രണ്ട് സമൂഹങ്ങള്‍ ആശ്ലേഷത്തിന്റെ പുതുവഴികളില്‍

Posted on: January 28, 2017 4:25 pm | Last updated: July 10, 2017 at 5:06 pm
SHARE

പുതുവര്‍ഷം ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നു. മാതൃദേശവും ഗള്‍ഫ് രാജ്യങ്ങളും തമ്മിലെ ബന്ധം ഉന്നതങ്ങളിലേക്ക് കുതിക്കുകയാണ്. അതിന്റെ ഗുണം വര്‍ഷങ്ങളായി ഗള്‍ഫില്‍ ജീവിതോപാധി നേടിക്കഴിയുന്ന അനേകലക്ഷം ഇന്ത്യക്കാര്‍ക്ക് ലഭ്യമാകാന്‍ പോവുകയാണ്. തൊഴിലന്വേഷിക്കുന്ന പതിനായിരങ്ങള്‍ക്ക് അവസരങ്ങള്‍ തുറക്കുകയാണ്.

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥിയായി എത്തിയപ്പോള്‍ ഇന്ത്യാ-യു എ ഇ ബന്ധം മാത്രമല്ല ഗുണപരമായ കുതിപ്പിന് വിധേയമായത്. മധ്യപൗരസ്ത്യ ദേശവും ഇന്ത്യയും പാരസ്പര്യത്തില്‍ ലോകത്തിന് മാതൃകയായിരിക്കുന്നു. രണ്ട് മേഖലകളിലെ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് വരെ സൗഹൃദം ആഴ്ന്നിറങ്ങുന്നു. വാണിജ്യകൊള്ളക്കൊടുക്ക ഒഴുകിപ്പരക്കുമ്പോള്‍ സാഹോദര്യത്തിന്റെ പുതുചരിത്രം പൂത്തുവിടരുന്നു.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും സ്വാഭാവിക സുഹൃത്തുക്കളാണ്. പ്രകൃതി അങ്ങനെയാണ് ഇരുമേഖലകളെ വിന്യസിച്ചിരിക്കുന്നത്. പണ്ട് കാലത്ത്, ഇന്ത്യയിലേക്ക് പായ്ക്കപ്പലുകളില്‍ അറബ് സമൂഹം ഇടതടവില്ലാതെ യാത്ര ചെയ്തിരുന്നു. യു എ ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍, പലവ്യഞ്ജനങ്ങള്‍ക്ക് ഇന്ത്യയെ, വിശേഷിച്ച് കേരളത്തെ ആശ്രയിച്ചു. ഒരു കടലിനപ്പുറവും ഇപ്പുറവുമുള്ള പ്രദേശങ്ങളായതിനാല്‍, ആ യാത്രകള്‍ സാംസ്‌കാരിക ഇഴയടുപ്പത്തിനും കാരണമായി. ചിലര്‍, ദക്ഷിണേന്ത്യയില്‍നിന്ന് ഇണയെ കണ്ടെത്തുകപോലും ചെയ്തു. കുറഞ്ഞത്, 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ വാണിജ്യബന്ധം പല കൈവഴികളിലൂടെ യാത്ര ചെയ്തു.
ബ്രിട്ടീഷുകാര്‍ ലോകം കീഴടക്കിയപ്പോഴും ഇരുമേഖലകളിലെയും സമൂഹങ്ങള്‍ ബന്ധം കൈവിട്ടില്ല. ഒരുവേള, പാശ്ചാത്യ അധിനിവേശങ്ങള്‍ക്കെതിരെ രണ്ട് സമൂഹവും കൈകോര്‍ത്തു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള നീക്കത്തില്‍ സാമൂതിരി രാജാവിന് തുണയായത് അറബ് സമൂഹം. ഗള്‍ഫ് മേഖല വിനിമയത്തിന് ഉപയോഗിച്ചത് ഇന്ത്യന്‍ നാണയങ്ങള്‍.
അറേബ്യന്‍ മേഖലയില്‍ എണ്ണ കണ്ടെത്തിയതോടെ, പാശ്ചാത്യലോകം പരസ്യമായും രഹസ്യമായും മേഖലയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. മേഖലയുടെ സുരക്ഷയെ കരുതി സഊദി അറേബ്യന്‍ ഭരണാധികാരികള്‍ രാജ്യാന്തര സൗഹൃദങ്ങളില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി. പ്രതിരോധ സന്നാഹനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയിച്ചത് പാശ്ചാത്യ രാജ്യങ്ങളെ.

കാലം രണ്ടുതരത്തില്‍ മാറി. ഗള്‍ഫില്‍ എണ്ണ കണ്ടെത്തിയതോടെ, ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളില്‍ നിന്ന് തൊഴിലന്വേഷകര്‍ ധാരാളമായി എത്തിത്തുടങ്ങി. കേരളീയരെ സംബന്ധിച്ചിടത്തോളം, യാത്രാപഥം എതിര്‍ദിശയിലായി. പായ്ക്കപ്പലുകളില്‍ ആളുകള്‍ ഗള്‍ഫ് തീരങ്ങള്‍ തേടി. മുമ്പ് ആതിഥേയരായവര്‍ അതിഥികളായി. എണ്‍പതുകളില്‍ ലക്ഷക്കണക്കിനാളുകളാണ് യു എ ഇയിലേക്കെത്തിയത്. അവരുടെ കൂട്ടത്തില്‍, ഇന്ന് ഇന്ത്യ ഗള്‍ഫ് ബന്ധം ശക്തിപ്പെടാന്‍ പരിശ്രമിക്കുന്ന എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍, രവി പിള്ള തുടങ്ങിയവരുമുണ്ട്. ചരിത്രവും അവരും വന്ന വഴി മറക്കുന്നില്ല.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ യു എ ഇയുടെ പങ്കാളിത്തം, സൗഹൃദത്തിന്റെ ബലവത്തും വിശാലവുമായ പുതിയ പാലം നിര്‍മിച്ചിരിക്കുന്നു. ആര്‍ക്കും യഥേഷ്ടം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാമെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. രണ്ട് സമൂഹങ്ങള്‍ കൈകോര്‍ത്തുപിടിച്ച് മാനവികതയുടെ ഒരേ ദിശയിലേക്കുമാകാം.
ഇതിന് അടിത്തറ പാകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയയെ അഭിനന്ദിക്കണം. യാതൊരു മുന്‍വിധിയുമില്ലാതെ കഴിഞ്ഞ വര്‍ഷം യു എ ഇയിലെത്തി. ജനറല്‍ ശൈഖ് മുഹമ്മദും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും നരേന്ദ്രമോദിയെ ഹൃദ്യമായി സ്വീകരിച്ചു.
ലോകത്തെ ഏറ്റവും ശക്തമായ ആറാമത്തെ രാജ്യമാണ് ഇന്ത്യ. ആ നിലയില്‍ മധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വത്തില്‍ നിര്‍ണായ പങ്ക് വഹിക്കാന്‍ തയ്യാറാണെന്ന് നരേന്ദ്രമോദി ഗള്‍ഫ് ഭരണകൂടങ്ങളെ അറിയിച്ചു. ഇത്തവണ, ഡല്‍ഹിയില്‍ ഒരു പടികൂടി കടന്ന് യു എ ഇയുമായി 14 നിര്‍ണായക കാരാറുകളില്‍ ഒപ്പുവെച്ചു. ഊര്‍ജം, മനുഷ്യക്കടത്ത് തടയല്‍, സമുദ്ര ഗതാഗതം, കൃഷി, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ രംഗങ്ങളിലേക്ക് ബന്ധം പടര്‍ന്നു കയറുകയാണ്. ഈ പാരസ്പര്യം ലോകത്തിന് കനത്ത സന്ദേശമാണെന്ന് ജനറല്‍ ശൈഖ് മുഹമ്മദും നരേന്ദ്രമോദിയും ചൂണ്ടിക്കാട്ടി. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സംയുക്ത സൈനിക പരിശീലനം വര്‍ധിപ്പിക്കും. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ യു എ ഇ നിക്ഷേപമിറക്കും.
സാധാരണ ഇന്ത്യക്കാര്‍ക്കും ആശ നല്‍കുന്ന ബന്ധമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇന്ത്യക്കാരുടെ കാര്യത്തില്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ കുറച്ചുകൂടി ശ്രദ്ധ നല്‍കുന്ന നാളുകളാണ് വരാന്‍ പോകുന്നത്. ഇവിടെയുള്ളവര്‍ക്ക് പഴയ അന്യതാബോധം ഇനി വേണ്ട.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വം ലോകസമൂഹത്തില്‍ ഉയര്‍ത്തിവിട്ട, സംശയത്തിന്റെയും ആശങ്കയുടെയും പൊടിപടലം തുടച്ചുകളയാന്‍ ഇന്ത്യ-ഗള്‍ഫ് ആശ്ലേഷത്തിന് കഴിയും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു അവസ്ഥ സംജാതമാക്കിയ ഇന്ത്യ-യു എ ഇ ഭരണാധികാരികളെ അഭിനന്ദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here