Connect with us

Articles

ഗാന്ധി ഘാതകര്‍ ആരാണ്?

Published

|

Last Updated

ജനുവരി 30 മഹാത്മാവിന്റെ രക്തസാക്ഷിദിനമാണ്. 1948 ജനുവരി 30-നാണ് ഹിന്ദുവര്‍ഗീയവാദികള്‍ മഹാത്മജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. എന്തിനു വേണ്ടിയായിരുന്നു ഗാന്ധിജിയെ ഹിന്ദുത്വവാദികള്‍ വധിച്ചത്. ആര്‍. എസ് എസിനും ഹിന്ദുമഹാസഭക്കും ആ വധത്തിലുള്ള അപരാധപൂര്‍ണമായ പങ്ക് മറച്ചുപടിക്കാനുള്ള കൗശലപൂര്‍വമായ ശ്രമങ്ങളാണ് കഴിഞ്ഞ ഏഴ് ദശകകാലത്തോളമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദു മുസ്‌ലിം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്ന് വാദിച്ച ഗാന്ധിജി എന്നും ഹിന്ദുത്വവാദികളുടെ ശത്രുവായിരുന്നു. ഗാന്ധി ഘാതകരുടെ ലക്ഷ്യം ഹിന്ദുരാഷ്ട്ര നിര്‍മിതിക്ക് തടസ്സമായിരുന്ന മഹാത്മാവിനെ അവസാനിപ്പിക്കുക എന്നതായിരുന്നു. ഹിന്ദുത്വവാദികളുടെ മുഖപ്രസിദ്ധീകരണങ്ങളായിരുന്ന കേസരി മുതല്‍ ഹിന്ദു രാഷ്ട്രദള്‍ വരെയുള്ള പത്രങ്ങള്‍ നടത്തിയ നീചമായ പ്രചരണങ്ങളാണ് നാഥുറാം വിനായക് ഗോഡ്‌സെ വരെയുള്ളവരെ ഗാന്ധി വധത്തിലേക്ക് നയിച്ചത്.
ബിര്‍ലാ മന്ദിരത്തില്‍ ഇന്ത്യന്‍ ഭരണാധികാരികളുമായി വര്‍ഗീയകലാപം അവസാനിപ്പിക്കാനുള്ള നടപടികളും പാക്കിസ്ഥാനുള്ള ധനസഹായമുള്‍പ്പെടെയുള്ള കാര്യങ്ങളിലെ ഉറപ്പും വാങ്ങിച്ച് ഗാന്ധി തന്റെ നിരാഹാരസമരം അവസാനിപ്പിച്ച വാര്‍ത്ത പുറത്തുവന്നതോടെ, പൂനയിലെ “ഹിന്ദുരാഷ്ട്ര ദള്‍” പത്രമോഫീസില്‍ ഗാന്ധിവധത്തിനുള്ള ഗൂഢാലോചന പിരിമുറുക്കത്തോടെ ആരംഭിച്ചു. എത്രയും വേഗം ഗാന്ധിയെ അവസാനിപ്പിക്കണമെന്ന അദമ്യമായ അഭിലാഷത്തോടെ ഒത്തുകൂടിയവരായിരുന്നു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടത്. നാഥുറാം വിനായക് ഗോഡ്‌സേയും നാരായണ ആപ്‌തെയും വിഷ്ണു രാമകൃഷ്ണകാല്‍ക്കറെയും ഗാന്ധി വിദേ്വഷം കൊണ്ട് തിളച്ചുമറിയുകയായിരുന്നു. മുസ്‌ലിംളെ മാറോടണക്കുന്ന, പാക്കിസ്ഥാനോട് സഹാനുഭാവം പുലര്‍ത്തുന്ന ഗാന്ധിയെ എത്രയും വേഗം വധിച്ചാല്‍ മാത്രമെ ഹിന്ദുരാഷ്ട്ര നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന സവര്‍ക്കറുടെ ഉപദേശവും സ്റ്റഡി ക്ലാസുകളുമാണ് ഗാന്ധിവധത്തിലെ പ്രതികളെ മനുഷ്യത്വത്തിനെതിരായ ഈ മഹാപാതകത്തിനുള്ള ഉന്മാദിനികളാക്കിയത്. ഗാന്ധിവധത്തിനു പിറകിലെ ഗൂഢാലോചന അനേ്വഷിച്ച മുംബൈ പോലീസ് വിശദാംശങ്ങളോടെ ഈ വിവരങ്ങളെല്ലാം കണ്ടെത്തിയിരുന്നല്ലോ.
ആര്‍. എസ് എസ്-ബി ജെ പി നേതാക്കള്‍ ഗോഡ്‌സേക്ക് ആര്‍ എസ് എസുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഗീബല്‍സിയന്‍ രീതിയില്‍ ആവര്‍ത്തിക്കാറുള്ളത്. എന്നാല്‍ മുസ്‌ലിം ലീഗെന്ന പോലെ ദ്വിരാഷ്ട്രവാദത്തിന്റെ ഹിന്ദു പക്ഷനിലപാടുകള്‍ ഉയര്‍ത്തിയ സവര്‍ക്കറും ഹെഡ്‌ഗേവാറും അവരുടെ ധൈഷണിക മാര്‍ഗദര്‍ശിയായ ഡോ. മുഞ്‌ജേയും ചേര്‍ന്നാണല്ലോ ആര്‍ എസ് എസിന് ജന്മം നല്‍കുന്നത്. ഹിന്ദുമഹാസഭയുടെ സൈനികദളം പോലെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തനമാരംഭിച്ചത്. ഗാന്ധി ഘാതകനായ നാഥുറാംവിനായക്‌ഗോഡ്‌സെ ഹിന്ദുമഹാസഭയിലും ആര്‍ എസ്എസിലും സജീവമായി പ്രവര്‍ത്തിച്ച ആളാണ്. ലോകജനതയും ഇന്ത്യന്‍ ജനതയും ഒരിക്കലും മാപ്പ് നല്‍കാത്ത ഗാന്ധിവധത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആര്‍ എസ് എസ് ഗോഡ്‌സെക്ക് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നുപറഞ്ഞാണ് മഹാത്മാവിന്റെ ചോരക്കറപുരണ്ട കൈ മറച്ചുപടിക്കാറുള്ളത്.
കേരളം പോലുള്ള സമൂഹങ്ങളില്‍ ഗാന്ധിവധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ മാധ്യമചര്‍ച്ചകളിലും സെമിനാറുകളിലുമെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സംഘടനാതലത്തില്‍ ഗാന്ധിവധത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്നും ഗോഡ്‌സെ ആര്‍ എസ് എസ് അംഗമായിരുന്നില്ലെന്നുമാണ് നേതൃത്വം ദശകങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുടെ വാദങ്ങളെയും ആവര്‍ത്തിച്ചുള്ള നിഷേധങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് 1991 ജൂണ്‍ 5-ന് പൂനെയിലെ ഒരു പത്രസമ്മേളനത്തില്‍ ഗോപാല്‍ഗോഡ്‌സെ തന്റെ സഹോദരന്‍ നാഥുറാംഗോഡ്‌സെ ആര്‍ എസ് എസ് വളണ്ടിയര്‍ ആയിരുന്നുവെന്ന് പ്രസ്താവിച്ചത്. ഗാന്ധിയുടെ വധത്തില്‍ സംഘടന എന്ന നിലക്ക് ആര്‍ എസ് എസ് ഇടപെട്ടിട്ടില്ലായിരുന്നുവെങ്കിലും ആര്‍ എസ് എസിന്റെയും ഹിന്ദു മഹാസഭയുടെയും അറിവോടുകൂടി തന്നെയാണ് ഗാന്ധിവധം നടന്നതെന്നാണ് ഗോപാല്‍ഗോഡ്‌സെ വ്യക്തമാക്കിയത്. ഗാന്ധിവധത്തില്‍ നാഥുറാമിന്റെ കൂട്ടുപ്രതിയും ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളുമാണ് ഗോപാല്‍ ഗോഡ്‌സെ.
ആര്‍ എസ് എസിന് ലിഖിതമായ ഭരണഘടനയോ അംഗത്വസമ്പ്രദായമോ ഇല്ലല്ലോ (ഗാന്ധിവധത്തെ തുടര്‍ന്നുണ്ടായ നിരോധം നീക്കികിട്ടാന്‍ ഒരു ലിഖിത നിയമാവലി കേന്ദ്ര സര്‍ക്കാറിനവര്‍ അക്കാലത്ത് എഴുതി നല്‍കുകയുണ്ടായി). അതാത് കാലത്തെ സര്‍സംഘ്ചാലക്മാരായ മേധാവികളാല്‍ നയിക്കപ്പെടുന്ന സമഗ്രാധിപത്യ സ്വഭാവമുള്ള ഫാസിസ്റ്റ് സംഘടനാ സംവിധാനമാണ് ആര്‍ എസ് എസിന്റേത്. നാഥുറാം ഗോഡ്‌സെയുടെ ജീവിതവും ഹിന്ദുത്വ രാഷ്ട്രീയ ചരിത്രവും പരിശോധിച്ചാല്‍ ഗാന്ധി വധത്തിനുപിറകില്‍ ഹിന്ദുത്വവാദികള്‍ക്കുള്ള പങ്ക് കൃത്യമായിതന്നെ മനസ്സിലാക്കാന്‍ കഴിയും. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആചാര്യനായ സവര്‍ക്കറുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ് ഭ്രാന്തമായ മതരാഷ്ട്രവാദത്തിന്റെ പ്രചാരകനായി ഗോഡ്‌സെ വളര്‍ന്നുവന്നത്. ചിത്പവന്‍ ബ്രാഹ്മണനായ വിനായക്‌ഗോഡ്‌സെയുടെ പുത്രനായി ജനിച്ച നാഥുറാം 19-ാമത്തെ വയസ്സില്‍ അച്ഛന്റെ ജോലി സ്ഥലമായ രത്‌നഗിരിയില്‍ താമസമാരംഭിച്ചു. അന്തമാനിലെ ജയില്‍വാസത്തിനു ശേഷം വി ഡി സവര്‍ക്കര്‍ രത്‌നഗിരിയില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. സവര്‍ക്കറുമായുള്ള കൂടിക്കാഴ്ചയും സമ്പര്‍ക്കവും നാഥുറാമിന്റെ ജീവിതത്തെയാകെ മാറ്റി. അദ്ദേഹം ഹിന്ദുത്വത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന സവര്‍ക്കറില്‍ തന്റെ ഗുരുവിനെ കണ്ടെത്തി. ഇതിനിടയില്‍ നാഥുറാം സവര്‍ക്കറുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായി. അച്ഛന്റെ റിട്ടയര്‍മെന്റിനു ശേഷം ഗോഡ്‌സെ കുടുംബം സാഗഌയിലേക്ക് താമസം മാറ്റി.
ഈയൊരു ഘട്ടത്തിലാണ് ഗോഡ്‌സെ മുന്‍കൈയെടുത്ത് ഹിന്ദുസംഘാതന്‍ എന്ന സംഘടനക്ക് രൂപം നല്‍കുന്നത്. ഈ സംഘടനയുടെ ആദര്‍ശം ബ്രിട്ടീഷുകാരെയല്ല ഗാന്ധിജിയെയും മുസ്‌ലിംകളെയാണ് വെറുക്കുകയും എതിര്‍ക്കുകയും ചെയ്യേണ്ടതെന്നതായിരുന്നു. സവര്‍ക്കറുടെ ഉപദേശമനുസരിച്ചായിരുന്നു ഗോഡ്‌സെ ഇങ്ങനെയൊരു സംഘടന രൂപവത്കരിച്ചത്. 1937-ല്‍ സവര്‍ക്കര്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായതോടെ അദ്ദേഹത്തിന്റെ പര്യടനങ്ങളില്‍ ഗോഡ്‌സെ സന്തതസഹചാരിയായി. ഇതോടെ ഹിന്ദുസംഘാതന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഗോഡ്‌സെ ഹിന്ദുമഹാസഭയില്‍ സജീവമായി. 1938-ല്‍ ഹിന്ദു മഹാസഭ ഹൈദരാബാദിലേക്ക് നയിച്ച പ്രതിഷേധമാര്‍ച്ചില്‍ ആദ്യബാച്ചിന്റെ ലീഡര്‍ ഗോഡ്‌സെയായിരുന്നു. അറസ്റ്റിലായതോടെ ഒരു മാസം ജയിലില്‍ കഴിഞ്ഞു. ഹൈദരാബാദില്‍ നിന്നും ജയില്‍മോചിതനായതോടെ പൂനയിലെ ഹിന്ദുമഹാസഭയുടെ നേതാവായി.
1941-ലാണ് ഗാന്ധിവധത്തിലെ തന്റെ കൂട്ടുപ്രതിയായ നാരായണ്‍ദത്താത്രേയ ആപ്‌തേയുമായി പരിചയപ്പെടുന്നത്. നാരായണ്‍ആപ്‌തെയും ഗോഡ്‌സെയെ പോലെതന്നെ തികഞ്ഞ ഗാന്ധിവിരുദ്ധനായിരുന്നു. ഇവരെയെല്ലാം ഏകോപിപ്പിച്ച് ഗാന്ധിവധം നടപ്പാക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനം മുഴുവന്‍ ഹിന്ദുമഹാസഭയുടെയും ആര്‍ എസ് എസിന്റെയും ബുദ്ധികേന്ദ്രങ്ങളായിരുന്നു. ഗാന്ധിവധം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്തരമൊരു ദൗത്യം നിര്‍വഹിക്കാന്‍ അനുയോജ്യരായവരെ റിക്രൂട്ട് ചെയ്തുകൊണ്ട് ആര്‍ എസ് എസും ഹിന്ദുമഹാസഭയും ചേര്‍ന്ന് ഹിന്ദുരാഷ്ട്രദള്‍ രൂപവത്കരിച്ചതുതന്നെ. അതിന്റെ പേരില്‍ ആരംഭിച്ച പത്രമായ ഹിന്ദുരാഷ്ട്രദളിന് ആവശ്യമായ മൂലധനവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്തത് വി ഡി സവര്‍ക്കര്‍ തന്നെയായിരുന്നു. പൂനെയിലെ ഹിന്ദുരാഷ്ട്രദള്‍ ഓഫീസാണ് ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചത്.
ഗാന്ധിവധത്തിന്റെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ആരംഭിച്ചത് ഡല്‍ഹിയിലെ തുഗ്ലക്ക് നോര്‍ത്ത് പോലീസ്‌സ്റ്റേഷനിലാണ്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ദാലുറാമായിരുന്നു. കേസിന്റെ അനേ്വഷണചുമതല വഹിച്ചത് ജി ഡി നാഗര്‍വാല എന്ന പ്രമുഖകുറ്റാനേ്വഷണ പോലീസ് ഇന്‍സ്‌പെക്ടറായിരുന്നു. കുറ്റപത്രത്തില്‍ മൊത്തം 12 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് പേര്‍ പിടികിട്ടാപുള്ളികളായിരുന്നു. ഒന്നാം പ്രതി നാഥുറാംവിനായക്‌ഗോഡ്‌സെയും രണ്ടാം പ്രതി നാരായണദത്താത്രേയആപ്‌തേയും മൂന്നാം പ്രതി വിഷ്ണുരാമകൃഷ്ണകാര്‍ക്കറെയും നാലാം പ്രതി ദിഗംബര്‍ രാമചന്ദ്രയും അഞ്ചാം പ്രതി മദന്‍ലാല്‍ കാശ്മീരിലാല്‍പഹ്വയും ആറാം പ്രതി ശങ്കര്‍ കിസ്തയാ ബാഡ്‌ജെയും ഏഴാം പ്രതി ഗോപാല്‍ഗോഡ്‌സെയും എട്ടാം പ്രതി വി ഡി സവര്‍ക്കറും ഒമ്പതാം പ്രതി ദത്താത്രേയ സദാശിവപാര്‍ച്ചുറെയുമായിരുന്നു.
ഗാന്ധിവധക്കേസ് വിചാരണ നടത്തിയത് ചെങ്കോട്ടയിലെ പ്രതേ്യക കോടതയിലായിരുന്നു. ജി.എച്ച് ആത്മാചരണ്‍ ആയിരുന്നു ജഡ്ജി. ചീഫ് പ്രോസിക്യൂഷന്‍ ചന്ദ്രകിഷന്‍ ഡഫ്താരിയായിരുന്നു. ഗോഡ്‌സെ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കുവേണ്ടി ഹിന്ദുമഹാസഭ ഡിഫന്‍സ് കമ്മറ്റി രൂപവത്കരിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ മഹാരാഷ്ട്രാ ഘടകത്തിലെ മുതിര്‍ന്ന നേതാവായ എല്‍ ബി സോപാത്കറുടെ നേതൃത്വത്തിലായിരുന്നു ഡിഫന്‍സ് കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ എസ് എസും ഹിന്ദുമഹാസഭയും ഗാന്ധിവധം രാജ്യമെമ്പാടും മധുരം വിതരണം ചെയ്തുകൊണ്ടാണ് ആഘോഷിച്ചത്. ഗാന്ധിവധത്തിനു ശേഷം തിരുവനന്തപുരത്ത് മധുരപലഹാരം വിതരണം ചെയ്തവരെ ജനങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം ഒ എന്‍ വി കുറുപ്പ് കലാകൗമുദിയുമായുള്ള അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്നിപ്പോള്‍ ഗാന്ധിക്കു പകരം ദേശീയപുരുഷനായി ഗോഡ്‌സെയെ സ്ഥാപിക്കാനുള്ള നിന്ദ്യമായ നീക്കങ്ങളിലാണ് സംഘ്പരിവാര്‍. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 രാഷ്ട്രത്തിന്റെ വീരദിനമായി ആചരിക്കുകയാണവര്‍. നാടുനീളെ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഗാന്ധിഘാതകനെ രാഷ്ട്രപിതാവിന് പകരം സ്ഥാപിക്കാനുള്ള അത്യന്തം രോഷജനകമായ പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ സവര്‍ക്കറെ ബി ജെ പി ദേശീയപുരുഷനാക്കാനുള്ള നീക്കങ്ങള്‍ നടത്തിയതാണല്ലോ. അടല്‍ബിഹാരിവാജ്‌പേയിയുടെ ഗവണ്‍മെന്റ് അന്തമാനിലെ പോര്‍ട്ട്ബ്ലയര്‍ എയര്‍പോര്‍ട്ടിന് വീരസവര്‍ക്കര്‍ എയര്‍പോര്‍ട്ടെന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായല്ലോ.
ആര്‍ എസ് എസിനും ഹിന്ദുമഹാസഭക്കും ഗാന്ധിവധത്തിലുള്ള ധാര്‍മിക ഉത്തരവദിത്വവും അനിഷേധ്യമായ പങ്കും വ്യക്തമാക്കുന്ന അന്നത്തെ ബോംബെ സംസ്ഥാന ആഭ്യന്തരമന്ത്രി മൊറാര്‍ജിദേശായിയുടെയും കേന്ദ്രആഭ്യന്തരമന്ത്രി സര്‍ദാര്‍വല്ലഭ്ഭായ്പട്ടേലിലിന്റെയും കത്തുകളും പ്രസ്താവനകളും നിരവധിയാണ്. ഹിന്ദുമഹാസഭാ നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിക്ക് വല്ലഭ്ഭായ് പട്ടേല്‍ നല്‍കിയ മറുപടിക്കത്തിലെ വരികള്‍ നോക്കൂ;
“ഗാന്ധിവധത്തിലേക്ക് നയിച്ച ഗൂഢാലോചനയില്‍ സംഘടനാതലത്തില്‍ ഹിന്ദുമഹാസഭക്ക് പങ്കുണ്ടായിരുന്നില്ല എന്ന കാര്യത്തില്‍ താങ്കളോടൊപ്പം ഞാനും യോജിക്കുന്നു. അതേ അവസരത്തില്‍ മഹാസഭാ അംഗങ്ങള്‍ അനവധി പേര്‍, ദുരന്തത്തില്‍ അമിതമായ അഹങ്കാരത്തോടെ ആഹ്ലാദാവേശം പ്രദര്‍ശിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തതിനുനേരെ നമുക്ക് കണ്ണടക്കാന്‍ കഴിയുകയില്ല. വിശ്വസനീയങ്ങളായ വിവരങ്ങള്‍ ഇത്തരത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ഞങ്ങള്‍ക്കു കിട്ടിയിട്ടുണ്ട്. മഹന്ത്ദിഗ്‌വിജയനാഥ്, പ്രൊഫ. രാംസിംഹ്, ദേശ്പാണ്‍ഡെ തുടങ്ങിയ നിരവധി മഹാസഭാ വക്താക്കള്‍ അടുത്തകാലംവരെ സമരോത്സുകമായ വര്‍ഗീയവാദം പ്രചരിപ്പിച്ചുനടന്നിരുന്നു. അത് പൊതുജീവിതത്തിനും സുരക്ഷക്കും ഹാനികരമാണെന്നു കണക്കാക്കണം. ഇത് ആര്‍ എസ് എസിനും ബാധകമാണ്. സൈനികമോ അര്‍ധസൈനികമോ ആയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യസംഘടനയാണ് അതെന്ന അധികമായ ആപത്തുകൂടിയുണ്ട്.”
1964 നവംബര്‍ 12-ന് ഗാന്ധിവധക്കേസില്‍ ജീവപര്യന്തം ശിക്ഷകഴിഞ്ഞ് ജയില്‍മോചിതരായ വിഷ്ണു കാല്‍ക്കറെ, മദന്‍ലാല്‍പഹ്വ എന്നിവര്‍ക്ക് പൂനെയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണയോഗം സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുടെ വേദിയായി. സ്വീകരണയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തിയ ബാലഗംഗാധര തിലകന്റെ പേരക്കുട്ടി ജി പി കേത്കര്‍ ഗാന്ധിവധിക്കപ്പെടുമെന്ന് നേരെത്തെതന്നെ ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി. ഹിന്ദു ജനതയുടെയും ഹിന്ദുരാഷ്ട്രത്തിന്റെയും താത്പര്യമായിരുന്നു ഗാന്ധിയുടെ വധമെന്നും ആ കൃത്യം നിര്‍വഹിച്ചവര്‍ ദേശീയപുരുഷന്മാരുമാണെന്നാണ് കേത്കര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.
ജി പി കേത്കര്‍ ആര്‍ എസ് എസന്റെ രൂപവത്കരണത്തിന് ആശയപരിസരം ഒരുക്കിയ കേസരി ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ എഡിറ്ററായിരുന്നു. കേസരിയിലാണ് മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും ഫാസിസ്റ്റ് സംഘടനകളെ പരിചയപ്പെടുത്തിയും പുകഴ്തിയും ലേഖനങ്ങളും റിപ്പോര്‍ട്ടുകളും വന്നത്. ആര്‍ എസ് എസ് രൂപവത്കരണത്തിന്റെ ബുദ്ധികേന്ദ്രമായ ഡോ.മുഞ്‌ജേയെ പോലുള്ളവര്‍ ഈ പത്രത്തിലെ സ്ഥിരം എഴുത്തുകാരായിരുന്നു. ഈയൊരു വെളിപ്പെടുത്തലോടെയാണ് ഗാന്ധിവധത്തെക്കുറിച്ച് പുനരനേ്വഷണം വേണമെന്നാവശ്യം ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാറില്‍ വലിയ സമ്മര്‍ദം ദേശീയതലത്തില്‍ ഉണ്ടായതോടെയാണ് ജസ്റ്റിസ് ജീവന്‍ലാല്‍കപൂറിനെ കമ്മീഷനായി നിയമിക്കുന്നത്. കപൂര്‍കമ്മീഷന്‍ ആര്‍ എസ് എസിന്റെയും ഹിന്ദുമഹാസഭയുടെയും ആസൂത്രിതമായ നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനും തടയുന്നതിനും ഭരണകൂടം പരാജയപ്പെട്ടത് മൂലമാണ് രാജ്യത്തിന് ഏറ്റവും വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെട്ടതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. എല്ലാ അനേ്വഷണങ്ങളും ഗാന്ധിവധത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായ ഹിന്ദുമഹാസഭയുടെയും ആര്‍ എസിന്റെയും പങ്കിനെ സൂചിപ്പിക്കുന്നുണ്ട്. ഗോഡ്‌സെ ആര്‍ എസ് എസ് ആയിരുന്നുവെന്നും ഗാന്ധിവധത്തിന് പരിസരമൊരുക്കിയത് സംഘ്പരിവാര്‍ സംഘടനകളായിരുന്നുവെന്നതും അനിഷേധ്യമായ ചരിത്രവസ്തുതയാണ്.