Connect with us

Kozhikode

കാര്യാട്ട് കുഞ്ഞമ്മദ് ഹാജി ദീനിന് വേണ്ടി സമര്‍പ്പിച്ച ജീവിതം

Published

|

Last Updated

കാര്യാട്ട് കുഞ്ഞമ്മദ് ഹാജി
ദീനിന് വേണ്ടി സമര്‍പ്പിച്ച ജീവിതം

കാരന്തൂര്‍: മര്‍കസ് ട്രഷറര്‍ കാര്യാട്ട് കുഞ്ഞമ്മദ് ഹാജി ദീനീകാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ജീവിക്കുകയും പാവങ്ങള്‍ക്ക് എന്നും അത്താണിയാകുകയും ചെയ്ത മഹാ മനുഷ്യനായിരുന്നുവെന്ന് കാരന്തൂര്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരിച്ചു.
മര്‍കസിന്റെ ആദ്യകാലത്ത് ആത്മാര്‍ഥമായി കൂടെയുണ്ടായിരുന്ന ആളായിരുന്നു കാര്യാട്ട്. അവേലത്ത് തങ്ങളുടെയും എന്റെയും കൂടെ നിരവധി സ്ഥലങ്ങളിലേക്ക് മര്‍കസിന്റെ പിരിവിനായി അദ്ദേഹം വന്നിരുന്നു. മര്‍കസ് സ്ഥാപിച്ച കാലം മുതല്‍ കമ്മറ്റി മെമ്പറായിരുന്നു. പിന്നീട് വൈസ് പ്രസിഡന്റ് ആയി. കൊടുവള്ളി അധികാരി കുഞ്ഞമ്മദ് ഹാജി വിടപറഞ്ഞപ്പോള്‍ ട്രഷറര്‍ ആയി ചുമതലയേറ്റു. മരണം വരെ മര്‍കസ് ട്രഷറര്‍ പദവിയില്‍ ഊര്‍ജസ്വലതയോടെ നിലകൊണ്ടു.
മര്‍കസിന്റെ ആരംഭം മുതല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ആത്മാര്‍ഥതയോടെയായിരുന്നു. മര്‍കസുമായി സഹകരിക്കുന്നത് കാരണം നേരത്തെ അദ്ദേഹം പ്രസിഡന്റ് ആയിരുന്ന ഒരു സ്ഥാപനത്തിലെ ആ പദവിയില്‍ നിന്ന് ഒഴിവാക്കുക വരെയുണ്ടായി. പക്ഷെ, അദ്ദേഹം സത്യത്തിന്റെ കൂടെ ഉറച്ചു നിന്നു.
സുന്നത്ത് ജമാഅതില്‍ അടിയുറച്ച വ്യക്തിത്വമായ കുഞ്ഞമ്മദാജി സ്വദേശത്തിന് അരികെയുള്ള പൈങ്ങോട്ടായി പള്ളി ജമാഅത്തെ ഇസ്ലാമിക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പള്ളി സുന്നികള്‍ക്ക് കിട്ടാന്‍ വേണ്ടി വര്‍ഷങ്ങളോളം കേസ് നടത്തി. സുന്നത്ത് ജമാഅത്തിന് വളരെയധികം മുന്‍ഗണന നല്‍കിയതിനാലാണ് മര്‍കസിന്റെ പ്രവര്‍ത്തനത്തോടൊപ്പം എന്നും അദ്ദേഹം സജീവമായി നിന്നത്. ആത്മീയ കാര്യങ്ങളിലും സൂക്ഷ്മശാലിയായിരുന്നു അദ്ദേഹം. നിത്യവും വുളൂഇല്‍ ആവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു കാര്യാട്ട്. വടകരയിലും പരിസരത്തുമെല്ലാം പഴയ കാലം മുതലേ കാര്യാട്ട് പ്രസിദ്ധനായിരുന്നു. ഗള്‍ഫ് പ്രവാസം സജീവമാകുന്നതിനു മുമ്പ് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടിയ കാലത്ത് പാവങ്ങള്‍ക്ക് ആശ്രയമായിരുന്നു അദ്ദേഹത്തിന്റെ ഭവനം. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ നീതിയുക്തമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ള മധ്യസ്ഥനായിരുന്നു.
മര്‍കസിന്റെ വൈസ് പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ വിടപറഞ്ഞു ഒരാഴ്ച തികയും മുമ്പാണ് ജീവിതത്തിലും മര്‍കസ് പ്രവര്‍ത്തങ്ങളിലും ഏറ്റവും അടുത്തു നിന്ന കാര്യാട്ട് കുഞ്ഞമ്മദാജിയും വിട്ടുപിരിഞ്ഞത്. ഇരുവരുടെയും പരലോക ജീവിതം അല്ലാഹു ശ്രേഷ്ഠകരമാക്കട്ടെ.

---- facebook comment plugin here -----

Latest