ഇന്ത്യയും യു എ ഇയും ഒപ്പിട്ടത് 14 കരാറുകളില്‍

Posted on: January 28, 2017 4:09 pm | Last updated: January 28, 2017 at 4:09 pm
SHARE

അബുദാബി: ഊര്‍ജം, മനുഷ്യക്കടത്ത് തടയല്‍, സൈബര്‍ സുരക്ഷ, സമുദ്രഗതാഗതം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യു എ ഇയും സഹകരണം ശക്തമാക്കും. പ്രതിരോധവും സുരക്ഷയും അടക്കമുള്ള മേഖലകളില്‍ സമഗ്ര പങ്കാളിത്തം ഉറപ്പാക്കി ഇന്ത്യയും യുഎഇയും 14 കരാറുകളില്‍ ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുശേഷമാണു കരാറുകള്‍ ഒപ്പിട്ടത്.
റിപ്ലബ്ലിക്ക് ദിനത്തില്‍ രാവിലെ ശൈഖ് മുഹമ്മദിന് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരണം നല്‍കി. യു എ ഇ, ഇന്ത്യന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട് സന്ദര്‍ശിച്ചശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പ്രധാനമന്ത്രിയുമായി ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച നടത്തി.

യു എ ഇ, ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കാളിയാണെന്നും ഊര്‍ജം, വാണിജ്യം ഉള്‍പെടെയുള്ള മേഖലകളില്‍ കൂടുതല്‍ സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. അറബ് വികസന മാതൃകയെ പ്രതിനിധീകരിക്കുന്ന യു എ ഇയും വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുമായുള്ള സഹകരണം മധ്യപൂര്‍വദേശത്തും ഏഷ്യന്‍ ഭൂഖണ്ഡത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ സഹായിക്കുമെന്നു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ വിരുന്നിലും അദ്ദേഹം പങ്കെടുത്തു. മന്ത്രിമാരും ലുലു ഗ്രൂപ്പ് മേധാവി എം എ യൂസുഫലി ഉള്‍പെടെയുള്ളവരും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here