Connect with us

National

ആവശ്യം റേഷന്‍ മുതല്‍ റബ്ബര്‍ വരെ; കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

Published

|

Last Updated

തിരുവനന്തപുരം: നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ ഏറെയുണ്ടാകുമെന്ന് കരുതുന്ന കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം. സഹകരണ മേഖലയോട് കേന്ദ്രം കാണിച്ച അവഗണനയെ ചൊല്ലി കേരളവും കേന്ദ്രവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയെങ്കിലും ബജറ്റില്‍ ഈ അവഗണനയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതും മുറിവുണക്കുന്നതിന്റെ ഭാഗമായിരുന്നു. ബജറ്റിലൂടെ കേരളം ആഗ്രഹിക്കുന്ന പദ്ധതികളും മറ്റ് ആവശ്യങ്ങളും നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ജി എസ് ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയപ്പോള്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ബജറ്റ് നിര്‍ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
റെയില്‍വേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഇല്ലാത്തതിനാല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ എത്രത്തോളം ഉണ്ടാകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
സംസ്ഥാനത്തിന് കൂടുതല്‍ വായ്പയെടുക്കാന്‍ പൊതുബജറ്റില്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് ധനമന്ത്രി ഐസക് പ്രധാനമായി ഉന്നയിച്ചത്. എയിംസ് ഉള്‍പ്പെടെയുള്ള മുന്‍ ആവശ്യങ്ങളില്‍ ചിലതെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്. നോട്ട് റദ്ദാക്കല്‍ സംസ്ഥാനത്തിന്റെ വരുമാനത്തിന്‍ സൃഷ്ടിച്ച ഇടിവ് മറികടക്കാനുള്ള സഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 18,500 കോടി രൂപയാണ് സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി. ഇത് ഒരു ശതമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്ത് നല്‍കിയത്.
തൊഴിലുറപ്പ് പദ്ധതിക്കായി ഇരട്ടിത്തുക അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം. സംസ്ഥാനത്ത് കിട്ടുന്ന പണം കൊണ്ട് 45 ദിവസം വരെ തൊഴില്‍ നല്‍കാനേ സാധിക്കുന്നുള്ളു. വരാനിരിക്കുന്ന വരള്‍ച്ച പരിഗണിച്ചുള്ള കാര്‍ഷിക കടാശ്വാസ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതത്തിലെ വര്‍ധന, എയിംസ്, റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന് സഹായം, അഗ്രോപാര്‍ക്കുകള്‍ക്ക് ധനസഹായം, ദേശീയപാത 66ന്റെ വികസനം, സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും സഹായം, സംസ്ഥാനത്തിന്റെ വന്‍കിട പദ്ധതികള്‍ക്കുള്ള സഹായം, കൊച്ചി- പാലക്കാട് വ്യവസായ ഇടനാഴിക്ക് സഹായം തുടങ്ങിയവയും കേരളം ആവശ്യപ്പെടുന്നു. കുട്ടനാട് പാക്കേജിനുള്ള കേന്ദ്രവിഹിതം നല്‍കുക, റബ്ബറിനെ മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തുക, എസി ബസുകള്‍ക്ക് ചുമത്തിയ സേവന നികുതിയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസുകളെ ഒഴിവാക്കുക എന്നിവയും കേരളത്തിന്റെ പ്രധാന ആവശ്യങ്ങളാണ്.
റേഷന്‍ നല്‍കാനുള്ള ഭക്ഷ്യധാന്യ വിഹിതത്തിലെ കുറവ് പരിഹരിക്കണമെന്നും മുന്‍ഗണനാപട്ടിക വന്നപ്പോള്‍ പുറത്തായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കേരളം ആവശ്യപ്പെടുന്നു. തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ ഫൈന്‍ ആര്‍ട്‌സ് കോളജുകളുടെ പുനരുദ്ധാരണത്തിന് കേന്ദ്രസഹായം തേടി 886 കോടി രൂപയുടെ പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്.
റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്നതിനാല്‍ പുതിയ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. സബര്‍ബന്‍ റെയില്‍വേ, നിലമ്പൂര്‍- നഞ്ചന്‍കോട് പാത, ശബരി റെയില്‍ പദ്ധതി, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കുള്ള ധനസഹായം, നിലവിലുള്ള റെയില്‍പാതകളില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് ഏര്‍പ്പെടുത്തല്‍ തുടങ്ങി കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങളേറെയാണ്.

Latest