Connect with us

Gulf

നീതിന്യായ വ്യവസ്ഥയില്‍ യുഎഇ ഒന്നാമത്; ആഗോളതലത്തില്‍ ഏഴാം സ്ഥാനം

Published

|

Last Updated

ദുബൈ: നീതിന്യായ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പില്‍ യു എ ഇ ഒന്നാം സ്ഥാനത്ത്. അറബ് മേഖലയിലും ലോകത്തെ മറ്റ് 25 രാജ്യങ്ങള്‍ക്കുമിടയിലെ നീതിന്യായ വ്യവസ്ഥിതികളില്‍ യു എ ഇ ഏറെ മുന്നിലാണ്. നാഷണല്‍ അജണ്ട ഇന്‍ഡക്‌സ് പുറത്തുവിട്ട റിപ്പോട്ടിലാണ് ഈ സ്ഥിതിവിവര കണക്കുള്ളത്. വേള്‍ഡ് ബേങ്കിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. കുറഞ്ഞ സമയ പരിധിക്കുള്ളില്‍ മികച്ച ജുഡീഷ്യറി സൗകര്യം ഉറപ്പ് വരുത്തുക, പര്യാപ്തവും കാര്യക്ഷമവുമായ നീതി വ്യവസ്ഥകളുടെ ഗുണഫലം രാജ്യത്തെ എല്ലാ ജനങ്ങളിലും എത്തിക്കുക തുടങ്ങിയവയാണ് യു എ ഇയുടെ പ്രത്യേകതകളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വേള്‍ഡ് ഇകണോമിക് ഫോറം പുറത്തു വിട്ട കണക്കു പ്രകാരം അറബ് ലോകത്തു യു എ ഇക്കു ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ ഏഴാം സ്ഥാനവും ഉണ്ട്. ക്രമസമാധാന പാലനത്തില്‍ യു എ ഇയുടെ പോലീസ് സംവിധാനവും മികച്ചതാണെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് മികച്ച സുരക്ഷയും ഉന്നത ജീവിത നിലവാരവും ഉറപ്പ് വരുത്തുന്നതിന് പോലീസ് സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കരുത്തു പകരുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യു എഇയില്‍ വാഹനാപകട മരണങ്ങളില്‍ കുറവ് വരുത്തുവാന്‍ ഭരണാധികാരികളുടെ ധിഷണാപരമായ ഇടപെടല്‍ മൂലം കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2014 ഇല്‍ ഒരു ലക്ഷം പേരില്‍ 6.31 ശതമാനം പേരും അപകടങ്ങള്‍ മൂലം മരണപ്പെട്ടിരുന്നുവെങ്കില്‍ 2015ല്‍ മരണതോത് 5.99 ശതമാനമായി കുറക്കുവാന്‍ കഴിഞ്ഞു. ഗതാഗത സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശാക്തീകരിച്ചതിന്റെ പ്രതിഫലനമാണ് ജനങ്ങളുടെ ജീവന് മികച്ച സുരക്ഷാ ഒരുക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രാജ്യത്തു മികച്ച സുരക്ഷ ഒരുക്കുന്നതിന് സ്വദേശികള്‍ക്കിടയിലും രാജ്യത്തെ താമസക്കാര്‍ക്കിടയിലും സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വിവിധ സര്‍വേകള്‍ നടത്തിയിരുന്നു. ഉയര്‍ന്ന സുരക്ഷയും മികച്ച ഗതാഗത സംവിധാനവും ഒരുക്കുന്നതോടൊപ്പം ഉന്നതമായ പോലീസ് സംവിധാനവും ശക്തിപ്പെടുത്തി ക്രമസമാധാന നില കൈവരിക്കുന്നതിനും രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും യു എ ഇ വിഷന്‍ 2021 ന്റെ ഭാഗമായി കൈകൊണ്ട നടപടികളാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മികവിനും പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതിനും കാരണമൊരുക്കിയത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശ്ദിന്റെ ദീര്‍ഘവീക്ഷണ ഫലമാണ് യു എ ഇ നാഷണല്‍ അജണ്ട.

 

---- facebook comment plugin here -----

Latest