ദേശസ്‌നേഹം അലയടിച്ചു; റിപ്പബ്ലിക് ദിനം പ്രൗഢമായി

Posted on: January 28, 2017 4:02 pm | Last updated: January 28, 2017 at 4:02 pm
അബുദാബി ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷം

ദുബൈ: ഗള്‍ഫില്‍ പ്രൗഢഗംഭീര പരിപാടികളോടെ പ്രവാസികള്‍ ഇന്ത്യയുടെ 68-ാം റിപ്പബ്ലിക് ദിനമാഘോഷിച്ചു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ നടന്നു. ഇന്ത്യന്‍ വിദ്യാലയങ്ങളും പ്രവാസി സംഘടനകളും ആഘോഷം നടത്തി.

അബുദാബി ഇന്ത്യന്‍ എംബസിയില്‍ ആഘോഷം പ്രൗഢമായി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ദേശീയ പതാകയുയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, കല്‍ബ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ നടന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റു പ്രൊഫഷനലുകള്‍, തൊഴിലാളികള്‍ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഗള്‍ഫിലെ മറ്റെല്ലാ എംബസി, കോണ്‍സുലേറ്റുകളിലും സ്ഥാനപതിമാരും കോണ്‍സല്‍ ജനറലുമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം സ്ഥാനപതിമാരും കോണ്‍സുല്‍ ജനറലുമാരും തങ്ങളുടെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ്. അതിന് കോട്ടമുണ്ടാക്കുന്ന യാതൊന്നും അനുവദിക്കില്ല. ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ അഭിനന്ദിച്ചു

ഫുജൈറ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഘോഷത്തില്‍ ദുബൈ ഇന്ത്യന്‍ കേണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ ലേബര്‍ എന്‍ കെ നിര്‍വാന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് വേദ മൂര്‍ത്തി, ഉപദേശകന്‍ പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് കെ മാതായ്, കോണ്‍സുലര്‍ സെക്രട്ടറി അശോക് മോഹന്‍ദാസ് സംസാരിച്ചു.
റാസ് അല്‍ ഖൈമ: ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ നടന്ന ആഘോഷത്തില്‍ പ്രസിഡന്റ് ഡോ. നിഷാം ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി അഡ്വ. നജുമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് ജേക്കബ് റിപ്പബ്ലിക്ക്ദിന സന്ദേശം നല്‍കി. പ്രവാസി ഫോറത്തിന്റെ മധുരം വിതരണവുമുണ്ടായിരുന്നു.

റാസ് അല്‍ ഖൈമയിലെ എല്ലാ ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളും സ്ഥാപന മേധാവികളും വ്യാപാര പ്രമുഖരും തൊഴിലാളികളും അധ്യാപകരും പങ്കെടുത്തു. വിവിധ സംഘടന ഭാരവാഹികളായ ഡോ. ഡൊമിനിക്, എ എം എം നൂറുദ്ദീന്‍, എ കെ സേതുനാഥ്, ഡേ. അരവിന്ദാക്ഷന്‍, പ്രസാദ് ശ്രീധരന്‍, വിനോദ് അല്‍ മഹാ, ഡോ. സുരേഷ്, അബ്ദുല്‍ സലാം, ഡോ. പ്രേം കുര്യാക്കോസ്, സുമേഷ് മഠത്തില്‍, പദ്മരാജ്, നാസര്‍ പെരുമ്പിലാവ്, സുരേഷ് നായര്‍, നാസര്‍ ചേതന, സകീര്‍, ശ്രീകുമാര്‍ അമ്പലപ്പുഴ, കെ രാജീവ് ബറോഡ ബേങ്ക്, ഇര്‍ഷാദ് മലബാര്‍ ഗോള്‍ഡ്, രഘു നന്ദന്‍, അനൂപ്, ജെ ആര്‍ സി ബാബു, അറാഫാത്ത് സംസാരിച്ചു. ട്രഷറര്‍ ഡോ. മാത്യു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മുസഫ്ഫ: രാജ്യത്തിന്റെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം വര്‍ണാഭമായ കലാപരിപാടികളോടെ മോഡല്‍ സ്‌കൂളില്‍ ആഘോഷിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ ഇന്ത്യന്‍ എംബസിയിലും മോഡല്‍ സ്‌കൂളിന്റെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചു. രാജ്യത്തിന്റെ ഐക്യവും ശാന്തിയും സമൃദ്ധിയും നിലനിര്‍ത്തേണ്ട ചുമതല ഓരോ ഇന്ത്യക്കാരനിലും നിക്ഷിപ്തമായ കടമയാണെന്ന് കുട്ടികളെ ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ദേശീയ ബോധവും രാജ്യസ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ എല്ലാ വര്‍ഷവും മാനേജ്‌മെന്റിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളെയും ഉള്‍പെടുത്തി ദേശഭക്തിഗാന മത്സരം മോഡല്‍ സ്‌കൂള്‍ നടത്തി വരുന്നു.

കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ക്ലബ്ബില്‍ പ്രസിഡന്റ് കെ സി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ സമദ് സ്വാഗതം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരന്‍, ജോയിന്റ് സെക്രട്ടറി ടി പി മോഹന്‍ദാസ്, ട്രഷറര്‍ ആന്റണി സി എക്‌സ്, കെ സുബൈര്‍, മുജീബ് കക്കട്ടില്‍, അജ്മല്‍ എന്‍ കെ, അബ്ദുല്‍ കലാം, വി അഷ്‌റഫ്, ബാബു ഗോപി, നിസാര്‍ അഹ്മദ്, ഷൈല സവാദ്, ജയശ്രീ മോഹന്‍ദാസ്, സീമ, റസിയ സൈനുദ്ദീന്‍, അനിത ജോണ്‍സണ്‍ നേതൃത്വം നല്‍കി.

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു.