ട്രംപുമായുള്ള ചര്‍ച്ച മെക്‌സിക്കന്‍ പ്രസിഡന്റ് റദ്ദാക്കി

Posted on: January 28, 2017 2:57 pm | Last updated: January 28, 2017 at 2:57 pm
SHARE

മെക്‌സിക്കൊ സിറ്റി: അതിര്‍ത്തി മതില്‍ നിര്‍മാണ തര്‍ക്കം രൂക്ഷമായിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ച മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക പെന നീറ്റൊ റദ്ദാക്കി. അടുത്ത ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് വൈറ്റ്ഹൗസിനെ അറിയിച്ചതായി പെന നീറ്റൊ ട്വിറ്ററില്‍ കുറിച്ചു. ഇരു രാജ്യങ്ങളുടെയും നന്‍മക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മെക്‌സിക്കൊയുടെ സന്നദ്ധത ആവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ചെലവ് ഏറ്റെടുക്കാന്‍ മെക്‌സിക്കൊ തയ്യാറാകുന്നില്ലെങ്കില്‍ പെന നീറ്റൊയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കുകയാണ് അഭികാമ്യമെന്ന് ട്രംപ് പറഞ്ഞതിന് പിറകെയാണ് കൂടിക്കാഴ്ച റദ്ദാക്കിയതായി പെന നീറ്റൊ അറിയിച്ചത്. മതില്‍ നിര്‍മാണത്തിനായി മെക്‌സിക്കോയെ നിര്‍ബന്ധിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നെങ്കിലും നിര്‍ദേശം മെക്‌സിക്കൊ ആവര്‍ത്തിച്ച് നിരസിച്ചിരുന്നു.

മതില്‍ നിര്‍മാണത്തിനായി പണം കണ്ടെത്താന്‍ മെകസിക്കന്‍ ഉത്പന്നങ്ങള്‍ക്കു മേല്‍ പുതുതായി 20 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 20 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നതോടെ 50 ബില്യന്‍ ഡോളറിന്റെ അധിക വരുമാനമുണ്ടാകുമെന്നും മറ്റ് 160ഓളം രാജ്യങ്ങള്‍ ഇത് ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് സീആന്‍ സ്‌പൈസര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ട്രംപിന്റെ മതില്‍ നിര്‍മാണ നീക്കത്തെ ആവര്‍ത്തിച്ച് അപലപിച്ച പെന നീറ്റൊ മതില്‍ നിര്‍മാണത്തിന് പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ട്രംപിന്റെ നീക്കത്തെ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്.