ലോകാവസാനം കൂടുതല്‍ അടുത്തതായി ശാസ്ത്രജ്ഞര്‍

Posted on: January 28, 2017 6:41 am | Last updated: January 28, 2017 at 2:43 pm
SHARE

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളും നടപടികളും ലോകാവസാനം വേഗത്തിലാക്കുമെന്ന് ആണവ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കഴിഞ്ഞ 70 വര്‍ഷമായി ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചുവരുന്ന ആണവ ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. അന്ത്യദിനത്തിന്റെ സമയത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി നിര്‍മിച്ച മാതൃകാ ക്ലോക്കില്‍ 30 സെക്കന്‍ഡ് മുന്നോട്ടുനീക്കിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. നിരവധി കാരണങ്ങളുണ്ട് ഇതിനെങ്കിലും, ട്രംപിന്റെ ആണവായുധ സംബന്ധിയായ ക്യാമ്പയിനുകള്‍ ഇതില്‍ എടുത്തുപറയേണ്ടതാണെന്നും അവര്‍ പറയുന്നു.

പ്രസിഡന്റായി അധികാരമേറ്റ് ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ അപക്വമായ പ്രസ്താവനകള്‍ വിദഗ്ധരുമായുള്ള തുറന്ന ചര്‍ച്ചകളെ അംഗീകരിക്കുന്നതല്ലെന്നും ഇത് അന്താരാഷ്ട്ര സുരക്ഷയെ കൂടുതല്‍ മോശമാക്കുമെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.
ഈ മാസം 20ന് പ്രസിഡന്റായി അധികാരമേറ്റ അദ്ദേഹം കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. ട്രംപിന്റെ നിലപാടുകള്‍ക്ക് പുറമെ, യു എസും റഷ്യയുമായുള്ള ബന്ധം, വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണം തുടങ്ങിയവയും ശാസ്ത്രജ്ഞര്‍ കാരണങ്ങളായി നിരത്തുന്നുണ്ട്.