കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എകെ ആന്റണി

Posted on: January 28, 2017 2:49 pm | Last updated: January 30, 2017 at 8:57 am

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി രംഗത്ത്. നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്നും ആന്റണി ഓര്‍മപ്പെടുത്തി. കെപിസിസി വിശാല എക്‌സിക്യുട്ടിവിലാണ് എകെ ആന്റണി രൂക്ഷമായ വിമര്‍ശനം നടത്തിയത്.

മതേതര മുഖമുള്ള നേതാക്കള്‍ മാത്രം മതി പാര്‍ട്ടിയില്‍. രാത്രിയില്‍ ആര്‍എസ്എസുകാരനും പകല്‍ കോണ്‍ഗ്രസുകാരനുമായി നടക്കുന്നവരെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളെയും ആന്റണി രൂക്ഷമായി വിമര്‍ശിച്ചു. പ്രസ്താവന മാത്രം ഇറക്കാനാണ് ഇവര്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും പങ്കെടുക്കുന്നുണ്ട്.