബുര്‍കിന ഫാസോ ടൂണിഷ്യയെ കീഴടക്കിയത്. 81ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കിലൂടെയാണ് ബാന്‍സ് ഗോള്‍ കണ്ടെത്തിയത്. 84ാം മിനുട്ടില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ നകോല്‍മ ബുര്‍കിന ഫാസോയുടെ വിജയമുറപ്പിച്ചു. ബുധനാഴ്ച നടക്കുന്ന മൊറോക്കോ- ഈജിപ്ത് മത്സരത്തിലെ വിജയികളെ ബുര്‍കിനാ ഫാസോ സെമിയില്‍ നേരിടും.

Latest