ട്രംപിനെ തിരുത്തി കോടതി

Posted on: January 30, 2017 9:08 am | Last updated: January 30, 2017 at 9:08 am

ന്യൂയോര്‍ക്ക്: കുടിയേറ്റവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നീതിന്യായ സംവിധാനത്തില്‍ നിന്ന് തിരിച്ചടി. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയും അഭയാര്‍ഥികളെയും യു എസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന ട്രംപിന്റെ ഉത്തരവിന് പിന്നാലെ അമേരിക്കയിലെത്തിയവരെ തിരിച്ചയക്കരുതെന്ന് യു എസ് കോടതി.
അഭയാര്‍ഥികളെയും മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരെയും യു എസില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയ ഉത്തരവ് ചോദ്യം ചെയ്ത് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ (എ സി എല്‍ യു) സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ആശ്വാസം.
ട്രംപിന്റെ ഉത്തരവിന് പിന്നാലെ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറ് മുതല്‍ ഇരുനൂറ് വരെ ആളുകളെയാണ് യു എസിലെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞത്. ഇവരുടെ വിസ നിയമവിധേയമാണെന്ന് കോടതി വ്യക്തമാക്കി. ഫെഡറല്‍ ജഡ്ജി ആന്‍ ഡൊണല്ലിയാണ് അംഗീകൃത അഭയാര്‍ഥി അപേക്ഷകളുമായും നിയമവിധേയമായ വിസയുമായും വരുന്നവരെ തടയരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ട്രംപ് ഒപ്പുവെച്ച ഉത്തരവിന്റെ ഭരണഘടനാ സാധുതയല്ല പരിശോധിച്ചതെന്നും കോടതി വ്യക്തമാക്കി.
അഭയാര്‍ഥികളെ യു എസില്‍ പ്രവേശിപ്പിക്കുന്നതിന് നാല് മാസത്തെ വിലക്കേര്‍പ്പെടുത്തുകയും സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു എസില്‍ പ്രവേശിപ്പിക്കുന്നതിന് തൊണ്ണൂറ് ദിവസത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന വിവാദ ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് ട്രംപ് ഒപ്പുവെച്ചത്. അഭയാര്‍ഥികള്‍ യു എസില്‍ പ്രവേശിക്കുന്നതിന് 120 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ യു എസില്‍ പ്രവേശിപ്പിക്കുന്നത് ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ തടയാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ഉത്തരവില്‍ ഒപ്പുവെച്ചതിനു പിന്നാലെ യാത്രാ വിലക്കിനുള്ള നടപടികള്‍ യു എസ് അധികൃതര്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ വിമാനത്താവളങ്ങളിലെത്തിയ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെ തടയുകയും ചെയ്തു. കുടിയേറ്റവിരുദ്ധ നയത്തിനെതിരെ ആയിരക്കണക്കിന് ആളുകള്‍ യു എസ് വിമാനത്താവളങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, വിസയുമായി ഇറാനില്‍ എത്തുന്ന അമേരിക്കന്‍ പൗരന്മാരെ സ്വാഗതം ചെയ്യുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍, അമേരിക്കന്‍ പൗരന്മാര്‍ ഇറാനില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ശിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദര്‍ ആവശ്യപ്പെട്ടു. രാജ്യത്തുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കരുതെന്ന ആവശ്യവുമായി ഇറാഖിലെ ശിയാ അര്‍ധ സൈനിക വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
ട്രംപിന്റെ വംശീയ തീരുമാനത്തിനെതിരെ ലോകത്താകെ പ്രതിഷേധം അലയടിക്കുമ്പോള്‍ കാനഡയുടെ നിലപാട് ആഗോള ശ്രദ്ധ നേടി. ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഏത് മതവിശ്വാസിയാണെങ്കിലും വ്യത്യസ്തതയാണ് തങ്ങളുടെ രാജ്യത്തിന്റെ ശക്തിയെന്നും ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.